കൊച്ചി: ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ ജി.എന്‍.പി.സിക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാന്‍ പൊലീസ് തീരുമാനം. എക്‌സൈസ് എടുത്ത കേസിനു പിറകെയാണ് പൊലീസും കേസെടുത്തിരിക്കുന്നത്.
നാര്‍ക്കോട്ടിക് സെല്‍ നടത്തിയ അന്വേഷണത്തില്‍ ബാലനീതിയുടേയും സൈബര്‍ നിയമങ്ങളുടേയും ലംഘനം കൂട്ടായ്മയില്‍ നടന്നതായി സ്ഥിരീകരിച്ചു. നിയമങ്ങള്‍ ലംഘിച്ചാണ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മയുടെ പ്രവര്‍ത്തനമെന്ന് നാര്‍കോടിക് സെല്‍ അസി.കമ്മീഷ്ണര്‍ ഷീന്‍ തറയില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
ഇതനുസരിച്ച് ജി.എന്‍.പി.സിക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം കമ്മീഷ്ണര്‍ പി പ്രകാശ് നേമം പൊലീസിന് നിര്‍ദേശം നല്‍കി. കുട്ടികളുടെ ചിത്രങ്ങളടക്കം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗിച്ചതിനാല്‍ ബാലനീതി വകുപ്പും കേസെടുക്കും.
Read: മോദി കെയറിനോട് വിമുഖത കാണിച്ച് രാജസ്ഥാനും മഹാരാഷ്ട്രയും
കൂടാതെ മതചിഹ്നങ്ങളെ മദ്യത്തോടൊപ്പം ചേര്‍ത്ത് അപമാനിച്ചതിനാല്‍ മതസ്പര്‍ദ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റവും ചുമത്തും. ഐ.ടി നിയമപ്രകാരവും കേസെടുക്കാനാണ് തീരുമാനം.
അബ്കാരി നിയമപ്രകാരം കേസെടുത്ത എക്‌സൈസിന്റെ അന്വേഷണത്തില്‍ കൂട്ടായ്മയുടെ മറവില്‍ അഡ്മിന്‍ അജിത് കുമാര്‍ അനധികൃത മദ്യവില്‍പ്പന നടത്തിയതായി കണ്ടെത്തി.
തിരുവനന്തപുരത്തിന് പുറമെ വിദേശത്തും പലപ്പോഴായി മദ്യസല്‍ക്കാരം നടത്തിയിട്ടുണ്ട്. ഇവിടെയെല്ലാം അനധികൃതമായി മദ്യം വിറ്റ് സാമ്പത്തിക നേട്ടത്തിന് അജിത് കുമാര്‍ ശ്രമിച്ചെന്നാണ് കണ്ടെത്തല്‍.
Read: അഭിമന്യു വധം; ഗൂഢാലോചനയില്‍ പങ്കാളിയായ പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് അറസ്റ്റില്‍
ഇതോടെ ജാമ്യമില്ലാകുറ്റം ചുമത്തി കേസ് ഗുരുതരമാക്കാന്‍ എക്‌സൈസും തീരുമാനിച്ചു. 38 അഡ്മിനുകള്‍ ഗ്രൂപ്പിനുണ്ടെന്നാണ് എക്‌സൈസ് കണ്ടെത്തിയത്. എന്നാലിപ്പോള്‍ പത്ത് പേര്‍ മാത്രമാണ് ഗ്രൂപ്പിലുള്ളത്.
ബാക്കിയുള്ളവരെയും കൂട്ടായ്മ തുടങ്ങിയ അജിത് കുമാറിനേയും കണ്ടെത്താന്‍ ഹൈടെക് സെല്ലിന്റെ സഹായം തേടി. ഈ വിവരം ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് കടക്കാനാണ് തീരുമാനം. അഡ്മിന്‍മാര്‍ക്കെതിരെ അനധികൃത മദ്യവില്‍പ്പനയ്ക്കുള്ള ജാമ്യമില്ലാക്കുറ്റം ചുമത്താനാണ് എക്‌സൈസ് തീരുമാനം.