| Tuesday, 18th July 2023, 11:46 am

മണിപ്പൂരിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിക്കുന്നില്ല; കലാപം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിയോട് മീരാഭായ് ചാനു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂര്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് ഒളിമ്പിക് മെഡലിസ്റ്റ് മീരാഭായ് ചാനു. നിരവധി പേരുടെ മരണത്തിന് കാരണമായ കലാപം അവസാനിപ്പിച്ച് മണിപ്പൂരിലെ സമാധാനം പുനസ്ഥാപിക്കണമെന്നും ചാനു ട്വീറ്റ് ചെയ്തു.

‘മണിപ്പൂരില്‍ മൂന്ന് മാസമായി കലാപം നടക്കുന്നു. നിരവധി പേര്‍ മരിച്ചു. നിരവധി വീടുകള്‍ കത്തിനശിച്ചു. ഇത് വരെയും അവിടെ സമാധാനം പുനസ്ഥാപിക്കപ്പെട്ടില്ല.

കലാപം കാരണം നിരവധി കായികതാരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ സാധിക്കുന്നില്ല. നിരവധി കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിക്കുന്നില്ല.

എത്രയും പെട്ടെന്ന് കലാപം അവസാനിപ്പിക്കണമെന്നും മണിപ്പൂരിലെ ജനങ്ങളെ രക്ഷിക്കണമെന്നും സമാധാനം തിരിച്ച് കൊണ്ടുവരണമെന്നും ഞാന്‍ പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും അഭ്യര്‍ത്ഥിക്കുന്നു,’ ചാനു പറഞ്ഞു.

താന്‍ മണിപ്പൂരിലല്ലെങ്കിലും എപ്പോഴും ഈ കലാപം അവസാനിക്കാത്തതിനെ കുറിച്ചാണ് ആലോചനയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘വരാന്‍ പോകുന്ന ലോക ചാമ്പ്യന്‍ഷിപ്പുകള്‍ക്കും ഏഷ്യന്‍ ഗെയിംസിനും തയ്യാറെടുക്കുന്നതിനാല്‍ ഇപ്പോള്‍ അമേരിക്കയിലാണ് താമസമെങ്കിലും എന്റെ വീട് മണിപ്പൂരാണ്. അവിടെയില്ലെങ്കിലും സംഘര്‍ഷം എപ്പോള്‍ അവസാനിക്കുമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്,’ ചാനു പറഞ്ഞു.

അതേസമയം മണിപ്പൂരില്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി വിധിയില്‍ സുപ്രീം കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമീപിച്ചിരുന്നു. ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ മണിപ്പൂര്‍ ഹൈക്കോടതിയെ വീണ്ടും സമീപിക്കാനാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ നിര്‍ദ്ദേശം നല്‍കിയത്.

ഞായറാഴ്ച മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലെ ലൈമാറ്റണ്‍ തങ്ബുഹ് ഗ്രാമത്തില്‍ ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടിരുന്നു. സായുധരായ അക്രമികള്‍ ഗ്രാമ പ്രതിരോധ സേനയെ ആക്രമിക്കുകയായിരുന്നു.

മെയ് മൂന്ന് മുതലാണ് മെയ്തി വിഭാഗവും കുക്കി വിഭാഗവും തമ്മിലുള്ള സംഘര്‍ഷം മണിപ്പൂരില്‍ ആരംഭിച്ചത്. ഇതുവരെയുള്ള സംഘര്‍ഷത്തില്‍ 160 ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

പട്ടിക വര്‍ഗ പദവിക്ക് വേണ്ടിയുള്ള മെയ്തി സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് നടത്തിയ ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് അക്രമാസക്തമായതോടെയാണ് സംസ്ഥാനത്ത് വംശീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

CONTENT HIGHLIGHTS: Children of Manipur cannot study; Meerabai Chanu asks Prime Minister to end the riots

We use cookies to give you the best possible experience. Learn more