മലപ്പുറം: നൂറുമേനി വിജയം ലക്ഷ്യംവെച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായി പരാതി. മലപ്പുറം കരിപ്പൂര്‍ എയര്‍പോര്‍ട്ട് സീനിയര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്. ഒമ്പതാം ക്ലാസില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ടി.സി നല്‍കിയത്.
സ്‌കൂളിന് 100 ശതമാനം വിജയം ഉറപ്പിക്കാനായാണ് തോല്‍പ്പിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആരോപിക്കുന്നത്. അതേസമയം പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പുന:പരീക്ഷ നടത്തിയിരുന്നെന്നും അതില്‍ മൂന്ന് കുട്ടികള്‍ പരീക്ഷ എഴുതിയിരുന്നെന്നും പ്രിന്‍സിപ്പള്‍ ശ്രീകല പറയുന്നു. മറ്റു ചില കുട്ടികള്‍ക്ക് പരീക്ഷയ്ക്ക് താല്‍പ്പര്യമില്ലെന്നറിയിക്കുകയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പുന:പരീക്ഷ നടത്തിയത് വിഷയത്തില്‍ ചൈല്‍ഡ് ലൈന്‍ ഇടപെട്ടതിനുശേഷമാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ചൈല്‍ഡ് ലൈനും ഇക്കാര്യം ശരിവെക്കുന്നു. സംഭവത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പരാതി തന്നിരുന്നു. “കുട്ടികള്‍ക്ക് മനസിലാവുന്നില്ല എന്ന കാര്യം നിരവധി തവണ പറഞ്ഞിട്ടും ആ അധ്യാപകരെ മാറ്റാനുള്ള നടപടി പോലും സ്വീകരിച്ചിട്ടില്ല. പുന:പരീക്ഷ നടത്തിയത് ചൈല്‍ഡ് ലൈന്‍ ഇടപെട്ടതിനുശേഷമാണ്. ചൈല്‍ഡ് ലൈന്‍ ഇടപെട്ടതുകൊണ്ടല്ല പുനപരീക്ഷ നടത്തിയത് എന്നത് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പറയുന്നതാണ്.”- ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനായ രാജു കൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കുട്ടികളെ മാനസികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി ഗൗരവമുള്ളതായാണ് ചൈല്‍ഡ് ലൈനും അറിയിച്ചിരിക്കുന്നത്. ബാലാവകാശ കമ്മീഷനില്‍ രക്ഷിതാക്കള്‍ പരാതി കൊടുത്തിട്ടുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് വിവരങ്ങളെല്ലാം അറിയിച്ചിട്ടുണ്ടെന്ന് രാജു കൃഷ്ണന്‍ പറയുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ശ്രദ്ധയിലും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്.
ഒരു കോട്ടയം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കാമെന്നു പറഞ്ഞിട്ടുണ്ട്. “എല്‍.കെ.ജി മുതല്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയ്ക്ക് പഠിക്കാനുള്ള കഴിവില്ല, മണ്ടനാണ് എന്നൊക്കെ പറയുമ്പോള്‍ എന്താണ് ആ സ്‌കൂളിന്റെ നിലവാരം. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ വിജയഭേരി പോലുള്ള പദ്ധതികള്‍ മുഖേനയാണ് സര്‍ക്കാര്‍ സ്‌കൂളുകളിലൊക്കെ മുന്‍നിരയിലേക്കെത്തിക്കുന്നത്. വീട്ടിലിരുന്ന് പഠിക്കട്ടെ എന്ന നിലപാടാണ് സി.ബി.എസ്.ഇ അധികൃതര്‍ക്ക്.” രാജുകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ 33 ശതമാനം മാര്‍ക്കില്ലാത്ത വിദ്യാര്‍ത്ഥികളെയാണ് പത്താം ക്ലാസിലേക്ക് പറഞ്ഞയക്കാന്‍ സാധിക്കാത്തത് എന്നാണ് പ്രിന്‍സിപ്പള്‍ ശ്രീകലയുടെ വാദം. മാര്‍ക്ക് കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പുന:പരീക്ഷ നടത്തിയെന്നും മൂന്ന് പേര്‍ ആ പരീക്ഷ എഴുതിയതായും ശ്രീകല പറയുന്നു. അധ്യാപകര്‍ മീറ്റീംഗ് ചേര്‍ന്നതിനുശേഷമാണ് പരീക്ഷയുടെ കാര്യം തീരുമാനിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഒരിക്കല്‍ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ രക്ഷിതാക്കള്‍ വന്ന് പ്രശ്‌നമുണ്ടാക്കിയിരുന്നു. അതിനുശേഷം അതായത് 2010 നു ശേഷം അവിടെ ഒരു പി.ടി.എ മീറ്റിംഗ് നടന്നിട്ടില്ലെന്നും രാജു കൃഷ്ണന്‍ പറയുന്നു. “നൂറുമേനിയൊക്കെ അവര്‍ ഉണ്ടാക്കട്ടെ. എന്നാല്‍ ഈ വിദ്യാര്‍ത്ഥികളുടെ ഭാവി തുലച്ചുവേണോ ഇത്.”- രാജു കൃഷ്ണന്‍ പറയുന്നു.
സമാനമായ സംഭവം വയനാടില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷയയില്‍ സ്‌കൂളിന്റെ വിജയശതമാനം കൂട്ടാന്‍ സര്‍ക്കാര്‍ വിദ്യാലയത്തിലെ ആദിവാസി വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിപ്പിച്ചില്ലെന്നായിരുന്നു ആരോപണം. വയനാട് മാനന്തവാടിക്ക് സമീപം നീര്‍വാരം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിനെതിരായാണ് ആരോപണം ഉയര്‍ന്നത്.
കുട്ടികളുടെ നിരക്ഷരരായ മാതാപിതാക്കളില്‍ നിന്ന് കുട്ടികള്‍ പരീക്ഷ എഴുതുന്നില്ലെന്ന് എഴുതി വാങ്ങിയ ശേഷമാണ് കുട്ടികളെ പരീക്ഷക്ക് ഇരുത്താതിരുന്നത്. പരീക്ഷ എഴുതിയാല്‍ സ്‌കൂളിന്റെ നിലവാരത്തെ ബാധിക്കുമെന്ന് പറഞ്ഞ് ഇത്തവണ പരീക്ഷ എഴുതേണ്ടെന്ന് അധ്യാപകര്‍ പറഞ്ഞിരുന്നതായി കുട്ടികള്‍ പറയുന്നു.
എന്നാല്‍ ആരോപണങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചിരിക്കുകയാണ് കുട്ടികള്‍ക്ക് വേണ്ടത്ര ഹാജരില്ലാത്തതിനാലാണ് പരീക്ഷക്ക് ഇരുത്താന്‍ കഴിയാഞ്ഞതെന്നാണ് നീര്‍വാരം സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പറഞ്ഞത്. കുട്ടികള്‍ നിരന്തരം സ്‌കൂളില്‍ വരാതായതിനാല്‍ രജിസ്റ്ററില്‍ നിന്ന് പേര് വെട്ടുകയായിരുന്നെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലെയും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ വിജയ ശതമാനം കൂട്ടുന്നതിനായി പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ പരീക്ഷ എഴുതിപ്പിക്കാതിരിക്കാറുണ്ടെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
Watch This Video: