| Friday, 22nd June 2018, 6:27 pm

മാതാപിതാക്കളില്‍ നിന്നും ട്രംപ് വേര്‍പിരിച്ച കുട്ടികളില്‍ ഇന്ത്യയില്‍ നിന്നുള്ളവരും; തടവിലുള്ളത് നൂറോളം ഇന്ത്യക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: കുടിയേറ്റക്കാര്‍ക്കെതിരെയുള്ള ഡൊണാള്‍ഡ് ട്രംപിന്റെ “സീറോ ടോളറന്‍സ്” നയത്തിന്റെ ഭാഗമായി മാതാപിതാക്കളില്‍ നിന്നും പിരിച്ച കുട്ടികളില്‍ ഇന്ത്യയില്‍ നിന്നുള്ളവരും. അനധികൃത കുടിയേറ്റം ആരോപിക്കപ്പെട്ട് നൂറോളം ഇന്ത്യക്കാരാണ് രണ്ട് കേന്ദ്രങ്ങളിലായി അമേരിക്കയില്‍ തടവിലുള്ളത്. തങ്ങളുടെയൊപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളെക്കുറിച്ചും കുട്ടികളെക്കുറിച്ചും യാതൊരു വിവരവുമില്ലെന്ന് തടവിലുള്ളവര്‍ പറയുന്നു.

തെക്കന്‍ അതിര്‍ത്തിയിലൂടെ നിയമവിരുദ്ധമായി രാജ്യത്തു പ്രവേശിച്ചതിന് തടവിലുള്ള ഇന്ത്യക്കാരില്‍ ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ളവരാണ്. ഇവരില്‍ 52 പേരെ ഒറിഗോണിലും, 45 പേരോളം അടങ്ങുന്ന മറ്റൊരു സംഘത്തെ ന്യൂ മെക്‌സിക്കോയിലുമാണ് തടവില്‍ വച്ചിരിക്കുന്നത്. ഇന്ത്യന്‍ ഗവണ്‍മെന്റിന് ഇവരുമായി ബന്ധപ്പെടാനുള്ള കോണ്‍സുലാര്‍ അനുമതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ എംബസ്സിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഒറേഗോണിലെ കേന്ദ്രം സന്ദര്‍ശിച്ചുവെന്നും, ന്യൂ മെക്‌സിക്കോയിലെ തടവുകേന്ദ്രം സന്ദര്‍ശിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും എംബസ്സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സാഹചര്യം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും എംബസ്സി അധികൃതര്‍ അറിയിച്ചു.


Also Read:രാഹുല്‍ ഗാന്ധിയെ മന്ദബുദ്ധിയെന്ന് വിളിച്ച് അധിക്ഷേപിച്ച് ബി.ജെ.പി എം.പി സരോജ് പാണ്ഡെ


തടവിലുള്ള ഇന്ത്യക്കാരില്‍ മിക്കവരും ഇംഗ്ലീഷ് സംസാരിക്കുന്നവരല്ല. പരിഭാഷകരുടെ സഹായത്തോടെയാണ് ഇവര്‍ ആശയവിനിമയം നടത്താറെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ പൗരത്വം സ്ഥിരീകരിക്കുന്നതില്‍ തടസ്സങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ടെന്ന് എംബസ്സിയോടു ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. അഭയാര്‍ത്ഥികളായി കുടിയേറാന്‍ ഇവരില്‍ പലരും പൗരത്വം തെളിയിക്കുന്ന രേഖകള്‍ നശിപ്പിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഇവരെ മോചിപ്പിക്കുന്നതില്‍ ഇന്ത്യക്ക് പരിമിതികളുണ്ടെന്നുമാണ് എംബസ്സി അധികൃതരുടെ പക്ഷം.

അതിര്‍ത്തിയിലെ സുരക്ഷ മുന്‍നിര്‍ത്തി അനധികൃത കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കാന്‍ ട്രംപ് കര്‍ശന നിയമങ്ങള്‍ കൊണ്ടുവന്നിരുന്നു. കുടിയേറ്റക്കാരുടെ കുടുംബത്തിലെ കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍പിരിച്ച് തടവിലാക്കിയിരിക്കുകയാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ ലോകമൊന്നടങ്കം അമേരിക്കന്‍ പ്രസിഡന്റിനെതിരെ തിരിഞ്ഞിരുന്നു. പ്രതിഷേധങ്ങള്‍ക്കു വഴങ്ങി കഴിഞ്ഞ ദിവസമാണ് ട്രംപ് നയത്തില്‍ അയവു വരുത്തിയത്.

We use cookies to give you the best possible experience. Learn more