ന്യൂദൽഹി: പീഡനത്തിനിരയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടി കോടതിമുറിയിൽ കരഞ്ഞുകൊണ്ട് നിശബ്ദത പാലിച്ചതിനാൽ പ്രതിയുടെ ശിക്ഷ ഇളവ് ചെയ്ത രാജസ്ഥാൻ ഹൈക്കോടതിയുടെ വിധി റദ്ദ് ചെയ്ത് സുപ്രീം കോടതി.
വിചാരണക്കിടെ പെൺകുട്ടി മൗനം പാലിച്ചെന്ന കാരണത്താൽ വിചാരണക്കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ സുപ്രീം കോടതി വിമർശിച്ചു. ആക്രമിക്കപ്പെട്ട പെൺകുട്ടി വിചാരണക്കിടെ മൗനം പാലിച്ചുവെന്നും സംഭവത്തെക്കുറിച്ച് വാദിയായ പെൺകുട്ടി നേരിട്ട് കോടതിയിൽ ഒന്നും പറയാത്തതിനാൽ , പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യത്തിന് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സഞ്ജയ് കരോളും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഹൈക്കോടതിയുടെ വിധി റദ്ദാക്കി.
സാക്ഷി മൊഴികളും മെഡിക്കൽ തെളിവുകളും ലഭ്യമായിരിക്കെ പ്രായപൂർത്തിയാവാത്ത പെൺകുട്ടി മൗനം പാലിച്ചുവെന്നത് കേസിനെ ബാധിക്കില്ലെന്നും പ്രതി ശിക്ഷ അർഹിക്കുന്നുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.
‘കുട്ടി തനിക്കെതിരായ അതിക്രമത്തെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ല എന്നത് സത്യമാണ്. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, കുട്ടി നിശബ്ദയായിരുന്നുവെന്നും കൂടുതൽ ചോദിച്ചപ്പോൾ മൗനമായി കണ്ണുനീർ പൊഴിച്ചുവെന്നും വിചാരണ ജഡ്ജി രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റകൃത്യം ചെയ്തതിനെക്കുറിച്ച് പെൺകുട്ടിയിൽ നിന്ന് ഒന്നും കണ്ടെത്താനായില്ല. ഇത്, ഞങ്ങളുടെ കാഴ്ചപ്പാടിൽ, പ്രതിക്ക് അനുകൂലമായി ഉപയോഗിക്കാൻ കഴിയില്ല. പെൺകുട്ടിയുടെ കണ്ണുനീരിന്റെ മൂല്യം എന്താണെന്ന് മനസിലാക്കണം. ഈ നിശബ്ദത പ്രതിക്ക് പ്രയോജനകരമാകാൻ കഴിയില്ല . ഇവിടുത്തെ നിശബ്ദത ഒരു കുട്ടിയുടെതാണ്. പൂർണമായി മനസിലാക്കിയ ഒരു മുതിർന്ന വാദിയുടെ നിശബ്ദതയുമായി ഇതിനെ തുലനം ചെയ്യാൻ കഴിയില്ല. മറ്റ് തെളിവുകളായി മെഡിക്കൽ തെളിവുകളും സാഹചര്യ തെളിവുകയും ഉണ്ടായിരിക്കെ പ്രതിയെ വെറുതെവിടാൻ പാടില്ല,’ കോടതി നിരീക്ഷിച്ചു.
സംഭവം നടക്കുമ്പോൾ വാദി ഒരു കുട്ടിയായിരുന്നുവെന്നും സാക്ഷിമൊഴി നൽകുമ്പോൾ അവർ മൗനം പാലിച്ചു, കണ്ണുനീർ മാത്രം പൊഴിച്ചുവെന്നും കോടതി നിരീക്ഷിച്ചു, എന്നാൽ പ്രതിക്ക് അനുകൂലമായി അവരുടെ മൗനം ഉപയോഗിക്കാൻ കഴിയില്ലെന്നും കുട്ടി കരഞ്ഞത് ട്രോമാ കാരണമാണെന്നും കോടതി വിധിച്ചു.
1986 ൽ നടന്ന സംഭവത്തിൽ ആദ്യത്തെ വിചാരണക്കോടതി വിധിച്ച ഐ.പി.സി 376 വകുപ്പ് പ്രകാരമുള്ള ഏഴ് വർഷത്തെ തടവുശിക്ഷ കോടതി ശരിവെച്ചു.
Content Highlight: Child Victim’s Silence & Tears During Examination Alone Can’t Benefit Rape Accused : Supreme Court Restores Conviction After 38 Years