|

മൈലാഞ്ചിക്കോ കൊണ്ടോയില്ല, അയ്യയ്യോ ഇതെന്തൊരു കഷ്ടം; കല്യാണത്തിന് കൊണ്ടുപോകാത്തതില്‍ കുട്ടികളുടെ പ്രതിഷേധസമരം: വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കല്യാണത്തിന് കൊണ്ടുപോകാത്തതില്‍ പ്രതിഷേധിച്ച് കുട്ടിക്കൂട്ടം നടത്തിയ പ്രതിഷേധസമരത്തിന്റെ വീഡിയോ വൈറലാകുന്നു. ബാക്കിയെല്ലാവരെയും കല്യാണത്തിന് കൊണ്ടുപോയപ്പോള്‍ കൊറോണയുടെ പേര് പറഞ്ഞ് തങ്ങളെ മാത്രം ഒഴിവാക്കിയെന്നാണ് കുട്ടികള്‍ പറയുന്നത്.

വീടിന് മുന്നില്‍ പ്ലക്കാര്‍ഡുകള്‍ കെട്ടിത്തൂക്കി അതിന് പിന്നില്‍ അണിനിരന്നു കൊണ്ടായിരുന്നു നാല് ആണ്‍കുട്ടികളുടെ പ്രതിഷേധം. കുട്ടികളുടെ മുദ്രാവാക്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പൊട്ടിച്ചിരിയുണര്‍ത്തുന്നത്. കലക്കന്‍സ് എന്നാണ് ഈ പ്രതിഷേധസംഘത്തിന്റെ പേര്.

‘പ്രതിഷേധം…പ്രതിഷേധം.. കലക്കന്‍സിന്റെ പ്രതിഷേധം.. മൈലാഞ്ചിക്കോ കൊണ്ടോയില്ല. കല്യാണത്തിനും കൊണ്ടോയില്ല. അയ്യയ്യോ ഇതെന്തൊരു കഷ്ടം..കൊറോണയുടെ പേര് പറഞ്ഞ് ഞങ്ങളെ നിങ്ങള്‍ മാറ്റിനിറുത്തി. കാത്തിരുന്നൊരു കല്യാണം. പങ്കെടുക്കാന്‍ മോഹിച്ചു. തീനും കറിയും തന്നുവളര്‍ത്തിയ മക്കളെ നിങ്ങള്‍ മറന്നുപോയോ.. ഇല്ല ഞങ്ങള്‍ ചര്‍ച്ചക്കില്ല…’ എന്നിങ്ങനെയാണ് കുട്ടികളുടെ പ്രതിഷേധ മുദ്രാവാക്യങ്ങള്‍.

എഴുതി തയ്യാറാക്കിയ പേജില്‍ നോക്കി കുട്ടിസംഘത്തിന്റെ നേതാവ് ആദ്യം ഉച്ചത്തില്‍ മുദ്രാവാദ്യം വിളിക്കുന്നു. പിന്നാലെ അതിനേക്കാള്‍ ഉച്ചത്തില്‍ മറ്റു മൂന്ന് പേരും ഏറ്റുവിളിക്കുന്നു. ഇടക്ക് ചില അക്ഷരപ്പിശകുകളൊക്കെ നേതാവിന് വരുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ വീട്ടുകാരോട് തങ്ങളോട് പ്രതിഷേധം രേഖപ്പെടുത്തുകയാണ് കുട്ടികള്‍.

കൊറോണക്കാലം ഏറ്റവും കൂടുതല്‍ ബാധിച്ച ഒരു വിഭാഗം കുട്ടികള്‍ തന്നെയാണ്. സ്‌കൂളുകളിലേക്കോ കളിസ്ഥലത്തേക്കോ ആഘോഷപരിപാടികള്‍ക്കോ പോകാനാകാതെ വീടുകളില്‍ തന്നെ കഴിയേണ്ടി വന്നത് കുട്ടികള്‍ക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല. കല്യാണത്തിന് പോകാനാകാത്തതില്‍ പ്രതിഷേധിച്ച കുട്ടികളുടെ വീഡിയോ ചിരിയോടെയാണ് സാമൂഹ്യമാധ്യമങ്ങള്‍ സ്വീകരിച്ചതെങ്കിലും കൊറോണക്കാലത്ത് കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് കൂടിയാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Children in Malappuram, Kerala protest against excluding them from marriages – Viral Video