| Wednesday, 4th August 2021, 6:22 pm

ദല്‍ഹി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത് രാഹുല്‍; നോട്ടീസ് അയച്ച് ദേശീയ ശിശുസംരക്ഷണ സമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പത് വയസ്സുകാരിയുടെ കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നടപടിയ്‌ക്കെതിരെ ദേശീയ ശിശു സംരക്ഷണ സമിതി.

ചിത്രങ്ങള്‍ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍ ഇന്ത്യയ്ക്ക് നോട്ടീസ് അയച്ചതായി ശിശുസംരക്ഷണ സമിതി വൃത്തങ്ങള്‍ അറിയിച്ചു.

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പത് വയസ്സുകാരിയുടെ മാതാപിതാക്കളെ ബുധനാഴ്ച രാവിലെ രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് എടുത്ത ചിത്രങ്ങളാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നത്.

കുട്ടിയുടെ മാതാപിതാക്കളുടെ മുഖം വ്യക്തമാകുന്ന രീതിയിലുള്ള ചിത്രങ്ങളാണ് അതെന്നും പോക്‌സോ നിയമത്തിന്റെ ലംഘനമാണ് ഈ നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് ശിശു സംരക്ഷണ സമിതി രംഗത്തെത്തിയത്. സംഭവത്തില്‍ രാഹുലിന്റെ നടപടിയെ ചോദ്യം ചെയ്ത് നോട്ടീസ് അയക്കണമെന്ന് ട്വിറ്ററിനോട് ശിശു സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

ദല്‍ഹി നങ്കലിലാണ് ഒമ്പതുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചെന്ന് പരാതിയുയരുകയും ചെയ്തിരുന്നു.

സംഭവത്തില്‍ പൂജാരി രാധേശ്യാം ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. നങ്കലിലെ ശ്മശാനത്തോട് ചേര്‍ന്ന വാടക വീട്ടിലാണ് കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്നത്.

പ്രദേശത്തെ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ വെള്ളം കുടിക്കാന്‍ ശ്മശാനത്തിലെ കൂളര്‍ തേടിയെത്തിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.

കുട്ടിയെ കാണാതായതോടെ അമ്മ തിരക്കിയിറങ്ങി. പിന്നാലെയെത്തിയ പൂജാരി കൂളറില്‍ നിന്നും വൈദ്യുതാഘാതമേറ്റാണ് കുട്ടി മരിച്ചതെന്ന് അമ്മയെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കരുതെന്നും അറിയിച്ചാല്‍ അവര്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുമെന്നും അവയവങ്ങള്‍ മോഷ്ടിക്കുമെന്നും പൂജാരി അമ്മയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്നെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.

കുട്ടിയുടെ ശരീരത്തിലെ മുറിപ്പാടുകള്‍ കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുട്ടിയെ ശ്മശാനത്തില്‍ വെച്ച് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തുകയായിരുന്നു.

ഇതിനുപിന്നാലെ പൂജാരി രാധേ ശ്യാമിനെ കൂടാതെ ശ്മശാനത്തിലെ ജീവനക്കാരായ ലക്ഷ്മിനാരായണ്‍, കുല്‍ദീപ്, സാലിം എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights; Child Rights Body Notice On Rahul Gandhi’s Photo Of Dalit Girl’s Family

We use cookies to give you the best possible experience. Learn more