മാപുട്ടോ: മൊസാംബിക്കിൽ കഴിഞ്ഞ മാസം നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത കൗമാരക്കാരെ വെടിവെച്ച് പൊലീസ്. മുൻ വിമോചന പ്രസ്ഥാനമായ ഫ്രെലിമോയുടെ സ്ഥാനാർത്ഥിയെ വോട്ടെടുപ്പിൽ വിജയിയായി പ്രഖ്യാപിച്ചതുമുതൽ ദക്ഷിണാഫ്രിക്കൻ സംസ്ഥാനം അശാന്തമാണ്.
ഫ്രെലിമോയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡാനിയൽ ചാപ്പോ 71% വോട്ടിന് വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അദ്ദേഹത്തിൻ്റെ എതിരാളിയായ വെനാൻസിയോ മൊണ്ട്‌ലെയ്‌നാകട്ടെ 20% വോട്ടാണ് ലഭിച്ചത്.
എന്നാൽ പ്രധാന പ്രതിപക്ഷമായ റെനാമോ പാർട്ടിയിൽ നിന്ന് വേർപിരിഞ്ഞ ശേഷം സ്വതന്ത്രനായി പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച മൊണ്ട്‌ലെയ്‌ൻ , വോട്ടെടുപ്പ് കൃത്രിമമാണെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തെ എതിർത്തു. ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചു, എന്നാൽ അറസ്റ്റ് ഭയന്ന് രാജ്യം വിട്ട മോണ്ട്‌ലെയ്ൻ ഫലത്തിനെതിരെ പ്രതിഷേധിക്കാൻ സോഷ്യൽ മീഡിയ വഴി തൻ്റെ പിന്തുണക്കാരെ അണിനിരത്തി.
തുടർന്ന് നവംബർ 15 ന് രാത്രിയിൽ വലിയൊരു വിഭാഗം ആളുകൾ തെരുവിലിറങ്ങി പാത്രങ്ങളും ളും കുപ്പികളും അടിച്ചും വിസിൽ മുഴക്കിയും പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന് പിന്നാലെയും സമാനമായ പ്രതിഷേധങ്ങൾ നടന്നു.
ഈ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷമുള്ള പ്രതിഷേധത്തിനിടെ 40 ഓളം പേർ കൊല്ലപ്പെട്ടെന്നും അതിൽ കുറഞ്ഞത് 10 കുട്ടികളെങ്കിലും ഉണ്ടെന്നും ഹ്യൂമൻ റൈറ്റ്‌സ് വാച്ച് കാമ്പെയ്ൻ ഗ്രൂപ്പ് പറഞ്ഞു.
തന്റെ മരുമകൻ വായിൽ വെടിയേറ്റെന്ന് പ്രക്ഷോഭത്തിൽ പങ്കെടുത്ത കുട്ടിയുടെ അമ്മാവൻ മാധ്യമങ്ങളോട് പറഞ്ഞു. ‘അൻ്റോണിയോയ്ക്ക് വായിൽ വെടിയേറ്റു, വെടിയുണ്ട തലയുടെ പുറകിലൂടെ പോയി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിയുതിർത്തതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഞങ്ങൾ കണ്ടു. മോർച്ചറിയിൽ വെച്ച് ഞാൻ ആറ് കൊച്ചുകുട്ടികളുടെ മൃതദേഹങ്ങൾ എണ്ണി. അവർ ഞങ്ങളെയും ഞങ്ങളുടെ ഭാവി തലമുറയെയും കൊല്ലുകയാണ്,’ മാനുവൽ സാമുവൽ പറഞ്ഞു.
Content Highlight: Children shot dead after joining pot-banging protests in Mozambique