തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വി സംപ്രേക്ഷണം ചെയ്ത വീഡിയോയില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. വീഡിയോ സ്റ്റോറിക്കെതിരെ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.
വീഡിയോയില്‍ റിപ്പോര്‍ട്ടര്‍ ടി.വിയോട് വിശദീകരണം തേടിയതായി ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ മനോജ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ രൂക്ഷമായ വിമര്‍ശനവും ഉയരുന്നുണ്ട്. മത്സരത്തില്‍ പങ്കെടുത്ത ഒപ്പന സംഘത്തിലെ മണവാട്ടിയോട് പ്രണയം തോന്നുന്ന റിപ്പോര്‍ട്ടര്‍ എന്നതായിരുന്നു സ്റ്റോറിയുടെ ഉള്ളടക്കം.
മണവാട്ടിയായി മത്സരിച്ച വിദ്യാര്‍ത്ഥിനിയോട് റിപ്പോട്ടര്‍ പ്രണയത്തോടെ സംസാരിക്കുന്നതും നോക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
തുടര്‍ന്ന് അവതാരകന്‍ അരുണ്‍ കുമാര്‍ ഉള്‍പ്പെടെ, വീഡിയോയില്‍ അഭിനയിച്ച റിപ്പോര്‍ട്ടറോടും മറ്റു സഹപ്രവര്‍ത്തകരോടും വിദ്യാര്‍ത്ഥിയെ കുറിച്ച് ചോദിക്കുകയും പരസ്പരം കളിയാക്കുകയും ചെയ്യുന്ന ചര്‍ച്ചകളും റിപ്പോര്‍ട്ടര്‍ ടി.വി സംപ്രേക്ഷണം ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്നാണ് ചാനലിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നത്. പഠിക്കാനും പഠനത്തിന്റെ ഭാഗമായുള്ള കലാമേളകളില്‍ പങ്കെടുക്കാനും വരുന്ന കുഞ്ഞ് കുട്ടികളോട് അത് റിപ്പോര്‍ട്ട് ചെയ്യാന്‍ വരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് റൊമാന്‍സ് തോന്നുക എന്നത് ഓര്‍ക്കാന്‍ തന്നെ വയ്യെന്ന് മാധ്യമപ്രവര്‍ത്തക നിലീന അത്തോളി പ്രതികരിച്ചു.
പ്രമോദ് രാമന്‍, കെ.ജെ. ജേക്കബ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും വിമര്‍ശനത്തെ ശരിവെച്ചു. പോക്‌സോ എടുക്കേണ്ട തരത്തിലുള്ള സ്റ്റോറിയാണ് ചാനല്‍ ചെയ്തിരിക്കുന്നത് മാധ്യമ പ്രവര്‍ത്തകന്‍ അശോക് കര്‍ത്ത പറഞ്ഞു.
Content Highlight: Child Rights Commission filed a case against reporter TV’s Kalolsavam vedio story