പത്മാവദിയിലെ ഗാനത്തിന് വിദ്യാര്‍ത്ഥി നൃത്തം ചെയ്തു: മധ്യപ്രദേശിലെ സ്‌കൂള്‍ കര്‍ണിസേന അടിച്ചുതകര്‍ത്തു
sangh parivar atrocity
പത്മാവദിയിലെ ഗാനത്തിന് വിദ്യാര്‍ത്ഥി നൃത്തം ചെയ്തു: മധ്യപ്രദേശിലെ സ്‌കൂള്‍ കര്‍ണിസേന അടിച്ചുതകര്‍ത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th January 2018, 10:17 am

 

രട്‌ലാം: സഞ്ജയ് ലീല ബെന്‍സാലി ചിത്രം പത്മാവദിയിലെ ഗാനത്തിന് അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ ചുവടുവെച്ചതിന്റെ പേരില്‍ മധ്യപ്രദേശിലെ സ്‌കൂള്‍ കര്‍ണിസേന അടിച്ചുതകര്‍ത്തു.

മധ്യപ്രദേശിലെ രത്‌ലാമിലെ സെന്റ് പോള്‍ സ്‌കൂളാണ് കര്‍ണിസേന ആക്രമിച്ചത്. സ്‌കൂളിലെ സാംസ്‌കാരിക പരിപാടിയ്ക്കിടെ ചില വിദ്യാര്‍ഥികള്‍ പത്മാവദിയിലെ “ഗൂമര്‍” എന്ന ഗാനത്തിന് അനുസരിച്ച് നൃത്തം ചെയ്തിരുന്നു. ഇതോടെയാണ് കര്‍ണിസേന പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് കടന്നുകയറി ആക്രമണം നടത്തിയത്.

ആക്രമണത്തില്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ക്കും ഒരു രക്ഷിതാവിനും പരുക്കേറ്റു. ഭയന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും സമീപത്തെ ഫാമില്‍ ഓടിയൊളിക്കുകയായിരുന്നു.

20ഓളം പേരാണ് സ്‌കൂളില്‍ ആക്രമണമഴിച്ചുവിട്ടതെന്ന് ഝോറ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് എം.പി.എസ് പരിഹാര്‍ പറഞ്ഞു. ഒരു വിദ്യാര്‍ഥി സ്റ്റേജില്‍ ഗൂമര്‍ ഗാനത്തിന് അനുസൃതമായി ചുവടുവെക്കവെ കര്‍ണിസേന പ്രവര്‍ത്തകര്‍ കുട്ടിയ്ക്കുനേരെ കസേരകള്‍ എറിയുകയും ഭീകാരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.

സ്‌കൂളിലെ ഫര്‍ണിച്ചറുകളും സൗണ്ട് സിസ്റ്റവും നോട്ടീസ് ബോര്‍ഡുകളും ജനലുകളുമെല്ലാം കര്‍ണി സേന പ്രവര്‍ത്തകര്‍ തകര്‍ത്തതായി സ്‌കൂള്‍ ഉടമ ദേവേന്ദ്ര മുന്നത് പറയുന്നു.

എന്നാല്‍ ആരോപണം കര്‍ണിസേന നിഷേധിച്ചു. തങ്ങള്‍ സ്‌കൂളധികൃതരെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇവര്‍ പറയുന്നത്.