| Sunday, 31st October 2021, 10:15 pm

2020ല്‍ രാജ്യത്ത് ഓരോ ദിവസവും അത്മഹത്യ ചെയ്തത് 31 കുട്ടികള്‍; 2018നേക്കാള്‍ 21 ശതമാനത്തിന്റെ വര്‍ധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2020ല്‍ പ്രതിദിനം ശരാശരി 31 കുട്ടികള്‍ ഇന്ത്യയില്‍ അത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ(എന്‍.സി.ആര്‍.ബി)യുടെ കണക്കുകള്‍ പ്രകാരം 2020-ല്‍ 11,396 കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.

2019(9,613)ല്‍ നിന്ന് 18 ശതമാനത്തിന്റെ വര്‍ധനയും 2018(9,413)ലെ കണക്കില്‍ നിന്ന് 21 ശതമാനത്തിന്റെ വര്‍ധനയുമാണ് കണക്കിലുണ്ടായത്. കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രയാസങ്ങളാണ് കുട്ടികളിലെ മാനസിക പ്രശ്‌നങ്ങള്‍ കൂടിയതിന് കാരണമായതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കുടുംബപ്രശ്നങ്ങള്‍(4,006), പ്രണയ നൈരാശ്യം(1,337), അസുഖം(1,327) എന്നിവയാണ് 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ആത്മഹത്യയുടെ പ്രധാന കാരണങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത്.

പാഠ്യപദ്ധതി, പരീക്ഷ ഫലങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടും കുട്ടികള്‍ വലിയ അനിശ്ചിതത്വം അനുഭവിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ ആത്മഹത്യകളില്‍ 10 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായതെന്നും കണക്കുകള്‍ പറയുന്നു. ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, വീട്ടമ്മമാര്‍ എന്നിവരാണ് ജീവിതം അവസാനിപ്പിച്ചതില്‍ ഭൂരിഭാഗവും.

ഇന്ത്യയിലെ 53 മഹാനഗരങ്ങളില്‍ വെച്ച് രാജ്യതലസ്ഥാനമായ ദല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ രേഖപ്പെടുത്തപ്പെട്ടത്. 24 ശതമാനമാണ് ദല്‍ഹിയിലെ ആത്മഹത്യാ നിരക്ക്. കുടുംബ പ്രശ്‌നങ്ങളും രോഗാവസ്ഥയുമാണ് ആത്മഹത്യ ചെയ്യാന്‍ കൂടുതല്‍ ആളുകളെയും പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ നല്‍കുന്ന കണക്കുകള്‍ പ്രകാരം, 2020 ല്‍ ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1,53,052 ആത്മഹത്യകളാണ്.

2019 ലെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ 2020 ല്‍ ആത്മഹത്യകളുടെ എണ്ണത്തില്‍ 10 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ ആത്മഹത്യാനിരക്കിന്റെ കാര്യത്തില്‍ 2019 ല്‍ നിന്ന് 8.7 ശതമാനത്തിന്റെ വര്‍ധനവാണ് 2020ല്‍ രേഖപ്പെടുത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: 31 Children Died By Suicide Every Day In India In 2020- According to the National Crime Records Bureau data

We use cookies to give you the best possible experience. Learn more