സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളില്‍ നടക്കുന്നത് ബാലാവകാശ ലംഘനമെന്ന് റിപ്പോര്‍ട്ട്
Daily News
സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളില്‍ നടക്കുന്നത് ബാലാവകാശ ലംഘനമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd November 2014, 7:05 pm

child-right-01കണ്ണൂര്‍: സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളില്‍ നടക്കുന്നത് ബാലാവകാശ ലംഘനമെന്ന് റിപ്പോര്‍ട്ട്. ബാലാവകാശ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഹോസ്റ്റലിലെ അവസ്ഥ വ്യക്തമാക്കുന്നത്. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള ചുറ്റുപാടുകളിലാണ് കുട്ടികള്‍ താമസിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിച്ചു. നവമബര്‍ 14നാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പോസ്റ്റലിലെ കുട്ടികളുടെ ജീവിതം ദുഷ്‌കരമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കൂട്ടിലിട്ട അവസ്ഥയിലാണ് കുട്ടികള്‍ ഹോസ്റ്റലില്‍ കഴിയുന്നതെന്നും എട്ട് പെണ്‍കുട്ടിക്ക് താമസിക്കാന്‍ സൗകര്യമുള്ള മുറിയില്‍ 27 പെണ്‍കുട്ടികളാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഹോസ്റ്റല്‍ വൃത്തിയാക്കാന്‍ ജീവനക്കാരെ നിയമിച്ചിട്ടില്ലെന്നും കുട്ടികള്‍ തന്നെയാണ് ഹോസ്റ്റലുകള്‍ വൃത്തിയാക്കുന്നതെന്നും പഴകിയ ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കുട്ടികളുടെ ആരോഗ്യ സ്ഥിതി പരിശോധിക്കാന്‍ ഡി.എം.ഒയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ ഓഫീസര്‍ ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി പ്രവര്‍ത്തനാനുമതി നല്‍കിയാല്‍ മാത്രമേ ഹോസ്റ്റലിന് പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.

കുട്ടികള്‍ ഉപയോഗിക്കുന്ന കുളിമുറി വൃത്തിഹീനവും ഇരുട്ടറകള്‍ പോലെ ഭയാനകവും ആണെന്നും കമ്മീഷന്‍ ഹോസ്റ്റല്‍ സന്ദര്‍ശിക്കുന്ന സമയത്ത് അമ്പതോളം കുട്ടികള്‍ ചെങ്കണ്ണ് ബാധിച്ച അവസ്ഥയിലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടികളെ ഈ സാഹചര്യത്തില്‍ താമസിപ്പിക്കുകയാണെങ്കില്‍ പകര്‍ച്ച വ്യാധികള്‍ പടരുന്നതിനുള്ള സാധ്യതകള്‍ ഏറെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.