| Friday, 18th January 2019, 11:39 pm

ബിന്ദു തങ്കം കല്ല്യാണിയുടെ മകള്‍ ഭൂമിക്ക് പഠനം നിഷേധിച്ച സംഭവം: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു; രണ്ട് സ്‌കൂളുകള്‍ക്കെതിരേയും അന്വേഷണം

ജംഷീന മുല്ലപ്പാട്ട്

ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിനു പോയ ബിന്ദു തങ്കം കല്ല്യാണിയുടെ മകള്‍ ഭൂമിക്ക് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠനം നിഷേധിച്ചതില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ഭൂമിയുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി സാമുഹിക മാധ്യമങ്ങളില്‍ കാംപയിനിംഗ് നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ആളുകള്‍ പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലന് പരാതി കൊടുക്കുകയും തുടര്‍ന്നാണ് നടപടി.

മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. അന്വേഷണ ചുമതല പാലക്കാട് കമ്മീഷണര്‍ക്കാണെന്ന് കാണിച്ച് ബിന്ദു തങ്കം കല്ല്യാണിക് എസ്.പി ഓഫീസില്‍ നിന്നും അറിയിപ്പ് കിട്ടിയെന്ന് ബിന്ദു ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഭൂമിക്ക് പഠനം നിഷേധിച്ച അഗളി സര്‍ക്കാര്‍ സ്‌കൂളിനെതിരേയും ടി.എം കൃഷ്ണയുടെ അമ്മ നടത്തുന്ന സ്‌കൂളിനെതിരേയും അന്വേഷണം വരുമെന്നും ബിന്ദു പറഞ്ഞു.

ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ജോലിയെടുക്കണം എന്ന ആഗ്രഹ പ്രകാരമാണ് അട്ടപ്പാടിയിലെ സ്‌കൂളിലേയ്ക്ക് പഠിപ്പിക്കാന്‍ പോകാന്‍ തീരുമാനിച്ചതെന്ന് ബിന്ദു പറയുന്നു. വളരെ ആഗ്രഹിച്ചു ലഭിച്ചതായിരുന്നു അട്ടപ്പാടിയിലേയ്ക്കുള്ള ട്രാന്‍സ്ഫര്‍. എന്നാല്‍ നിലവില്‍ മകളുടെ വിഭ്യാഭ്യാസം നിഷേധിക്കുന്ന രീതിയില്‍ സംഘപരിവാര്‍ ഇടപെടുമ്പോള്‍ മകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ട്രാന്‍സ്ഫര്‍ വാങ്ങി മറ്റൊരിടത്തേക്ക് പോകാനാണ് ശ്രമിക്കുന്നതെന്ന് ബിന്ദു പറയുന്നു.

2018 ഒക്ടോബര്‍ 22നാണ് അഗളി സ്‌കൂള്‍ അധ്യാപിക കൂടിയായ ബിന്ദു തങ്കം കല്യാണി ശബരിമലയില്‍ പോകുന്നത്. പമ്പയില്‍ വെച്ച് ബിന്ദുവിനെ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ തടയുകയും ബിന്ദുവിനു ദര്‍ശനം നടത്താതെ മടങ്ങേണ്ടിയും വന്നു. ശബരിമല ദര്‍ശനം നടത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ ആദ്യം സംഘപരിവാര്‍ ബിന്ദുവിന്റെ വീടാക്രമിച്ചു. പിന്നീട് ബിന്ദുവിനെ ജോലിസ്ഥലത്ത് ഉപരോധിച്ചു. അഗളി സ്‌കൂള്‍ ഗേറ്റിനു മുമ്പില്‍ ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള ബി.ജെ.പി നേതാക്കളായിരുന്നു നാമജപവും ഉപരോധവും തീര്‍ത്തത്.

ഒരാക്രമണത്തിലും ഉപരോധത്തിലും ബിന്ദു തകരുന്നില്ല എന്ന് മനസ്സിലാക്കിയ സംഘപരിവാര്‍ ഇപ്പോള്‍ അവരുടെ മകളുടെ പഠനം തടസ്സപ്പെടുത്തിരിക്കുകയാണ്. അഗളി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ഭൂമി. ബിന്ദു ശബരിമല ദര്‍ശനം നടത്താന്‍ ശ്രമിച്ചതിനു ശേഷം ഭൂമിക്ക് സ്‌കൂളില്‍ നിന്നും മാനസിക-ശാരീരിക പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബിന്ദു പറയുന്നു. നിലവില്‍ ഒരു മാസത്തിലധികമായി ഭൂമി സ്‌കൂളില്‍ പോകുന്നില്ല.

“അഞ്ചാം ക്ലാസില്‍ ഭൂമിയുടെ ക്ലാസ് ടീച്ചര്‍ ആയിരുന്ന രമേഷില്‍ നിന്നാണ് ഭൂമിക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നത്. കുട്ടികളോട് ഏറ്റവും സൗഹാര്‍ദപരമായി പെരുമാറിയിരുന്ന ഈ അധ്യാപകന്‍ ഞാന്‍ ശബരിമലയില്‍ പോകാന്‍ ശ്രമിച്ചതിനു ശേഷം ഭൂമിയോട് വളരെ മോശമായാണ് പെരുമാറുന്നത്. മാഷിന്റെ സ്വഭാവം മാറിയതായി ഭൂമി പറഞ്ഞിരുന്നു. കുട്ടികളെ അടിക്കുക, ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് വഴക്ക് പറയുക തുടങ്ങിയ കാര്യങ്ങള്‍ ഭൂമി പറഞ്ഞിരുന്നു. ഭൂമിയെ അടിക്കുകയും കൈത്തണ്ട പൊട്ടുകയും ചെയ്തു. ഭൂമിയെ അടിക്കരുതെന്ന് അധ്യപരോട് നേരത്തേ പറഞ്ഞിട്ടുണ്ടായിരുന്നു. കുട്ടിയെ അടിച്ചതിനു വിശദീകരണം ചോദിച്ചതിന്റെ പ്രതികാരമെന്നോണം ഭൂമിയെ മറ്റു കുട്ടികളുടെ മുന്നിലിട്ട് രമേഷ് അവഹേളിച്ചു.

നിരന്തരമായി ഓരോ കാര്യങ്ങള്‍ പറഞ്ഞ് ഭൂമിയെ മറ്റുകുട്ടികളുടെ മുന്നിലിട്ട് പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യും. ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കള്‍ ഭൂമി ബിന്ദുവിന്റെ മകളായതുകൊണ്ട് ഭൂമിയോട് സൗഹൃദം പാടില്ല എന്ന വിലക്കും കല്‍പ്പിട്ടിട്ടുണ്ട്. അടുത്ത കൂട്ടുകാരിയോട് ഭൂമിയുടെ കൂടെ നടക്കരുതെന്ന് വീട്ടില്‍ നിന്നും പറഞ്ഞിട്ടുണ്ട്. 2000 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ആര്‍ക്കുമില്ലാത്ത പ്രശ്‌നം ഭൂമിക്കുണ്ടെങ്കില്‍ അത് സ്‌കൂളിന്റെ പ്രശ്‌നമല്ല ഭൂമിക്കെന്തോ കുഴപ്പമുണ്ടെന്നാണ് രമേശ് പറയുന്നത്. ഇത്തരത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ കഴിഞ്ഞ ഒന്നരമാസമായി ഭൂമി നേരിട്ടതോടെ അവള്‍ തന്നെയാണ് ഇനി ആ സ്‌കൂളില്‍ പഠിക്കാന്‍ പോകുന്നില്ല എന്ന തീരുമാനം എടുത്തത്. വേറെ ഏതു സ്‌കൂളിലും പോകാം ഇനി അഗളി സ്‌കൂളിലേയ്ക്ക് ഇല്ലെന്നാണ് ഭൂമി പറയുന്നത്”- ബിന്ദു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അഗളി സ്‌കൂളില്‍ ഭൂമിക്കു പഠിക്കാനുള്ള സാഹചര്യം ഇല്ലെന്നു മനസ്സിലാക്കിയാണ്, സംഗീതജ്ഞന്‍ ടി.എം കൃഷ്ണയുടെ അമ്മയും സഹോദരനും നടത്തുന്ന തമിഴ്നാട് അതിര്‍ത്തിയായ ആനക്കട്ടിക്കടുത്തുള്ള “വിദ്യാവനം” സ്‌കൂളില്‍ ബിന്ദു ഭൂമിക്ക് അഡ്മിഷനെടുക്കാന്‍ പോകുന്നത്. അഡ്മിഷന്‍ നല്‍കാമെന്ന് സ്‌കൂള്‍ അധികൃതര്‍ വാക്കുകൊടുക്കുകയും ചെയ്തു. എന്നാല്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തേയും ഭീഷണിയേയും തുടര്‍ന്ന് ഭൂമിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് സ്‌കൂളധികൃതര്‍ നിലപാടെടുക്കുകയായിരുന്നു. പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്നറിയിച്ച് അഡ്മിഷനെടുക്കാനായി സ്‌കൂളിലെത്തിയ ബിന്ദുവിനേയും മകളെയും അധികൃതര്‍ തിരിച്ചയയ്ക്കുകയായിരുന്നു.

“ആനക്കട്ടി വിദ്യാവനം സ്‌കൂളില്‍ സംഘപരിവാറുകാരെത്തി പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ താല്‍ക്കാലികമായി അവര്‍ അഡ്മിഷന്‍ നിര്‍ത്തിവെച്ചെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് അവിടെനിന്നും എന്നെ വിളിച്ചിട്ടില്ല. അറുപതോളമാളുകള്‍ അടങ്ങുന്ന സംഘമാണ് സ്‌കൂളിന്റെ ഗേറ്റു കടന്നെത്തി പ്രിന്‍സിപ്പാളടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ വഴി അറിയാന്‍ കഴിഞ്ഞത് ഞാനും ഭൂമിയും വിദ്യാവനം സ്‌കൂളില്‍ അഡ്മിഷന്‍ എടുക്കാന്‍ പോകുന്നുണ്ട് എന്ന് അഗളി സ്‌കൂളില്‍ നിന്നും ആരോ സംഘപരിവാറുകാരോട് വിളിച്ചു പറഞ്ഞിട്ടുണ്ട് എന്നാണ്.

അവര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലെ ഭീഷണിപ്പെടുത്തി ഭൂമിക്കു അഡ്മിഷന്‍ നല്‍കരുതെന്ന് പറഞ്ഞു. അഡ്മിഷന്‍ കൊടുക്കില്ല എന്ന സ്‌കൂള്‍ അധികൃതരുടെ വാക്ക് കിട്ടിയിട്ടാണ് സംഘപരിവാറുകാര്‍ പിരിഞ്ഞു പോയത്. ഭൂമിയെ സ്‌കൂള്‍ മാറ്റുന്നത് അഗളി സ്‌കൂളിലെ ചില അധ്യാപകര്‍ക്ക് മാത്രം അറിയുന്ന കാര്യമായിരുന്നു. ഇനി പരീക്ഷ എഴുതണമെങ്കില്‍ ഏതെങ്കിലും സ്‌കൂളില്‍ അഡ്മിഷന്‍ എടുക്കണം. അഗളി സ്‌കൂളില്‍ നിന്നും റോള്‍ ഔട്ടായി എന്നാണ് അവര്‍ പറയുന്നത്. ഇനി ടി.സി വാങ്ങി പുതിയ സ്‌കൂള്‍ കണ്ടെത്തണം”- ബിന്ദു പറയുന്നു.

അതേസമയം, എം.എല്‍.എമാരായ വി.ടി ബല്‍റാം, ഇ.എസ് ബിജിമോള്‍, അനൂപ് ജേക്കബ്, മുല്ലക്കര രത്‌നാകരന്‍, പ്രതിഭ ഹരി എന്നിവര്‍ ഭൂമിക്ക് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി ആളുകളും ഭൂമിയുടെ പഠനത്തിനു വേണ്ടി പിന്തുണ പ്രഖ്യാപിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍ മൂലമാണ് സംഭവം മന്ത്രി എ.കെ ബാലന്റെ ശ്രദ്ധയില്‍പ്പെട്ടതും ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരിക്കുന്നതും.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

Latest Stories

We use cookies to give you the best possible experience. Learn more