ആഗസ്റ്റ് മാസത്തില്‍ കുട്ടികള്‍ മരണപ്പെടുക സാധാരണമെന്ന് യു.പി മന്ത്രി; പാവപ്പെട്ടവന്റെ കുഞ്ഞുങ്ങള്‍ മാത്രം എന്തുകൊണ്ട് മരണപ്പെടുന്നുവെന്ന് ശിവസേന
India
ആഗസ്റ്റ് മാസത്തില്‍ കുട്ടികള്‍ മരണപ്പെടുക സാധാരണമെന്ന് യു.പി മന്ത്രി; പാവപ്പെട്ടവന്റെ കുഞ്ഞുങ്ങള്‍ മാത്രം എന്തുകൊണ്ട് മരണപ്പെടുന്നുവെന്ന് ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th August 2017, 10:30 am

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഗോരഖ്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ ന്യായീകരിച്ച് യു.പി ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്. ആഗസ്റ്റ് മാസത്തില്‍ കുട്ടികള്‍ മരണപ്പെടുക സാധാരണമാണെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. മുന്‍വര്‍ഷങ്ങളിലും ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഈ വിഷയത്തില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ശിവസേന രംഗത്തെത്തി. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ബി.ജെ.പി സര്‍ക്കാരിനെതിരെ ശിവസേന രൂക്ഷ വിമര്‍ശം ഉന്നയിക്കുന്നത്.


Dont Miss ഗോരഖ്പൂര്‍ ദുരന്തം: ഓക്‌സിജന്‍ ഇല്ലാതായപ്പോള്‍ സ്വന്തം കൈയില്‍ നിന്ന് കാശ് എടുത്ത് വാങ്ങിയ ഡോ:കഫീല്‍ ഖാനെ സസ്‌പെന്റ് ചെയ്തു


“”ഉത്തര്‍പ്രദേശിലെ ഒരു മന്ത്രി ഈ ദുരന്തവുമായി ബന്ധപ്പെട്ട് പറഞ്ഞത്  ആഗസ്റ്റ് മാസത്തില്‍ എല്ലാതവണയും ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ മരണപ്പെടാറുണ്ടെന്നാണ്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് പാവപ്പെട്ടവന്റെ കുഞ്ഞ് മാത്രം മരണപ്പെടുന്നത്. എന്തുകൊണ്ടാണ് പണക്കാരന്റെ കുഞ്ഞുങ്ങള്‍ക്ക് ഈ ഗതി നേരിടേണ്ടിവരാത്തത്? ശിവസേന ചോദിക്കുന്നു.

ഗോരഖ്പൂര്‍ ദുരന്തം ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തെ തന്നെ അപമാനിക്കുന്നതാണെന്നും അച്ഛേ ദിന്‍ ഒരിക്കലും പാവപ്പെട്ടവനിലേക്ക് എത്തുന്ന ഒന്നല്ലെന്നും സാമ്‌ന മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം ദുരന്തം വാര്‍ത്തയാക്കുന്നവരെ കുറ്റപ്പെടുത്തിക്കൊണ്ട് യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. ഗോരഖ്പൂര്‍ ദുരുന്തം വിവാദമാക്കുന്നത് മുറിവില്‍ മുളക്പുരട്ടാനാണെന്നായിരുന്നു ആദിത്യനാഥിന്റെവാദം.

കുഞ്ഞുങ്ങളുടെ വാര്‍ഡില്‍ കടന്നുചെന്ന് മാധ്യമപ്രവര്‍ത്തകര്‍ പരിശോധന നടത്തിക്കോളൂവെന്നും ആദിത്യനാഥ് വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ പിന്നിട്ട ശേഷം ആശുപത്രിയിലെത്തിയ ആദിത്യനാഥ് കുഞ്ഞുങ്ങളുടെ മരണകാരം എന്തെന്ന് പോലും വ്യക്തമാക്കിയില്ല.

ഇതിനിടെ മരിച്ച കുട്ടികളുടെ എണ്ണം എഴുപത്തൊന്നായി. മസ്തിഷ്‌കജ്വരത്തിന് ചികില്‍സയിലായിരുന്ന പതിനൊന്നുകുട്ടികള്‍ കൂടി രണ്ടുദിവസത്തിനിടെ മരിച്ചു. കഴിഞ്ഞദിവസം ഓക്‌സിജന്‍ വിതരണം നിര്‍ത്തിയപ്പോഴും ഇവര്‍ ചികില്‍സയിലായിരുന്നു.

രാവിലെ കുരുന്നുകളുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് നല്‍കാന്‍പോലും ബിആര്‍ഡി ആശുപത്രി തയാറായില്ല. ബൈക്കിലും ഓട്ടോറിക്ഷയിലും ജീപ്പിലുമാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്.

സംഭവത്തില്‍ സര്‍ക്കാര്‍ കള്ളം പറയുന്നുവെന്ന് കുട്ടികളുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു. നവജാതശിശുക്കള്‍ അടക്കമുള്ള കുഞ്ഞുങ്ങള്‍ മരിച്ചത് ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതുകൊണ്ടല്ലെന്ന സര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് അവര്‍ ആരോപിച്ചു.

അഞ്ചു ദിവസത്തിനിടെ രണ്ടു തവണയായി ദീര്‍ഘനേരം ഓക്‌സിജന്‍ വിതരണം മുടങ്ങിയതായി കുട്ടികളുടെ ബന്ധുക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.