കോഴിക്കോട്: കളിപന്ത് വാങ്ങാന്‍ യോഗം വിളിച്ച് കൂടിയാലോചിക്കുന്ന ഒരു കൂട്ടം കുട്ടികളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ താരങ്ങളായിരിക്കുന്നത്. സാമൂഹിക പ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂരാണ് വീഡിയോ പങ്കുവെച്ചത്.
പന്തുവാങ്ങുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിനായി മടല്‍ കുത്തി വെച്ച് മെക്കുണ്ടാക്കി, അധ്യക്ഷനും സെക്രട്ടറിക്കും ഇരിക്കാന്‍ പ്രത്യേകം കസേര ഒരുക്കി, അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിയോജിപ്പുകളും പങ്കുവെക്കുന്ന കുട്ടികളുടെ വീഡിയേയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്.
മിഠായി വാങ്ങാന്‍ ഉപയോഗിക്കുന്ന പണം ഉപയോഗിച്ച് പന്ത് വാങ്ങാമെന്നും അതില്‍ വിയോജിപ്പിണ്ടെങ്കില്‍ പറയാമെന്നും ഇല്ലെങ്കില്‍ കയ്യടിച്ച് പാസാക്കാമെന്നും കുട്ടികള്‍ കുട്ടികൂട്ടായ്മയില്‍ പറയുന്നു. ഇതിന് വലിയ കയ്യടിയാണ് ഉയരുന്നത്. അതേസമയം തന്റെ തങ്ങളുടെ കൂട്ടത്തിലെ മിടുക്കരായ കൂട്ടുകാരെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും അവര്‍ മറക്കുന്നില്ല.
യോഗത്തില്‍ ഏറ്റവും മികച്ച കളിക്കാരന് പ്ലാസ്റ്റിക് കവര്‍കൊണ്ട് ‘പൊന്നാട’ അണിയിക്കുകയാണ് കുട്ടികള്‍. അഭിപ്രായം പറയാനെത്തിയവര്‍ വേദിയില്‍ പകച്ചപ്പോള്‍ ഓന് അല്‍പ്പം വിറയലൊക്കെയുണ്ട്. അത് സാരല്ല എന്ന് പറഞ്ഞ് ചേര്‍ത്തുപിടിക്കുന്ന സെക്രട്ടറിയും കൂട്ടത്തിലുണ്ട്.