പെന്റഗണ്‍ ഹാക്ക് ചെയ്യപ്പെട്ടോ? അതോ പുതിയ ആണവായുധ കോഡോ; തലപുകച്ച ട്വീറ്റിന് പിന്നാലെ വിശദീകരണം നല്‍കി അമേരിക്ക
World News
പെന്റഗണ്‍ ഹാക്ക് ചെയ്യപ്പെട്ടോ? അതോ പുതിയ ആണവായുധ കോഡോ; തലപുകച്ച ട്വീറ്റിന് പിന്നാലെ വിശദീകരണം നല്‍കി അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st March 2021, 12:06 am

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രതിരോധ വിഭാഗത്തിന്റെ പ്രധാന വകുപ്പുകളിലൊന്നായ സ്ട്രാറ്റജിക് കമാന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും വന്ന ഒരു ട്വീറ്റ് ഏറെ സംശയങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വഴിവെച്ചിരുന്നു. ;l;;gmlxzssaw എന്നായിരുന്നു ഈ ട്വീറ്റ്.

ഇത് യു.എസിന്റെ പുതിയ ആണവായുധ കോഡാണെന്നും ലോഞ്ചിംഗിന് ഉപയോഗിക്കുന്നതാണെന്നുമായിരുന്നു വന്ന വാദങ്ങളിലൊന്ന്. അമേരിക്കയുടെ മിലിട്ടറി ആസ്ഥാനമായ പെന്റഗണ്‍ ഹാക്ക് ചെയ്യപ്പെട്ടവെന്നതായിരുന്നു ഉയര്‍ന്ന മറ്റൊരു ആശങ്ക.

എന്നാല്‍ ട്വീറ്റില്‍ ആശങ്കപ്പെടേണ്ടതൊന്നുമില്ലെന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് സ്ട്രാറ്റജിക് കമാന്റ്. വകുപ്പിന്റെ സോഷ്യല്‍ മീഡിയ എഡിറ്റര്‍ വീട്ടില്‍ നിന്നുമാണ് ജോലി ചെയ്തിരുന്നതെന്നും അപ്പോള്‍ ഒരു കുട്ടി അറിയാതെ ചെയ്തുപോയ ട്വീറ്റാണ് ഇതെന്നുമാണ് വകുപ്പ് മാധ്യമങ്ങളെ അറിയിച്ചത്.

‘സ്ട്രാറ്റജിക് കമാന്‍ഡിന്റെ ട്വിറ്റര്‍ മാനേജര്‍ ട്വിറ്റര്‍ അക്കൗണ്ട്് ഓപ്പണ്‍ ചെയ്തു വെച്ചിരിക്കുകയായിരുന്നു. ഒരു നിമിഷത്തേക്ക് ശ്രദ്ധ തെറ്റിയപ്പോള്‍ അദ്ദേഹത്തിന്റെ ഇളയകുട്ടി കീബോര്‍ഡില്‍ കളിക്കുകയും അങ്ങനെ ആ ട്വീറ്റ് പോസ്റ്റ് ചെയ്യുകയുമായിരുന്നു,’ വകുപ്പ് നല്‍കിയ മറുപടിയില്‍ പറയുന്നു.


അപകടരമായ ഒന്നും സംഭവിച്ചിട്ടില്ലെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും സ്ട്രാറ്റജിക് കമാന്റ് കൂട്ടിച്ചേര്‍ത്തു. നേരത്തെയും സോഷ്യല്‍ മീഡിയയില്‍ ചില അബദ്ധങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്ന് ഈ വകുപ്പ് വിവാദങ്ങളില്‍ പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Child Unknowingly Tweets From US Nuclear Command’s Account