കുട്ടികളെ കൊണ്ടുവന്നത് അധികൃതരുടെ അനുമതിയില്ലാതെയെന്ന് അന്വേഷണസംഘം
Daily News
കുട്ടികളെ കൊണ്ടുവന്നത് അധികൃതരുടെ അനുമതിയില്ലാതെയെന്ന് അന്വേഷണസംഘം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st June 2014, 12:16 pm

[] പാലക്കാട്: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്നത് അധികൃതരുടെ അനുമതിയില്ലാതെയാണെന്ന് ജാര്‍ഖണ്ഡില്‍നിന്ന് എത്തിയ ഉദ്യോഗസ്ഥര്‍. കുട്ടികളുമായി സംസാരിച്ചശേഷം ഉദ്യോഗസ്ഥ സംഘത്തില്‍പ്പെട്ട ലേബര്‍ കമ്മീഷണര്‍ മനീഷ് സിന്‍ഹയാണ് ഇക്കാര്യം പറഞ്ഞത്.

ജാര്‍ഖണ്ഡില്‍ വിദ്യാഭ്യാസവും വിദ്യാര്‍ത്ഥികളുടെ ഭക്ഷണവും സൗജന്യമാണെന്നിരിക്കെ കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്നതിനെപ്പറ്റി അന്വേഷണം നടത്തുമെന്നും ഉത്തരവാദികള്‍ക്കെതിരെ ജാര്‍ഖണ്ഡില്‍ കേസെടുക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്ന് രാവിലെ ഉദ്യോഗസ്ഥര്‍ കുട്ടികളുമായി സംസാരിച്ചു. ഇവരോട് കാര്യങ്ങള്‍ തുറന്നുപറയാനും തിരിച്ചറിയല്‍ രേഖകള്‍ കാണിക്കാനും പല കുട്ടികളും തയ്യാറായില്ല. ജാര്‍ഖണ്ഡില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഇന്നലെ വൈകീട്ട് തെളിവെടുപ്പിനായി പാലക്കാട്ട് എത്തിയിരുന്നു. സര്‍ക്കാരിന്റെയും ഇതര ഏജന്‍സികളുടെയും ഗ്രാന്റിന് വേണ്ടിയും മറ്റുമാണ് അന്യസംസ്ഥാനങ്ങളില്‍നിന്ന് ദരിദ്ര കുടുംബങ്ങളിലെ കുട്ടികളെ കൊണ്ടുവരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ബിഹാര്‍, ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്ന് തീവണ്ടിയില്‍ കടത്തിക്കൊണ്ടുവന്ന 589 കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സഹായത്തോടെ ഒലവക്കോട് ആര്‍.പി.എഫാണ് കഴിഞ്ഞയാഴ്ച പിടികൂടിയത്. മലപ്പുറം സി.ഡബ്ല്യു.സിയിലേക്കും മലമ്പുഴയിലും പേഴുങ്കരയിലുമുള്ള സംരക്ഷണകേന്ദ്രങ്ങളിലേക്കും ഇവരെ മാറ്റി. ഝാര്‍ഖണ്ഡില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ഭക്ഷണവും സൗജന്യമാണെന്നും അന്വേഷണ സംഘം പറഞ്ഞു.