കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന കുഞ്ഞിന്റെ 26കാരിയായ അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. കൊല്‍ക്കത്തയിലെ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തിലെ കുട്ടികളുടെ വാര്‍ഡില്‍ വെച്ചാണ് ആശുപത്രി ജീവനക്കാരന്‍ യുവതിയോട് അതിക്രമം കാണിച്ചത്.
യുവതിയുടെ പരാതിയില്‍ ആശുപത്രിയിലെ ജീവനക്കാരനായിരുന്ന തനയ് പാല്‍ എന്ന വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. വാര്‍ഡില്‍ കുഞ്ഞിനോടൊപ്പം ഉറങ്ങുകയായിരുന്ന യുവതിയോട് തനയ്പാല്‍ മോശമായി പെരുമാറുകയും വസ്ത്രം അഴിച്ചെടുക്കയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.
യുവതിയുടെ പരാതിയെ തുടര്‍ന്ന് കൊല്‍ക്കത്ത പൊലീസ് ഭാരതീയ ന്യായ് സംഹിതയുടെ വിവിധ വകുപ്പുകള്‍ ഉപയോഗിച്ച് പ്രതിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്കായി പൊലീസ് പിടിച്ചെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയെ പ്രാദേശിക കോടതിയില്‍ ഹാജരാക്കി പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു.
കൊല്‍ക്കത്തയിലെ ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പ്രതിഷേധങ്ങള്‍ നടക്കുന്നതിന്റെ ഇടയില്‍ തന്നെയാണ് ഈ പുതിയ കേസും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളേജിലെ സംഭവം നടന്നതിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഈ സംഭവം നടന്നിരിക്കുന്നത്.
അതേസമയം ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താനുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ശ്രമം ഇന്നലെ പരാജയപ്പെട്ടിരുന്നു. ചര്‍ച്ച പൂര്‍ണമായും ലൈവ് സ്ട്രീമിങ് ചെയ്യാനോ റെക്കോര്‍ഡ് ചെയ്യാനോ അനുവദിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഈ ആവശ്യത്തില്‍ തട്ടിയാണ് ചര്‍ച്ച മുടങ്ങിയത്. നേരത്തെ അപ്രതീക്ഷിതമായി സമരക്കാരെ മമത സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ ചര്‍ച്ചക്ക് തയ്യാറായത്.
CONTENT HIGHLIGHTS: Child’s mother raped in Kolkata; Hospital employee arrested