'അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് രാജ്യദ്രോഹമായി ചിത്രീകരിക്കേണ്ടതില്ല'
Daily News
'അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് രാജ്യദ്രോഹമായി ചിത്രീകരിക്കേണ്ടതില്ല'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st May 2014, 7:23 pm

[] മലപ്പുറം: അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ട് വരുന്നത് രാജ്യദ്രോഹകുറ്റമായി ചിത്രീകരിക്കുന്നത് ക്രൂരമാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. അനാഥാലയങ്ങളെ സംശയമുനയില്‍ നിര്‍ത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് മനുഷ്യക്കടത്തായി ചിത്രീകരിക്കുന്നത് അപലപനീയമാണ്. ഏറ്റവും നല്ല നിലയില്‍ അനാഥശാലകള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളില്‍ ആവശ്യമായ ഭൗതിക സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് കേരളത്തിലെ യതീംഖാനകളില്‍ അനാഥകുരുന്നുകള്‍ പ്രവേശനം തേടുന്നത്. ഇത് രാജ്യദ്രോഹകുറ്റമായി ചിത്രീകരിക്കുന്നത് ക്രൂരമാണ്. – കെ.പി.എ മജീദ് പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തിനു പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ യതീംഖാനകളില്‍ പഠിച്ച് ഉന്നത സ്ഥാനങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഇത് കണ്ടാണ് വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് അയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നത്. ഇത്തരം സ്ഥാപനങ്ങളെ സംശയമുനയില്‍ നിര്‍ത്തുന്നത് അവസാനിപ്പിക്കണമെന്നും കുപ്രചരണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളുടെ രേഖകള്‍ ഉറപ്പ് വരുത്താന്‍ യതീംഖാനകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ചെന്നിത്തലയുടെ പ്രസ്ഥാവന സംഘ്പരിവാര്‍ ഭാഷയിലാണെന്ന് ഇ.കെ സുന്നി വിഭാഗം പ്രസ്ഥാവനയില്‍ കുറ്റപ്പെടുത്തി.