national news
എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രിയിലെ കുട്ടികളുടെ പങ്കാളിത്തം; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി എന്‍.സി.പി.സി.ആര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 25, 02:55 am
Saturday, 25th June 2022, 8:25 am

ന്യൂദല്‍ഹി: എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രിയിലെ കുട്ടികളുടെ പങ്കാളിത്തം സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

ദ നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് (എന്‍.സി.പി.സി.ആര്‍) ആണ് സിനിമകള്‍, ടി.വി, റിയാലിറ്റി ഷോകള്‍, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വാര്‍ത്തകള്‍, സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളിലെ കണ്ടന്റ് ക്രിയേഷനുകള്‍ എന്നിവയിലെ സംബന്ധിച്ച ഗൈഡ്‌ലൈന്‍സ് പുറത്തിറക്കിയത്.

പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം, മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ഇത്തരം ഷോകളില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. എന്നാല്‍ മുലയൂട്ടല്‍, പ്രതിരോധ കുത്തിവെപ്പുകള്‍ എന്നിവ സംബന്ധിച്ച പ്രൊമോഷണല്‍ പ്രോഗ്രാമുകള്‍ക്ക് ഇളവുണ്ടായിരിക്കും .

കുട്ടികളെ കളിയാക്കുന്നതോ താഴ്ത്തിക്കെട്ടുന്നതോ ലജ്ജിപ്പിക്കുന്നതോ ആയ പരിപാടികളില്‍ ചൈല്‍ഡ് ആര്‍ടിസ്റ്റുകളെ പങ്കെടുപ്പിക്കരുതെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ മൂന്ന് വര്‍ഷം തടവും പിഴയും വരെയുള്ള ശിക്ഷ ലഭിക്കാമെന്നും ഡ്രാഫ്റ്റില്‍ പറയുന്നുണ്ട്.

കുട്ടികള്‍ പങ്കെടുക്കുന്ന പ്രൊഡക്ഷന്‍ സാഹചര്യങ്ങള്‍ സുരക്ഷിതമായിരിക്കണമെന്നും ഒരു കുട്ടിയെയും കരാറിലേര്‍പ്പെടുത്തരുതെന്നും 1976 ലെ ബോണ്ടഡ് ലേബര്‍ സിസ്റ്റം അബോളിഷന്‍ ആക്ട് (Bonded Labour System (Abolition) Act, 1976) ഉദ്ധരിച്ച് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

”ഒരു മൈനര്‍, പ്രത്യേകിച്ചും ആറ് വയസിന് താഴെയുള്ള കുട്ടികളെ കൃത്രിമവും മലിനപ്പെട്ടതും ദോഷകരവുമായ കോസ്‌മെറ്റിക്‌സിലേക്ക് എക്‌സ്‌പോസ് ചെയ്യരുത്. കുട്ടികള്‍ പങ്കെടുക്കുന്ന പ്രൊഡക്ഷനുമായി ബന്ധപ്പെട്ട എല്ലാവരും മെഡിക്കല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം,” മാര്‍ഗനിര്‍ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ എന്‍.സി.പി.സി.ആറിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡ്രാഫ്റ്റ് ചെയ്തിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രിയിലെ പ്രമുഖര്‍ അടങ്ങുന്ന കമ്മിറ്റിക്ക് മുമ്പാകെ പരിശോധനക്കായി വിട്ടിരിക്കുകയാണ്. ഇതിന് ശേഷം മാത്രമേ ഇത് അന്തിമമാക്കൂ.

Content Highlight: Child rights body issues guidelines for children in entertainment industry