ഹൈദരാബാദ്: മാസങ്ങള്‍ പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മയില്‍ നിന്നും തട്ടിയെടുത്ത് മക്കളില്ലാത്ത ദമ്പതികള്‍ക്ക് വിറ്റത് 80,000 രൂപക്ക്. കുഞ്ഞിന്റെ അമ്മയുടെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് കുഞ്ഞിനെ തട്ടിപ്പുകാരില്‍ നിന്നും മോചിപ്പിച്ചു. പ്രതികളായ നദ ഭവാനി എന്ന ഇരുപത്തണ്ടുകാരിയെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
ജോലി നല്‍കാമെന്ന് പറഞ്ഞു കാറില്‍ കയറ്റിയ ശേഷം കുഞ്ഞിനെ കയ്യില്‍ നിന്നും തട്ടിപ്പറിച്ചെടുത്തു. തന്നെ കാറിനു പുറത്തേക്കു തള്ളിയ ശേഷം ഭവാനിയും സംഘവും കുഞ്ഞുമായി കടന്നുകളയുകയുമായിരുന്നു എന്നാണ് കെ. നാഗമണിയുടെ പരാതിയില്‍ പറയുന്നത്.
നമ്പര്‍ പ്ലേറ്റ് മാറ്റിയ ശേഷമായിരുന്നു ഇവര്‍ കാറില്‍ യാത്ര തുടര്‍ന്നതെന്നും ഭവാനിയുടെ വീട്ടില്‍ ആരുമറിയാതെ കുഞ്ഞിനെ രണ്ട് ദിവസം പാര്‍പ്പിച്ചുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടിയെ വാങ്ങാന്‍ താല്‍പര്യമുള്ളവരക്കുവേണ്ടി ഇവര്‍ അന്വേഷണം നടത്തുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.
രണ്ട് ദിവസത്തെ തിരച്ചിലിനൊടുവില്‍ മക്കളില്ലാത്ത ശ്രീനിവാസ് എന്നയാളെ കണ്ടെത്തി കച്ചവടം ഉറപ്പിച്ച ഇവര്‍ 80,000 രൂപക്ക് കുഞ്ഞിനെ കൈമാറി.
ഭവാനിയോടൊപ്പം കാര്‍ ഡ്രൈവറായ ഗുട്ടുമല മധുസൂദന്‍ റാവു(28), ബുര ഭുമയ്യ(58), ഗരേപ്പള്ളി തിരുപ്പതി(30) കുഞ്ഞിനെ വാങ്ങിയ പുലിപ്പക ശ്രീനിവാസ്(45) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.