കൊച്ചി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടുവന്ന സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ലഭിച്ച വിവിധ ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബഞ്ചാണ് കേസ് സി.ബി.ഐയ്ക്ക് വിട്ടത്.
സംസ്ഥാനത്തെ അനാഥാലയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ബാലനീതി നിയമത്തിന്റെ പരിധിയിലാണെന്നും അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുമ്പോള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അനാഥാലയങ്ങളില്‍ ശിശുക്ഷേമ സമിതി പരിശോധന നടത്തണം. അനാഥാലയങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണം അനാഥാലയങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഇളവ് നല്‍കാന്‍ പാടില്ല തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഹൈക്കോടതി നല്‍കി.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില അനാഥാലായങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും അനധികൃതമായി കുട്ടികളെ കൊണ്ടു വന്ന സംഭവം ഏറെ വിവാദമായിരുന്നു. നിലവില്‍ സര്‍ക്കാര്‍ സംവിധാനങ്ങളാണ് ഈ കേസ് അന്വേഷിക്കുന്നത്. അതുകൊണ്ടു തന്നെ കേസ് സി.ബി.ഐക്ക് വിടേണ്ടെതില്ലെന്ന സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമാണ് കോടതി വിധി.