ജൂലൈ 9ലെ വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രതിസന്ധിയോളം തന്നെ ഭയപ്പെടുത്തുന്ന ഒരു കണക്ക് അവതരിപ്പിച്ചിരുന്നു. മാര്‍ച്ച് 25 മുതല്‍ അന്ന് വരെ കേരളത്തില്‍ 66 കുട്ടികള്‍ ആത്മഹത്യ ചെയ്തു എന്നതായിരുന്നു ആ കണക്ക്. ആ സമയത്ത് കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം കേവലം 34 ആയിരുന്നു. പിന്നെയും കുട്ടികളുടെ ആത്മഹത്യകളുടെ എണ്ണം കൂടി വന്നു.
ജൂലൈ 9ന് തന്നെ സര്‍ക്കാര്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ ചിരി എന്ന കൗണ്‍സിലിംഗ് പ്രോഗ്രാം പ്രഖ്യാപിച്ചു. കൊവിഡ് കാലത്താരംഭിച്ച പല മാനസികാരോഗ്യ പരിപാടികളിലും കുട്ടികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കി. അങ്ങിനെ ദ്രുതഗതിയില്‍ തുടങ്ങിയ ഒട്ടേറെ നടപടികള്‍. മാനസികപിരിമുറക്കം കുറക്കുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച വിവിധ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് പദ്ധതികള്‍ വഴി 10,000ത്തിലേറെ കുട്ടികള്‍ക്കാണ് കൗണ്‍സിലിംഗ് നല്‍കിയത്. ഇതില്‍ 3000ത്തിലേറെ കുട്ടികള്‍ സ്‌ട്രെസ്സ്/പിരിമുറക്കം അനുഭവിക്കുന്നവരായിരുന്നു. 2000ത്തോളം കുട്ടികള്‍ ആങ്‌സെറ്റിക്കും 300ലേറെ പേര്‍ ബിഹേവിയറല്‍ ഇഷ്യൂസും അനുഭവിക്കുന്നവരായിരുന്നു.
ആഗോളതലത്തില്‍ തന്നെ ലോക്ക്ഡൗണ്‍ കാലം കുട്ടികളിലെ പിരിമുറക്കം വര്‍ധിപ്പിക്കുകയാണ് എന്ന തരത്തിലുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കേരളത്തിലും സമാനമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ അങ്ങിനെ ലോക്ക്ഡൗണ്‍ കാലം കുട്ടികള്‍ക്കായുള്ള കേരളത്തിന്റെ മാനസികാരോഗ്യപദ്ധതികളുടെ കൂടി കാലമായി മാറി.
ആ സമയത്ത് തന്നെ ആരോഗ്യവിദഗ്ധരും കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരും ഒരു സംശയം ഉന്നയിച്ചിരുന്നു, ശരിക്കും ലോക്ക്ഡൗണ്‍ മാത്രമാണോ നമ്മുടെ കുട്ടികളിലെ മാനസിക സമ്മര്‍ദത്തിനും ആത്മഹത്യക്കും കാരണം? ലോക്ക്ഡൗണ്‍ കാലത്ത് മാത്രം ശ്രദ്ധിക്കേണ്ടതാണോ നമ്മുടെ കുട്ടികളെയും സ്വന്തം ജീവനെടുക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്ന ജീവിതസാഹചര്യങ്ങളെയും.
കൊവിഡ് കാലത്ത് കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് നാളുകളായി നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായി മാത്രമേ കാണാനാവുകയുള്ളു എന്നാണ് ഇംഹാന്‍സിലെ ക്ലിനിക്കല്‍ സൈക്കോളജി വിഭാഗം മേധാവിയായ ഡോ. അബ്ദുള്‍ സലാം ചൂണ്ടിക്കാണിക്കുന്നത്. കൊവിഡും ലോക്ക്ഡൗണുമാണ് കുട്ടികളുടെ ആത്മഹത്യ വര്‍ധിപ്പിച്ചത് എന്ന് ഒരിക്കലും പറയാനാകില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഓരോ വര്‍ഷം കഴിയും തോറും കുട്ടികള്‍ക്കിടയിലെ ആത്മഹത്യയും മാനസിക സംഘര്‍ഷങ്ങളും ഗണ്യമായി വര്‍ധിക്കുന്നതായി എത്രയോ പഠനറിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു. ആരോഗ്യവിദഗ്ധരും സാമൂഹ്യപ്രവര്‍ത്തകരും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുമെല്ലാം പല തവണ ആവര്‍ത്തിച്ചതാണ് കേരളം തങ്ങളുടെ കുട്ടികളെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന്.
ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനുള്ള സൗകര്യങ്ങള്‍ വീട്ടിലില്ലാത്തതിന്റെ വിഷമത്തില്‍ ആത്മഹത്യ ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയുടെ മരണത്തോടെയാണ് കുട്ടികളിലെ ആത്മഹത്യ സമീപകാലത്ത് സജീവ ചര്‍ച്ച വിഷയമാകുന്നത്. എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ ആത്മഹത്യയിലേക്ക് നീങ്ങുന്നത് ? എന്തെല്ലാം ഘടകങ്ങളായിരിക്കാം സ്വന്തം ജീവിതം അവസാനിപ്പിച്ചു കളയാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നത്? ലോക്ക്ഡൗണ്‍ സമയത്തും അല്ലാതെയും നമ്മുടെ കുട്ടികള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്?
‘വ്യക്തിപരവും സാമൂഹ്യവും സാംസ്‌ക്കാരികവുമായ പല കാര്യങ്ങളും കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചേക്കാം. ജെനിറ്റക്കലായ പ്രശ്‌നങ്ങളും ഇതിനോടൊപ്പം ഉണ്ടാകും. ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും ഇതില്‍ നിര്‍ണായക ഘടകമായിരിക്കാം. വ്യക്തിപരമായി എടുക്കുകയാണെങ്കില്‍ ഓരോ കുട്ടിയും വ്യത്യസ്തമായ രീതിയിലായിരിക്കും സമാന സാഹചര്യങ്ങളോട് പ്രതികരിക്കുന്നത്. പ്രിവില്ലജ്ഡ് ആയവരും അല്ലാത്തവരുമായി സമൂഹത്തില്‍ തന്നെ വേര്‍തിരിവുകള്‍ നില്‍ക്കുന്ന സമയത്ത് അത് കുട്ടികളെയും ബാധിക്കും. ഇങ്ങിനെ വളരെ സങ്കീര്‍ണമായ പ്രശ്‌നമാണ് കുട്ടികളിലെ ആത്മഹത്യ.’ ഡോ.അബ്ദുള്‍ സലാം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
വളരെ നിസ്സാരമെന്ന് നമ്മള്‍ കരുതുന്ന കാരണങ്ങള്‍ക്കൊണ്ട് കുട്ടികള്‍ ആത്മഹത്യയിലേക്ക് നീങ്ങുമ്പോള്‍ ആ പ്രത്യേക കാരണത്തെക്കുറിച്ചല്ല, പകരം ആ തീരുമാനം എടുക്കാന്‍ കുട്ടിയെ നിര്‍ബന്ധിതരാക്കുന്ന ജീവിതസാഹചര്യങ്ങളെയാണ് വിലയിരുത്തേണ്ടതെന്ന് കുട്ടികളിലെ മാനസിക സമ്മര്‍ദം കുറക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സോഷ്യോ എന്ന സംഘടനയുടെ മാനേജിംഗ് ഡയറക്ടറായ അപര്‍ണ വിശ്വനാഥ് ചൂണ്ടിക്കാണിക്കുന്നു. ‘ഒരു ചെറിയ കാരണം പോലും മാനസിക സംഘര്‍ഷത്തിലേക്കും ആത്മഹത്യയിലേക്കും നീങ്ങാന്‍ ഒരു കുട്ടിയെ പ്രേരിപ്പിക്കുന്നുണ്ടെങ്കില്‍ അത്തരത്തിലുള്ള ഒരു അന്തരീക്ഷത്തിലാണ് ആ കുട്ടി ഇത്രയും നാളും വളര്‍ന്നത് എന്നല്ലേ നമ്മള്‍ ആദ്യം മനസ്സിലാക്കേണ്ടത് ?’ അപര്‍ണ വിശ്വനാഥന്‍ ചോദിക്കുന്നു.
‘കേരളത്തിലെ വിദ്യാഭ്യാസ രീതിയില്‍ തന്നെ പഠിക്കുന്ന ആള്‍ക്കാര്‍ പ്രിവില്ലജ്ഡ് ആവുകയും പഠിക്കാത്തവര്‍ പ്രിവില്ലജ് ഇല്ലാത്തവരാവുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ടി വി ഇല്ലാത്തതുകൊണ്ട് എന്ന പേരില്‍ ഒരു കുട്ടി ആത്മഹത്യ ചെയ്യുമ്പോള്‍ കുറച്ച് ടി വി വാങ്ങിക്കൊടുത്താല്‍ അതൊരു താല്‍ക്കാലിക ആശ്വാസം മാത്രമേ ആകുന്നുള്ളു. അതുകൊണ്ടു പ്ര്ശനങ്ങള്‍ അവസാനിക്കുന്നില്ല. മാനസിക പ്രശ്‌നങ്ങളോടുള്ള സമൂഹത്തിന്റെ സ്റ്റിഗ്മയും ഈ പ്രശ്ങ്ങള്‍ക്ക് ചികിത്സ തേടാനുള്ള മടിയും തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഈ സമയത്ത് കുറച്ചു കൂടെ പുറത്തുവരാന്‍ തുടങ്ങി എന്നു വേണം കരുതാന്‍. അല്ലാതെ കൊവിഡ് വന്നതുകൊണ്ട് ഒരു ദിവസം കുട്ടികള്‍ പോയി ആത്മഹത്യ ചെയ്യുകയല്ല.’ ഡോ. അബ്ദുള്‍ സലാം വ്യക്തമാക്കി.
2014 മുതലുള്ള കേരളത്തിലെ കുട്ടികളിലെ ആത്മഹത്യ നിരക്ക് പരിശോധിക്കുകയാണെങ്കില്‍, വര്‍ഷത്തില്‍ ശരാശരി 300 കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന നിലയിലേക്ക് വരെ എത്തിയിരിക്കുകയാണ് ഏറ്റവും പുതിയ കണക്കുകള്‍. റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ മാത്രമാണിത്, യഥാര്‍ത്ഥ കണക്കുകള്‍ ഇതിനേക്കാള്‍ കൂടുതലായിരിക്കാം എന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കേരളത്തിലെ 20 ശതമാനം കൗമാരക്കാരും ഒന്നോ അതിലധികമോ ബിഹേവിയറല്‍ പ്രശ്നങ്ങള്‍ നേരിടുന്നവരാണ്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ജൂലായ് വരെയുള്ള മാസങ്ങളില്‍ ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം 83 ആയിരുന്നു. അങ്ങിനെയെങ്കില്‍ ഇപ്പോഴത്തെ 66 വെച്ചുനോക്കുമ്പോള്‍ ഇപ്പോള്‍ ആത്മഹത്യകള്‍ കുറയുകയല്ലേ, അപ്പോള്‍ ആശ്വസിക്കേണ്ടതല്ലേ എന്ന് ചോദിക്കാം. പക്ഷെ ഈ ലോക്ക്ഡൗണ്‍ സമയത്ത്, ഏറ്റവും സുരക്ഷിതമായ ഇടമെന്ന് കരുതുന്ന വീടുകളില്‍ തന്നെ കുട്ടികള്‍ കഴിയുമ്പോള്‍ പോലും ആത്മഹത്യനിരക്ക് ഉയരുന്നത് സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല.
ആത്മഹത്യക്ക് പിന്നിലെ കാരണങ്ങളെ മാനസിക സമ്മര്‍ദമായും കൗണ്‍സിലിംഗ് കൊണ്ട് തീരുന്ന പ്രശ്നമായും മാത്രം ചുരുക്കി കാണുന്നതും പരിഹാരമല്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. സാമൂഹ്യ സാഹചര്യങ്ങള്‍ കൂടി ഇവിടെ പരിഗണിക്കേണ്ടതുണ്ട്..
കേരളത്തില്‍ കുട്ടികളുടെ മരണത്തിന് പിന്നിലെ മൂന്നാമത്തെ പ്രധാന കാരണമാണ് ആത്മഹത്യകള്‍. ദേശീയനിരക്കിനേക്കാള്‍ കൂടിയ ആത്മഹത്യാ നിരക്കുള്ള കേരളത്തില്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്യുന്നത്. എന്നാല്‍ മുതിര്‍ന്നവര്‍ക്കിടയിലെത്തുമ്പോള്‍ ഈ കണക്ക് നേരെ തിരിച്ചാകുന്നു. സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് ആത്മഹത്യ തെരഞ്ഞെടുക്കുന്നത്.
2017ല്‍ സാമൂഹ്യനീതി വകുപ്പ് കുട്ടികളിലെ ആത്മഹത്യ സംബന്ധിച്ച ചില അന്വേഷണങ്ങള്‍ നടത്തിയിരുന്നു. അന്ന് പഠനം നടത്തിയ 8 ആത്മഹത്യാ കേസുകളില്‍ അഞ്ചും പെണ്‍കുട്ടികളായിരുന്നു. ലൈംഗികാതിക്രമത്തിന് ഇരയായവരായിരുന്നു ഈ അഞ്ച് പെണ്‍കുട്ടികളും. തങ്ങള്‍ക്ക് നേരെ നടന്ന അതിക്രമത്തിന്റെ ട്രോമയും പ്രണയബന്ധത്തിലായതിനെച്ചൊല്ലി വീട്ടുകാര്‍ ഉണ്ടാക്കിയ അപമാനബോധവും താങ്ങാനാകാതെയാണ് ഇവര്‍ ജീവിതം തന്നെ അവസാനിപ്പിച്ചത്.
ഇങ്ങിനെ നമുക്ക് ചുറ്റും നിലനില്‍ക്കുന്ന വിവിധങ്ങളായ സാമൂഹ്യപ്രശ്നങ്ങളെക്കൂടി കണക്കിലെടുക്കാതെ കുട്ടികള്‍ നേരിടുന്ന പ്രശ്ങ്ങള്‍ക്ക് പരിഹാരം കാണാനാകില്ലെന്നാണ് ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
അടുത്ത ബന്ധുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരില്‍ നിന്നാണ് ലൈംഗികാതിക്രമം അടക്കമുള്ള ഉപദ്രവങ്ങള്‍ കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്നതെന്നാണ് കോഴിക്കോട് ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോഡിനേറ്ററായ മുഹമ്മദ് അഫ്‌സല്‍ കെ.കെ ചൂണ്ടിക്കാണിക്കുന്നത്. ‘പല കേസുകളിലും ഞങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നത് കുട്ടിയുമായി നേരത്തെ തന്നെ ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരാണ് ഇതിലെ പ്രതികള്‍ എന്നതാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ കേസുകളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ നിന്നും ഇതു തന്നെയാണ് മനസ്സിലാക്കാനാകുന്നത്.’ മുഹമ്മദ് അഫ്‌സല്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക്ക്ഡൗണ്‍ സമയത്തെ കുട്ടികളുടെ ആത്മഹത്യക്ക് പിന്നിലെ കാരണങ്ങളായി ചൂണ്ടിക്കാട്ടിയത് കുടുംബത്തിലെ പ്രശ്നങ്ങള്‍, കുട്ടികള്‍ ചെയ്യുന്ന തെറ്റുകളെ മാതാപിതാക്കള്‍ കൈകാര്യം ചെയ്യുന്ന രീതിയിലെ പാകപ്പിഴകള്‍, ലോക്ക്ഡൗണ്‍ സൃഷ്ടിച്ച അധിക മാനസിക സമ്മര്‍ദം തുടങ്ങിയവയായിരുന്നു.
ലോക്ക്ഡൗണ്‍ സമയത്ത് കുട്ടികള്‍ കടുത്ത മാനസികസംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് തുടക്കം മുതലേ റിപ്പോര്‍ട്ടുകളും പഠനങ്ങളും വന്നിരുന്നു. കുടുംബാംഗങ്ങളല്ലാതെ മറ്റാരെയും കാണാനോ സംസാരിക്കാനോ കഴിയാതെ വീട്ടില്‍ തന്നെ കഴിയേണ്ടി വരുന്നത് പലവിധത്തിലുള്ള മാനസികപ്രശ്നങ്ങള്‍ കുട്ടികളില്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന പഠനങ്ങളെല്ലാം സൂചിപ്പിക്കുന്നത്. കൂട്ടുകാരും സഹപാഠികളും അധ്യാപകരും ചേര്‍ന്നൊരുക്കുന്ന സ്‌കൂളെന്ന സപ്പോര്‍ട്ട് സിസ്റ്റം ഇല്ലാതായത് വലിയ തോതിലാണ് കുട്ടികളെ ബാധിച്ചിരിക്കുന്നതെന്നാണ് വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടറായ ടി വി അനുപമ ഐ.എ.എസ് ചൂണ്ടിക്കാണിക്കുന്നത്.
ലോക്ക്ഡൗണ്‍ സമയത്ത് ചൈല്‍ഡ്‌ലൈനിലേക്ക് വരുന്ന കേസുകളുടെ എണ്ണത്തില്‍ താരതമ്യേനെ കുറവുണ്ടായിട്ടുണ്ടെങ്കിലും വരുന്ന കേസുകളെല്ലാം ഏറെ ഗൗരവതരമാണെന്നാണ് കോഴിക്കോട് ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ‘കഴിഞ്ഞ മൂന്നുമാസത്തെ കേസുകള്‍ മാത്രം പരിശോധിക്കുമ്പോള്‍ ഇമോഷണല്‍ സപ്പോര്‍ട്ട് ആന്‍ഡ് ഗൈഡന്‍സിന്റെ മേഖലകളിലാണ് അധികം കേസുകളും. ഇത് ഒരു സൂചനയാണ്. വളരെ ഗുരുതരമായ പ്രശ്‌നങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നതിന്റെ സൂചന.’ മുഹമ്മദ് അഫ്‌സല്‍ ചൂണ്ടിക്കാണിച്ചു.
ലോക്ക്ഡൗണില്‍ കുടുംബത്തോടൊപ്പം കഴിയാന്‍ അവസരം ലഭിച്ചു എന്നത് പൊതുവെ നല്ല കാര്യമായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും അത് എല്ലാവര്‍ക്കും ഒരുപോലെയാകണമെന്നില്ലെന്നും പലര്‍ക്കും വീടുകളില്‍ തന്നെ കഴിയേണ്ടി വന്നത് മുന്‍പുള്ളതിനേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കാമെന്നുമാണ് ഡോ.അബ്ദുള്‍ സലാം വ്യക്തമാക്കിയത്.
‘ലോക്ക്ഡൗണില്‍ ഗാര്‍ഹിക പീഡനം കൂടിവരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് കുട്ടികളെയും ബാധിക്കും. കൂടാതെ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ പരസ്പരം സ്പര്‍ശിക്കുന്നത് കുറഞ്ഞത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫിസിക്കല്‍ ടച്ച് മനുഷ്യന് ഏറെ പ്രധാനപ്പെട്ടതാണ്. ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതുമൊക്കെ നമ്മള്‍ അത്രയേറെ ഇഷ്ടപ്പെടുന്നത് ഈ പ്രധാന്യം കൊണ്ടുതന്നെയാണ്. ഇത് ഇല്ലാതാകുന്നത് മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കാം.’ ഡോ.അബ്ദുള്‍ സലാം അഭിപ്രായപ്പെട്ടു.
എന്നിരുന്നാലും ഒരു ലോക്ക്ഡൗണ്‍ കാലത്തേക്ക് മാത്രമായി കുട്ടികള്‍ നേരിടുന്ന മുഴുവന്‍ പ്രശ്നങ്ങളെയും ചുരുക്കിക്കാണുന്നത് ഒരു രോഗം വരുമ്പോള്‍ അതിന് പിന്നിലെ കാരണത്തെ ശ്രദ്ധിക്കാതെ രോഗലക്ഷണത്തെ മാത്രം ചികിത്സിക്കുന്നതിന് തുല്യമാണെന്നു തന്നെയാണ് വിദഗ്ധരെല്ലാം ചൂണ്ടിക്കാണിക്കുന്നത്. വിദ്യാഭ്യാസ-ആരോഗ്യമേഖലകളിലെ കേരള മോഡല്‍ ലോകം മുഴുവന്‍ പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ കുട്ടികള്‍ക്കിടയിലെ ആത്മഹത്യനിരക്കോ മാനസിക സമ്മര്‍ദമോ കുറക്കുന്നതില്‍ ഫലപ്രദമായ ഇടപെടലുകള്‍ സംസ്ഥാനത്ത് ഇതുവരെയും ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
‘കൊവിഡില്‍ കേരളത്തിന് ഒരു പരിധി വരെയെങ്കിലും വിജയിക്കാനായത് ഇവിടെ നിലവിലുണ്ടായിരുന്ന ആരോഗ്യസംവിധാനങ്ങളുടെ മികവ് മൂലമാണ്. അതുപോലെ തന്നെ നിലവിലെ വിദ്യാഭ്യാസമ്പ്രദായത്തിന്റെയും മറ്റു സാമൂഹ്യവ്യവസ്ഥകളുടെയും പ്രശ്‌നങ്ങളിലേക്കാണ് ഈ ആത്മഹത്യകള്‍ വിരല്‍ ചൂണ്ടുന്നത്.’ ഡോ.അബ്ദുള്‍ സലാം പറയുന്നു.
കുട്ടികളിലെ ആത്മഹത്യാ പ്രവണത കുറക്കുന്നതിനായി വിവിധ പദ്ധതികള്‍ ഈ ലോക്ക്ഡൗണിന്റെ വ്യത്യസ്ത ഘട്ടങ്ങളിലായി സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ചിരി എന്ന പേരില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ ഫോണ്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്ന പദ്ധതി ആയിരുന്നു ഇതിലൊന്ന്.
വനിതാ-ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ആശ വര്‍ക്കര്‍മാരെയും അംഗന്‍വാടി അധ്യാപകരെയും ഉള്‍പ്പെടുത്തി ഫോണ്‍ വഴിയുള്ള കൗണ്‍സിലിംഗ് പരിപാടികള്‍ ആരംഭിച്ചു. കേരള പൊലീസിന്റെ നേതൃത്വത്തിലും ആത്മഹത്യ തടയുന്നതിനുള്ള ബോധവത്കരണപരിപാടികള്‍ നടത്തുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ക്വാറന്റീനില്‍ കഴിയുന്ന രോഗികള്‍ക്കുമായി ആരംഭിച്ചിരുന്ന ഒറ്റക്കല്ല, ഒപ്പമുണ്ട് എന്ന കൗണ്‍സിലിംഗ് പരിപാടി മാനസിക സംഘര്‍ഷം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുകൂടി ഉപയോഗപ്പെടുത്താനും തീരുമാനിച്ചു. ഫലപ്രദമായ മാറ്റത്തിന് വഴി വെക്കുന്നതായിരിക്കുമോ ഈ പദ്ധതികളെന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്.
ഇപ്പോള്‍ തുടങ്ങിയിട്ടുള്ള പദ്ധതികള്‍ക്ക് തുടര്‍ച്ചുയുണ്ടാവുകയും വിവിധ വകുപ്പുുകള്‍ പ്രത്യേകം പ്രത്യേകം നടത്തുന്ന പരിപാടികള്‍ ഏകോപിപ്പിക്കുകയും ചെയ്തുക്കൊണ്ട് കുട്ടികളിലെ ആത്മഹത്യയും മാനസിക സംഘര്‍ഷങ്ങളും നേരിടുന്നതിനായി കാര്യക്ഷമമായ ഒരു സ്ഥിരം സംവിധാനം നിലവില്‍ വന്നാല്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമാവുകയുള്ളു എന്നാണ് ഡോ.അബ്ദുള്‍ സലാം ഈ വിഷയത്തില്‍ പ്രതികരിച്ചത്.
കുട്ടികളിലെ ആത്മഹത്യ ഒരു സങ്കീര്‍ണ്ണമായ പ്രശ്നമാണ്. കുട്ടികള്‍ ആത്മഹത്യ തെരഞ്ഞെടുക്കുന്നത് ഈ കാരണത്താലാണ്, അല്ലെങ്കില്‍ മറ്റൊരു കാരണത്താലാണ് എന്ന് എളുപ്പത്തില്‍ ചൂണ്ടിക്കാണിക്കാനുമാവില്ല. വ്യക്തിപരവും സാമൂഹ്യവും ആരോഗ്യപരവുമായ വിവിധ ഘടകങ്ങള്‍ ഇതിന് പിന്നിലുണ്ടാകാം. അതുകൊണ്ടു തന്നെ ഇന്‍സ്റ്റന്‍ഡായി ഇതിന് ഒരു പരിഹാരം കാണാനുമാകില്ല. അപ്പോള്‍ പിന്നെ എന്താണ് നമുക്ക് മുന്‍പിലുള്ള വഴി?
തീരുമാനമെടുക്കാനുള്ള കഴിവ്, വിഷയങ്ങളിലെ വിവിധ വശങ്ങള്‍ ചിന്തിക്കാനുള്ള കഴിവ് തുടങ്ങി ലോകാരോഗ്യ സംഘടന കുട്ടികളില്‍ തീര്‍ച്ചയായും വളര്‍ത്തിയെടുക്കണമെന്നാവശ്യപ്പെടുന്ന ലൈഫ് സ്‌കില്‍സ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയാണ് ഇപ്പോള്‍ എത്രയും വേഗം നടപ്പിലാക്കേണ്ടതെന്നാണ് അപര്‍ണ വിശ്വനാഥ് ചൂണ്ടിക്കാണിക്കുന്നത്. വീടുകളില്‍ തുറന്ന ചര്‍ച്ചക്ക് അവസരമുണ്ടാകണമെന്നും മെന്റല്‍ ഫസ്റ്റ് എയ്ഡിനെക്കുറിച്ച് അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ബോധ്യമുണ്ടാകണമെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.
എന്തെങ്കിലും മാനസിക സമ്മര്‍ദം ഉണ്ടായാല്‍ കുട്ടികള്‍ക്ക് സംസാരിക്കാനാകുന്ന, പ്രശ്‌നങ്ങള്‍ തുറന്നുപറയാനാകുന്ന ബഡി സിസ്റ്റം വളര്‍ത്തുക ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചു വരികയാണ് അപര്‍ണ നേതൃത്വം നല്‍കുന്ന സോഷ്യോ എന്ന സംഘടന. ഈ ബഡി സിസ്റ്റം സുഹൃത്തുക്കളോ സഹോദരങ്ങളോ മാതാപിതാക്കളോ അധ്യാപകരോ തുടങ്ങി ആരുമാകാമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ചെറുപ്പം മുതല്‍ തന്നെ ഇത്തരം രീതികള്‍ക്ക് തുടക്കം കുറിക്കണമെന്നും അപര്‍ണ ചൂണ്ടിക്കാട്ടി.
കുട്ടികളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കുട്ടികളെ മാത്രം ശ്രദ്ധിച്ചിട്ട് കാര്യമില്ലെന്നും മുതിര്‍ന്നവര്‍ക്കാണ് പലപ്പോഴും കൂടുതല്‍ ബോധവത്കരണം ആവശ്യമെന്നും ഡോ. അബ്ദുള്‍ സലാമും അഭിപ്രായപ്പെടുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക