ലൈംഗിക ചുവയുള്ള പ്രസംഗം: പേരോട് അബ്ദുറഹിമാന്‍ സഖാഫിയെ അറസ്റ്റ് ചെയ്തു
Daily News
ലൈംഗിക ചുവയുള്ള പ്രസംഗം: പേരോട് അബ്ദുറഹിമാന്‍ സഖാഫിയെ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd January 2015, 2:10 pm

Perodകോഴിക്കോട്: സ്ത്രീകളെ അപമാനിക്കും വിധവും ലൈംഗിക ചുവയുള്ളതുമായ പ്രഭാഷണം നടത്തിയതിന് സിറാജുല്‍ഹുദ ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയും പ്രമുഖ മതപണ്ഡിതനുമായ പേരോട് അബ്ദുറഹിമാന്‍ സഖാഫിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 11 മണിയോടെ എസ്.പി. ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് സഖാഫിയെ ജാമ്യത്തില്‍ വിട്ടയച്ചു.

2014 നവംബര്‍ 11നായിരുന്നു അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. പാറക്കടവ് ദാറുല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നാല് വയസുകാരി എല്‍.കെ.ജി വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പേരോട് അബ്ദുറഹിമാന്‍ സഖാഫി ദാറുല്‍ഹുദാ സ്‌കൂളില്‍ നടത്തിയ പ്രസംഗത്തിലാണ് വിവാദപരമായ പരാമര്‍ശങ്ങള്‍ ഉണ്ടായത്. സഖാഫിയെ കഴിഞ്ഞയാഴ്ച്ച പോലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.

ഡൂള്‍ന്യൂസായിരുന്നു സഖാഫിയുടെ പ്രസംഗം 2014 നവംബറിന് ശബ്ദരേഖ സഹിതം പുറത്തു വിട്ടത്. പ്രസംഗത്തെ തുടര്‍ന്ന് സഖാഫിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. വെറും നാലു വയസുമാത്രം പ്രായമായ ഒരു കുഞ്ഞിനെയും സ്ത്രീകളെ മൊത്തത്തിലും അപമാനിക്കും വിധത്തിലുള്ളതായിരുന്നു പേരോട് സഖാഫിയുടെ പ്രഭാഷണം. സഖാഫിക്കെതിരെ കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സത്രീകളെ അപമാനിച്ചു എന്നുള്ളതിലും ലൈംഗികചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി എന്നിവയാണ് സഖാഫിക്കെതിരെയുള്ള കുറ്റങ്ങള്‍

നാലുവയസുകാരിക്ക് ലൈംഗികതയുടെ ആര്‍ത്തിയാണ് എന്ന ധ്വനിയില്‍ പേരോട് പ്രഭാഷണത്തിലുടനീളം സംസാരിച്ചിരുന്നു. ലൈംഗിക പീഡനത്തിന് വിധേയമായ കുട്ടി ബലൂണ്‍ കൊണ്ട് ലൈംഗികാവയത്തില്‍ മര്‍ദ്ദിക്കുന്നതിന്റെ പ്രചോദനം എവിടെ നിന്നാണ് കിട്ടിയതെന്ന് തനിക്ക് മനസിലാവുന്നില്ല എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

“ഈ കുട്ടി ബലൂണിങ്ങനെ ഊതിവീര്‍ത്തീട്ട് ആ ബലൂണ് കൊണ്ട് ലൈംഗികാവയവത്തിന്റെ അടുത്ത് അടിച്ചുകളിക്കുന്നത് ഉമ്മ കണ്ടുപോലും. അപ്പോ ഉമ്മ ചോദിച്ചുപോലും നീയെന്താ കളിക്കുന്നത് എന്താ ഇവിടെ സംഭവിച്ചത് ഇനിക്കെന്താ പറ്റിയത്. എന്തൊക്കെ ചോദിച്ചിട്ട് അടിക്കുന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോള്‍ ഈ കുട്ടി ഇങ്ങനെയൊരു വിഷയം പറഞ്ഞു. എന്നാണ് ഉമ്മാന്റെ വിശദീകരണം. ഈ കുട്ടിക്ക് ഈക്കളിയൊക്കെ കളിച്ചിട്ട് പിന്നെയും ഒരു ബലൂണ് കൊണ്ട് കളിക്കാനുള്ള പ്രചോദനം എവിടെ നിന്നാണ് കിട്ടിയത് എന്ന് എനിക്ക് മനസിലാവുന്നില്ല.” (ചിരിക്കുന്നു.) അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ പറഞ്ഞു.

പീഡിപ്പിക്കപ്പെട്ട കുട്ടി തുടര്‍ന്നുള്ള 9 ദിവസം എവിടെയൊക്കെ പോയി എന്തൊക്കെ സംഭവിച്ചു എന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും അവള്‍ കരഞ്ഞില്ലെന്നും അധ്യാപകരോട് പരാതി പറഞ്ഞില്ലെന്നും അദ്ദേഹം പ്രസംഗത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ വാദങ്ങള്‍ക്ക് വിപരീതമായ മൊഴിയാണ് സ്‌കൂളിലെ അധ്യാപകര്‍ പോലീസിന് നല്‍കിയിരുന്നത്.

പീഡനം നടന്നിട്ടില്ല എന്ന് തെളിയിക്കാനവന്‍ സഖാഫി പറഞ്ഞത് ഇപ്രകാരമായിരുന്നു.

“ഈ കുട്ടി പീഡനം നടന്നിട്ടുണ്ടെങ്കില്‍ ഒന്നുകില്‍ ബോധം കെട്ടുവീഴണം. അല്ലെങ്കില്‍ മരണപ്പെട്ടുപോകണം. അല്ലെങ്കില്‍ ബ്ലെഡുകൊണ്ട് നെറയണം. ഇതൊന്നുമില്ലെങ്കില്‍ ഞാന്‍ പറയട്ടെ ആ കുട്ടി നിലവിളിക്കണം. നിലവിളിച്ചുകൊണ്ട് ആ കുട്ടിക്ക് ഓടാനും ചാടാനുമൊന്നും കഴിയൂന്ന് എനിക്ക് തോന്നുന്നില്ല. നാലര വയസുള്ള കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ആ കുട്ടി ഓടീട്ട് ക്ലാസിലെത്തുമെന്നെനിക്ക് തോന്നുന്നില്ല. ഇനി ഓടീട്ട് . ഇനി അങ്ങനെയെങ്ങാന്‍ കുട്ടി വന്നാല്‍ തന്നെ ഈ കുട്ടി നിലവിളിച്ചുകൊണ്ട് വരണം. നിലവിളിച്ചുകൊണ്ട് ഇതാ എന്നെ ഇങ്ങനെയൊരാള്‍ ചെയ്തുവെന്ന് പറയണം.”

എന്നാല്‍ കുട്ടിയെ ഡിറ്റോളില്‍ കുളിപ്പിച്ചിരുന്നു എന്ന് പോലീസിന് പിന്നീട് തെളിവ് ലഭിച്ചിരുന്നു.