കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ കഥകള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രം; പക്ഷെ ആള്‍ക്കൂട്ട ആക്രമണ ക്രൂരത കേരളത്തിലെമ്പാടും
Vigilantism
കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ കഥകള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രം; പക്ഷെ ആള്‍ക്കൂട്ട ആക്രമണ ക്രൂരത കേരളത്തിലെമ്പാടും
റെന്‍സ ഇഖ്ബാല്‍
Tuesday, 6th February 2018, 4:05 pm

നാദാപുരം നരിപ്പറ്റയില്‍ 6 മാസം പ്രായമുള്ള കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമം. കറുത്ത സ്‌കൂട്ടിയില്‍ എത്തിയ തമിഴ്നാട് സ്വദേശികള്‍ എന്ന് തോന്നിക്കുന്ന ഒരു സ്ത്രീയും പുരുഷനും സ്‌കൂട്ടിയുടെ മുന്‍വശം വില്‍പന സാധനങ്ങള്‍ വച്ചിട്ടുണ്ട്”- ഈയടിയായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അനേകം മെസ്സേജുകളില്‍ ഒന്നാണ് ഇത്.

വിഷയം കുറ്റ്യാടി പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്നതിനാല്‍ ഡൂള്‍ ന്യൂസ് കുറ്റ്യാടി സ്റ്റേഷനില്‍ അന്വേഷിച്ചു. എന്നാല്‍ ഇങ്ങനെ ഒരു സംഭവം നടന്നതായി അവരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും വാട്ട്സാപ്പിലൂടെ അനേകം നുണക്കഥകള്‍ പ്രചരിക്കുന്നതിനാല്‍ എല്ലാം വിശ്വസിക്കരുതെന്നുമാണ് കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ നിന്ന് കിട്ടിയ വിവരം.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന അന്യസംസ്ഥാന തൊഴിലാളികളും ഭിക്ഷാടകരും നാട്ടില്‍ നിറഞ്ഞിട്ടുണ്ടെന്നുള്ള സന്ദേശങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ഇതില്‍ പലതും അടിസ്ഥാനരഹിതമാണെന്ന തിരിച്ചറിവില്ലാതെയാണ് ഇത് ലഭിക്കുന്നവര്‍ കൂടുതല്‍ പേര്‍ക്ക് ഷെയര്‍ ചെയ്ത് വിടുന്നത്. സംശയത്തിന്റെ പേരില്‍ നാട്ടുകാര്‍ ഇവരെ കൈകാര്യം ചെയ്യുന്ന സംഭവങ്ങളും കുറവല്ല. നിരപരാധികളെയാണ് പലപ്പോഴും ഈ നാട്ടുകാര്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത് എന്നതൊന്നും ഇവിടെ വിഷയമല്ല.

 

വിദ്യാസമ്പന്നരായ ഒരു ജനവിഭാഗമാണ് ഈ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നത് പരിതാപകരമാണെന്ന് പൊലീസ് വിവര കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടറായ പി.എസ്. രാജശേഖരന്‍ പറയുന്നു. ” കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ ഇറങ്ങിയിരിക്കുന്നു എന്ന രീതിയിലുള്ള പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്, അത് ശരിയല്ല.”

ഈ മാസം പൊന്നാനിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്ന ആള്‍ ആണെന്ന സംശയത്തില്‍ ജനങ്ങള്‍ ഒരു വൃദ്ധനെ നഗ്നനാക്കി കെട്ടിയിട്ടു ആക്രമിച്ച സംഭവത്തിനു പിന്നിലും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ മെസ്സേജുകള്‍ ആണെന്നാണ് പൊന്നാനി പൊലീസ് സ്റ്റേഷനില്‍ നിന്ന് കിട്ടിയ വിവരം. പ്രായം പേലും മാനിക്കാതെ നാട്ടുകാര്‍ ഇയാളെ നിര്‍ദാക്ഷിണ്യം മര്‍ദ്ദിക്കുകയായിരുന്നു. പൊലീസ് വന്ന് ലാത്തി വീശിയാണ് ജനക്കൂട്ടത്തെ ഓടിച്ചത്.

പി.എസ്. രാജശേഖരന്‍ പറയുന്നത് ജനങ്ങള്‍ നേരിട്ട് നിയമം കയ്യിലെടുത്തു കഴിഞ്ഞാല്‍ അത സാമൂഹിക അരാജകത്വത്തിലേക്ക് നാടിനെ നായിക്കുമെന്നാണ്. കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ വന്നതാണെന്നോ അത്തരത്തിലുള്ള മറ്റു സംശയാസ്പദമായ സാഹരചര്യത്തിലോ ആരെയെങ്കിലും കണ്ടാല്‍ പൊലീസിനെ ബന്ധപ്പെടണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

കഴിഞ്ഞ വര്‍ഷം കൈലാഷ് സത്യാര്‍ത്ഥി കേരളത്തില്‍ വന്ന സമയത്ത് സംസ്ഥാനത്ത് 20,000 കുട്ടികളെ കാണാതായെന്ന് പറഞ്ഞിരുന്നുവെന്ന് കേരള സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് ചെയര്‍മാനായ ശോഭ കോശി പറയുന്നു. എന്നാല്‍ ഇത് തികച്ചും തെറ്റായ കണക്കുകളാണെന്നാണ് ശോഭാ കോശി പറയുന്നത്. “നമ്മള്‍ ഈ കണക്ക് കേട്ട് ഞെട്ടിയിരുന്നു. ഇത് സ്ഥിരീകരിക്കാന്‍ നമ്മള്‍ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ എടുത്ത് പരിശോധിച്ചു, നൂറോളം കുട്ടികളെ മാത്രമായിരുന്നു കണ്ടുപിടിക്കാന്‍ ഉണ്ടായിരുന്നത്,”- ശോഭ കോശി പറയുന്നു.

ഭീതിജനകമായ ഈ വിവരങ്ങള്‍ കുട്ടികളുടെ അടുത്ത് വരുന്ന ഏതൊരാളെയും സംശയത്തോടെ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുമെന്നും അധികൃതര്‍ പറയുന്നു.

തിരുവനന്തപുരം വലിയതുറയില്‍ കഴിഞ്ഞ ദിവസം ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്കുനേരെയുണ്ടായ ക്രൂരമര്‍ദ്ദനവും ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്തയെത്തുടര്‍ന്നായിരുന്നു. പൊലീസിനെ കാത്തുനില്‍ക്കാതെ ആളുകള്‍ നിയമം കയ്യിലെടുക്കുകയും സംശയത്തിന്റെ പേരില്‍ അക്രമങ്ങള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നത് നമ്മുടെ നിയമ വ്യവസ്ഥയുടെ ആപ്തവാക്യമാണ്. എന്നാല്‍ അവസരം ദുരുപയോഗം ചെയ്ത് ആളുകളുടെ ഉള്ളിലെ അക്രമവസാനയെ പുറത്തു വിടുന്നതായാണ് നമുക്കിപ്പോള്‍ കാണാന്‍ സാധിക്കുന്നത്.

നമുക്ക് പറ്റാത്ത, അല്ലെങ്കില്‍ ചെയ്യാനിഷ്ടമില്ലാത്ത പണിയെടുക്കാനാണ് അവരെ വിളിച്ചിരിക്കുന്നതെന്നുവച്ച് നമുക്ക് എടുക്കാന്‍ താല്പര്യമില്ലാത്ത ശിക്ഷ ഏറ്റെടുക്കല്‍ കൂടി അവരുടെ ചുമലില്‍ വയ്ക്കണോ? എന്നാണ് ഡോ. നെല്‍സണ്‍ ജോസഫ് ഇത്തരം വിഷങ്ങളെ സംബന്ധിച്ച് ഫേസ്ബുക് പോസ്റ്റില്‍ ചോദിക്കുന്നത്.

“ആളുകള്‍ പേടിക്കേണ്ട യാതൊരു ആവശ്യമില്ല. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ വേണ്ടി പൊലീസിന് ഉത്തരവാദിത്വമുണ്ട്, രാത്രിയിലെ പട്രോളിംഗും വര്‍ധിപ്പിച്ചിട്ടുണ്ട്,” പി.എസ്. രാജശേഖരന്‍ പറയുന്നു. മുഖ്യമന്ത്രിയും ഇക്കാര്യം സംശയഭേദമന്യേ വിശദീകരിച്ചിരുന്നു. “കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഭിക്ഷാടന സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ആശങ്ക വേണ്ട. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായും ദൂരീകരിക്കാന്‍ പട്രോളിംഗ് ശക്തമാക്കാനും ഭിഷാടന സംഘങ്ങളെ നിരീക്ഷിക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.”

 

 

സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ പൊലീസിനെ അറിയിക്കുകയാണ് വേണ്ടതെന്നും മറിച്ച് സംശയത്തിന്റെ പേരില്‍ മാത്രം ഒരാളെ പിടികൂടി മര്‍ദ്ദിക്കുകയും, അത് മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് നമ്മുടേത് പോലുള്ള പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വമായി ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പ്രാദേശിക ഭരണ സംവിധാനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം- മുഖ്യമന്ത്രി വിശദീകരിച്ചു.