ന്യൂദല്‍ഹി: ഏറ്റവും കൂടുതല്‍ കുട്ടികളെ കടത്തുന്നതില്‍ ഉത്തര്‍ പ്രദേശ്, ബിഹാര്‍, ആന്ധ്ര പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് മുന്നിലെന്ന് റിപ്പോര്‍ട്ട്. 2016നും 2022നും ഇടയിലെ കണക്കുകളെ മുന്‍നിര്‍ത്തിയുള്ള പഠനത്തില്‍ കൊവിഡിന് മുമ്പുള്ളതില്‍ നിന്നും ദല്‍ഹിയിലെ കുട്ടികളെ കടത്തുന്നതില്‍ 68 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നും പറയുന്നു.
നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ ചില്‍ഡ്രന്‍സ് ഫൗണ്ടേഷനും ഗെയിംസ് 24ഃ7ഉം ചേര്‍ന്ന് നടത്തിയ ഇന്ത്യയിലെ കുട്ടികളുടെ കടത്ത് എന്ന റിപ്പോര്‍ട്ടാണ് പുറത്ത് വിട്ടിരിക്കുന്നത്. ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിവസമായ ഞായറാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
‘2016നും 2022നും ഇടയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ കടത്തുന്ന ആദ്യ മൂന്ന് സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍, ആന്ധ്രാപ്രദേശ് എന്നിവയാണ്. കൊവിഡിന് മുമ്പുള്ളതിനേക്കാള്‍ കുട്ടികളെ കടത്തുന്ന കേസുകളില്‍ 68 ശതമാനം വര്‍ധനവ് ദല്‍ഹിയില്‍ കാണുന്നു. കുട്ടികളെ കടത്തുന്നതില്‍ ജയ്പൂര്‍ സിറ്റിയാണ് ഉയര്‍ന്ന് നില്‍ക്കുന്ന ജില്ല,’ റിപ്പോര്‍ട്ടില്‍ പറയുന്നു.
2016 മുതല്‍ 2022 വരെ 21 സംസ്ഥാനങ്ങളിലെ 262 ജില്ലകളിലെ കുട്ടിക്കടത്ത് കേസുകളെ കുറിച്ചാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇതേ കാലയളവില്‍, 18 വയസ്സിന് താഴെയുള്ള 13,549 കുട്ടികളെയാണ് കടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
രക്ഷപ്പെടുത്തിയ കുട്ടികളില്‍ 80 ശതമാനവും 13നും 18നും ഇടയില്‍ പ്രായമുള്ളവരാണെന്നും 13 ശതമാനം ഒമ്പത് മുതല്‍ 12 വയസ് വരെ പ്രായമുള്ളവരാണെന്നും രണ്ട് ശതമാനത്തിലധികം പേര്‍ ഒമ്പത് വയസിന് താഴെയുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വിവിധ പ്രായത്തിലുള്ള കുട്ടികളെ കടത്തുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ബാലവേലയിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ഹോട്ടലുകളില്‍ പരമാവധി 15.6 ശതമാനം ബാലവേലക്കാരെ നിയമിക്കുന്നു. ഓട്ടോമൊബൈല്‍ അല്ലെങ്കില്‍ ഗതാഗത വ്യവസായത്തില്‍ 13 ശതമാനവും, വസ്ത്ര വ്യാപാരത്തില്‍ 11.18 ശതമാനവും കുട്ടികളാണുള്ളത്.
അഞ്ചും എട്ടും വയസുള്ള കുട്ടികള്‍ പോലും സൗന്ദര്യവര്‍ദ്ധക വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി കണ്ടെത്തി.
ഉത്തര്‍പ്രദേശില്‍ കൊവിഡിന് മുമ്പുള്ള ഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 267 ആയിരുന്നെങ്കില്‍ കൊവിഡിന് ശേഷമുള്ള ഘട്ടത്തില്‍ ഇത് 1214 ആയി ഉയര്‍ന്നു.
കര്‍ണാടകയിലും 18 മടങ്ങ് വര്‍ധനവാണ് ഉണ്ടായത്. റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍ ആറില്‍ നിന്നും 110 ആയി ഉയര്‍ന്നു,’ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ കണക്കുകള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ തന്നെ സര്‍ക്കാരിന്റെയും നിയമ നിര്‍വഹണ ഏജന്‍സികളുടെയും സജീവമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
content highlights: Child trafficking in the country occurs mostly in states of UP, Bihar and Andhra Pradesh: study