| Wednesday, 26th February 2025, 9:07 am

ഞങ്ങളുടെ ഭാവി കെട്ടിപ്പടുത്തേ തീരു, തകർന്ന ക്ലാസ്മുറികളിലിരുന്ന് ഞങ്ങൾ പഠിക്കും; രണ്ട് വർഷത്തിന് ശേഷം സ്കൂളിലെത്തി ഗസയിലെ കുട്ടികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഇസ്രഈൽ യുദ്ധത്തിന് വിരാമമിട്ട വെടിനിർത്തലിന് പിന്നാലെ, രണ്ട് വർഷങ്ങൾക്ക് ശേഷം വിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തി ഫലസ്തീൻ കുട്ടികൾ.

ആക്രമണം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന്, ഗസയിലെ വിദ്യാഭ്യാസം രണ്ട് വർഷത്തേക്ക് നിലച്ചിരുന്നു. 62 ,5,000ത്തിലധികം കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല. വരുന്ന തിങ്കളാഴ്ച ഗസയിലെ വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷം ആരംഭിക്കും.

യുദ്ധത്തിനോ അടിസ്ഥാനസൗകര്യങ്ങയുടെ അഭാവത്തിനോ തങ്ങളെ തടയാനാകില്ലെന്നും തങ്ങളുടെ ഭാവി കെട്ടിപ്പടുക്കാൻ ഒരുക്കമാണെന്ന് കുട്ടികൾ പറഞ്ഞു.

‘ഞങ്ങൾക്ക് ഇനി സ്കൂൾ യൂണിഫോമുകളില്ല പക്ഷേ അത് പഠിക്കുന്നതിൽ നിന്ന് ഞങ്ങളെ തടയില്ല. ഞങ്ങളുടെ സ്കൂളുകൾ നശിപ്പിക്കപ്പെട്ടു എങ്കിലും ഞങ്ങളുടെ ഭാവി കെട്ടിപ്പടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞാൻ സ്കൂളിൽ തിരിച്ചെത്തിയ ദിവസം എനിക്ക് ഓർമയുണ്ട്, എന്റെ സഹപാഠികൾ കയ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോയത് ഞാൻ കണ്ടു. അവരിൽ ചിലർക്ക് കുടുംബം നഷ്ടപ്പെട്ടു, മറ്റുള്ളവരുടെ വീടുകൾ തകർന്നു. പക്ഷേ അവരെല്ലാം ഇവിടെയുണ്ട്, തകർന്ന ക്ലാസ് മുറികളിൽ ഇരുന്ന് ഞങ്ങൾ പഠിക്കും. ഒന്നിനും തങ്ങളെ തടയാൻ കഴിയില്ല ,’ പത്താം ക്ലാസ് വിദ്യാർത്ഥിയായ മഹ്മൂദ് ബഷീർ മാധ്യമങ്ങളോട് പറഞ്ഞു.

സാഹചര്യങ്ങളിൽ നിന്ന് മാത്രമല്ല, അധിനിവേശ ശക്തികൾ തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന അടിമത്വത്തിൽ നിന്നും അതിജീവിക്കാനുള്ള ഏക മാർഗം വിദ്യാഭ്യാസമാണെന്ന് മഹ്മൂദ് ബഷീർ കൂട്ടിച്ചേർത്തു.

തകർന്ന സീറ്റുകളിലിരുന്നാൺ താൻ പഠിക്കുന്നത് എന്നാലും തിരികെ സ്കൂളിലെത്താൻ കഴിഞ്ഞതിലും കൂട്ടുകാരെയൊക്കെ കാണാൻ കഴിഞ്ഞതിലും സന്തോഷമുണ്ടെന്ന് 12 വയസുകാരൻ റിം അൽ ഷായിർ പറഞ്ഞു. ഗ്ലാസ്, ബുക്കുകൾ, ടേബിൾ തുടങ്ങി ക്ലാസ്‌റൂമിലെ എല്ലാം തകർന്നിരിക്കുകയാണെങ്കിലും തങ്ങൾക്ക് പുതിയ പ്രതീക്ഷയുണ്ടെന്നും മറ്റൊരു വിദ്യാർഥിയായ അൽ-ഷാഹർ പറഞ്ഞു.

യുദ്ധത്തിൽ ഗസയിലെ വിദ്യാർത്ഥികളിൽ പലർക്കും കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു. ഇത് അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരം വിദ്യാർത്ഥികൾ പോലും പ്രതീക്ഷ കൈവിടുന്നില്ലെന്ന് ഗസ നിവാസിയായ അൽ റാക്കബ് പറഞ്ഞു. അതേസമയം, ഗസ യുദ്ധത്തെ തുടർന്ന് 1,166 വിദ്യാഭ്യാസസ്ഥാപനങ്ങൾ തകർന്നുവെന്നാണ് വിലയിരുത്തൽ 85 ശതമാനം വിദ്യാഭ്യാസം സ്ഥാപനങ്ങളും ഇല്ലാതായി.

2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രഈലിലേക്ക് ഹമാസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യാക്രമണത്തിന് ശേഷമാണ് യുദ്ധം ആരംഭിച്ചത്, അതിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കി ഗസയിലേക്ക് ഹമാസ് കൊണ്ടുപോവുകയും ചെയ്തിരുന്നു.

ഇസ്രഈൽ ആക്രമണത്തിൽ 61,709 ഗസ നിവാസികൾ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 47,498 പേരുടെ മരണമായിരുന്നു ആദ്യം സ്ഥിരീകരിച്ചിരുന്നത്‌. വെടിനിർത്തലിനെ തുടർന്ന്‌ നടത്തിയ തിരച്ചിലിൽ നിരവധി മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു. ഏറ്റവും കുറഞ്ഞത് 14,222 പേരെങ്കിലും ഇത്തരത്തിൽ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി മരിച്ചതായാണ് കണക്കാക്കപ്പെടുന്നത്.

Content Highlight: Children in Gaza go back to school

We use cookies to give you the best possible experience. Learn more