| Sunday, 15th December 2024, 7:51 am

കുട്ടികള്‍ രക്ഷിതാക്കളുടെ സ്ഥാവര-ജംഗമ സ്വത്തുക്കളല്ല: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കുട്ടികള്‍ രക്ഷിതാക്കളുടെ സ്വകാര്യ സ്വത്തുക്കളല്ലെന്ന് സുപ്രീം കോടതി. ആര്‍ക്കും ആരെയും തടവിലാക്കാന്‍ അധികാരമില്ലെന്നും കോടതി പറഞ്ഞു.

മകളുടെ പങ്കാളിക്കെതിരെ രക്ഷിതാക്കള്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കുട്ടിയെ ഒരു സ്ഥാവര-ജംഗമ സ്വത്തായി കരുതുന്നത് കൊണ്ടാണ് മകളുടെ വിവാഹം അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാത്തതെന്നും കോടതി ചൂണ്ടിക്കാട്ടി.

വിവാഹം കഴിയുമ്പോള്‍ മകള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കള്‍ ഹരജി നല്‍കിയത്. മകളുടെ ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഹാജരാക്കിയായിരുന്നു രക്ഷിതാക്കളുടെ വാദം.

എന്നാല്‍ മാതാപിതാക്കളുടെ വാദം തെറ്റാണെന്നും പ്രായപൂര്‍ത്തിയായതിന് ശേഷമാണ് പെണ്‍കുട്ടി വിവാഹം ചെയ്തതെന്നും കോടതി കണ്ടെത്തി.

മകളുടെ വിവാഹം അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് മാതാപിതാക്കള്‍ ഹരജി ഫയല്‍ ചെയ്തതെന്നും കോടതി പറഞ്ഞു. മകളുടെ വിവാഹം അംഗീകരിക്കണമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തു.

ഓഗസ്റ്റ് 16ന് മധ്യപ്രദേശ് ഹൈക്കോടതിയും രക്ഷിതാക്കളുടെ ഹരജി തള്ളിയിരുന്നു. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹരജി തള്ളിയത്.

പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി അതിക്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു പെണ്‍കുട്ടിയുടെ പിതാവ് ഹരജി നല്‍കിയത്. കുട്ടിയെ കാണാനില്ലെന്ന് കാണിച്ചാണ് പിതാവ് ആദ്യം പരാതിപ്പെട്ടത്. തുടര്‍ന്ന് പരാതിയില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുകയായിരുന്നു.

എന്നാല്‍ പ്രസ്തുത ഹരജി ഹൈക്കോടതി തള്ളുകയും തുടര്‍ന്ന് രക്ഷിതാക്കള്‍ സുപ്രീം കോടതിയെ സമീപിക്കുകയുമായിരുന്നു.

എന്നാല്‍ സുപ്രീം കോടതിയും സമാനമായി ഹരജി തള്ളുകയാണ് ചെയ്തത്. ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.

Content Highlight: Children are not private property of parents: Supreme Court

We use cookies to give you the best possible experience. Learn more