ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ഒരുകൂട്ടം ആണ്‍കുട്ടികള്‍ മോശം വാക്കുകള്‍ ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു കത്തയച്ചു. കുട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത വിഷയത്തില്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.
പരാതി ലഭിച്ചെന്നും അതിനൊപ്പം ലഭിച്ച വീഡിയോ ലിങ്കില്‍ നിന്നു കുട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുന്നതു കാണാമെന്നും ബാലാവകാശ കമ്മീഷന്‍ കത്തില്‍ പറയുന്നു. കുട്ടികള്‍ അപമാനകരവും അസഭ്യം നിറഞ്ഞതുമായ പരാമര്‍ശങ്ങള്‍ പ്രിയങ്കയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രിക്കെതിരേ നടത്തുന്നതു കാണാമെന്നും കത്തില്‍ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ ഉള്‍പ്പെടുത്തില്ലെന്നുള്ള കാര്യം ഉറപ്പുവരുത്തണമെന്ന് 2017 ജനുവരി 20-ന് തെരഞ്ഞെടുപ്പ് കമ്മീഷനോടു ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയപാര്‍ട്ടികള്‍ പോസ്റ്ററുകളും ലഘുലേഖകളും വിതരണം ചെയ്യാന്‍ കുട്ടികളെ ഉപയോഗിക്കുന്നില്ലെന്ന കാര്യം ഉറപ്പുവരുത്തണമെന്നും അന്നാവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ ഇപ്പോളയച്ച കത്തിലും പറയുന്നുണ്ട്.
അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുവേണ്ടി പ്രിയങ്ക പ്രചാരണം നടത്തുന്നതിനിടെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. കാവല്‍ക്കാരന്‍ കള്ളനാണെന്നര്‍ഥം വരുന്ന ‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയതിനു പിന്നെലെയാണു കുട്ടികള്‍ മോദിക്കെതിരേ മോശം പരാമര്‍ശം നടത്തിയത്. കുട്ടികള്‍ മോശം വാക്കുകള്‍ പ്രയോഗിച്ചപ്പോള്‍ അത്തരം പദപ്രയോഗം പാടില്ലെന്നു പ്രിയങ്ക വിലക്കുന്നതും വീഡിയോയില്‍ കാണാം.