പാട്‌ന: കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്ന് ബീഹാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ബീഹാര്‍ സാമൂഹിക ക്ഷേമ വകുപ്പാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
മാതാപിതാക്കളുടെ അറിവോടെയും സമ്മതത്തോടെയുമാണ് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുപോയിരിക്കുന്നതെന്നും വിദ്യാഭ്യാസം നല്‍കുന്നതിനായാണ് കുട്ടികളെ കൊണ്ടുപോയതെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.
കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടിലായിരുന്നു കോടതിയുടെ വിധി. കുട്ടികളെ അവരുടെ രക്ഷിതാക്കളുടെ അറിവോടെയാണ് കൊണ്ടുവന്നതെന്നും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായാണ് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും ആയിരുന്നു കോടതിയുടെ നിരീക്ഷണം.
കേരളത്തിലേക്ക് വ്യാപകമായി കുട്ടികളെ കടത്തുന്നുണ്ടെന്നും വലിയ റാക്കറ്റാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും കുട്ടികളുടെ പേരില്‍ വിദേശഫണ്ട് തട്ടുന്നുണ്ടെന്നുമാണ് അമിക്കസ്‌ക്യൂറിയായ അപര്‍ണ ഭട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും കുട്ടികളെ കൊണ്ടുവന്നിരിക്കുന്നതെന്നും. അവിടുത്തെ ജനങ്ങളുടെ സാമൂഹിക സമ്പത്തിക സാഹചര്യം ഇടനിലക്കാര്‍ മുതലെടുക്കുന്നതിലൂടെയാണ് കുട്ടികള്‍ കേരളത്തിലേക്ക് എത്തുന്നതെന്നും ഇതിലൂടെ ഇടനിലക്കാര്‍ പണം കൊയ്യുകയാണെന്നും അപര്‍ണ ഭട്ടിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കുട്ടികള്‍ക്ക് നല്ല ഭക്ഷണവും താമസസ്ഥലവും ലഭിക്കും എന്നുള്ള പ്രതീക്ഷയിലാണ് മിക്ക അച്ഛനമ്മമാരും കുട്ടികളെ കേരളത്തിലേക്ക് അയക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.