മികച്ച പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുകയും ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്ത് വരെ എത്തി നില്‍ക്കുകയുമാണ് രോഹിത് ഗുരുനാഥ് ശര്‍മയെന്ന ഹിറ്റ്മാന്‍. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലെത്തിച്ച രോഹിത് ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യക്ക് ഏഷ്യാ കപ്പും നിരവധി പരമ്പര വിജയങ്ങളും നേടിക്കൊടുത്തിട്ടുണ്ട്.
മറ്റ് താരങ്ങളെ പോലെ തന്നെ കഷ്ടപ്പാടുകളില്‍ നിന്ന് തന്നെയാണ് രോഹിത് തന്റെ മഹോജ്വലമായ കരിയര്‍ കെട്ടിപ്പടുത്തത്. ഇപ്പോള്‍ രോഹിത്തിന്റെ കരയറിന്റെ തുടക്കത്തില്‍ നടന്ന ഒരു സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ ചൈല്‍ഡ്ഹുഡ് കോച്ചും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ ദിനേഷ് ലാഡ്.
മുംബൈ അണ്ടര്‍ 19 ടീമില്‍ രോഹിത്തിനെ പരിശീലിപ്പിക്കുന്ന കാലത്ത് രോഹിത് ഒരു മെര്‍സെഡിസ് ബെന്‍സ് കണ്ടുവെന്നും അത് വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും ലാഡ് പറഞ്ഞു. എന്നാല്‍ അന്ന് അവന്റെ ആഗ്രഹത്തെ തള്ളിക്കളയുകയാണ് താന്‍ ചെയ്തതെന്നും ലാഡ് പറയുന്നു.
എസ്.ആര്‍.ജി സ്‌പോര്‍ട്‌സ് ചാനലില് നല്‍കിയ അഭിമുഖത്തിലാണ് ലാഡ് ഇക്കാര്യം പറഞ്ഞത്.
‘ഒരിക്കല്‍ രോഹിത് ഒരു മെര്‍സെഡിസ് കാര്‍ കണ്ടു. സാര്‍ ഒരിക്കല്‍ ഞാനിത് വാങ്ങും എന്നാണ് ആ കാര്‍ കണ്ടപ്പോള്‍ അവന്‍ എന്നോട് പറഞ്ഞത്.
നിനക്കെന്താ ഭ്രാന്തുണ്ടോ, ആ കാര്‍ വളരെ വിലയേറിയതാണ് എന്നായിരുന്നു അപ്പോള്‍ എന്റെ മറുപടി. നിങ്ങള്‍ കണ്ടോളൂ, ഒരിക്കല്‍ ഞാനത് വാങ്ങും എന്നാണ് അവന്‍ എന്നോട് പറഞ്ഞത്,’ ലാഡ് പറയുന്നു.
‘തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അവന്‍ എന്നോട് ആ കാര്‍ വാങ്ങും എന്ന് പറഞ്ഞത്. ഇപ്പോള്‍ അവന്റെ പക്കല്‍ നിരവധി വാഹനങ്ങളുണ്ട്. അവന്റെ കോണ്‍ഫിഡന്‍സ് ലെവല്‍ വളരെ വലുതാണ്. ഞാന്‍ എവിടെയെത്തിച്ചേരുമെന്ന് അവന് നിശ്ചയമുണ്ടായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2007ലാണ് രോഹിത് ശര്‍മ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. അരങ്ങേറിയ അതേ വര്‍ഷം തന്നെ ഇന്ത്യക്കൊപ്പം വേള്‍ഡ് കപ്പ് നേടാനും രോഹിത് ശര്‍മക്ക് സാധിച്ചിരുന്നു.
ഇന്ത്യക്കായി അന്താരാഷ്ട്ര മത്സരം കളിച്ചുതുടങ്ങിയത് മുതല്‍ മൂന്ന് ഫോര്‍മാറ്റിലും രോഹിത് ഇന്ത്യന്‍ ടീമിലെ നിര്‍ണായക ഘടകമായിരുന്നു. 2013ല്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പിച്ച് ചാമ്പ്യന്‍സ് ട്രോഫി ഉയര്‍ത്തിയപ്പോഴും രോഹിത്തിന്റെ പങ്ക് വലുതായിരുന്നു.
പ്ലെയര്‍ എന്ന നിലയിവല്‍ ഇന്ത്യന്‍ ടീമിന് തന്റെ നൂറ് ശതമാനവും നല്‍കിയ രോഹിത് നിലവില്‍ ക്യാപ്റ്റന്റെ റോളിലും ആ മികവ് ആവര്‍ത്തിക്കുകയാണ്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ പരമ്പര നേടിക്കൊണ്ടാണ് രോഹിത് കയ്യടി നേടുന്നത്.
വിരാട് കോഹ്‌ലിയടക്കമുള്ള സീനിയര്‍ താരങ്ങള്‍ ടീമിന്റെ ഭാഗമല്ലാതിരുന്നിട്ടും ഒരു പിടി യുവതാരങ്ങളെ ഒപ്പം കൂട്ടിയാണ് രോഹിത് ഒരു മത്സരം ശേഷിക്കെ സീരീസ് ഇന്ത്യക്ക് നേടിക്കൊടുത്തത്. ഇതോടെ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര തോറ്റിട്ടില്ല എന്ന ലെഗസി കാക്കാനും രോഹിത്തിനായി.
മാര്‍ച്ച് ഏഴിനാണ് പരമ്പരയിലെ അവസാന മത്സരം. ധര്‍മശാലയാണ് വേദി.
Content highlight: Childhood coach Dinsh Lad about Rohit Sharma