|

ഗോത്രവിഭാഗങ്ങളിലെ ബാലവിവാഹം; ബോധവത്ക്കരണം നടത്തണമെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഗോത്രവിഭാഗങ്ങളിലെ ബാലവിവാഹം തടയാന്‍ ബോധവത്ക്കരണം നടത്തണമെന്ന് ഹൈക്കോടതി. ബോധവത്ക്കരണ സെഷനുകളില്‍ എല്ലാ കുട്ടികളും പങ്കെടുക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഗോത്രവിഭാഗങ്ങളിലെ ബാലവിവാഹവും അതിന്റെ ഫലമായുണ്ടാവുന്ന പോക്‌സോ കേസുകളും ഒഴിവാക്കുന്നതിന് ബോധവത്ക്കരണം ആവശ്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

വയനാട്ടിലെ ആദിവാസി യുവാക്കള്‍ പോക്‌സോ കേസില്‍ കുരുങ്ങുന്നത് സംബന്ധിച്ച് കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത ഹരജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരുടേതാണ് ഉത്തരവ്.

ആദിവാസി വിഭാഗങ്ങള്‍ക്കായി വിവാഹ പ്രായത്തില്‍ ഇളവ് നല്‍കാന്‍ സാധിക്കില്ലെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ഉത്തരവ്. ഇന്ത്യയില്‍ പുരുഷന്റെ വിവാഹ പ്രായം 21ഉം സ്ത്രീയുടേത് 18 വയസുമാണെന്നും ഈ പ്രായത്തില്‍ താഴെയുള്ളവര്‍ വിവാഹിതരാവുമ്പോള്‍ പോക്‌സോ കേസില്‍ ഉള്‍പ്പെടുന്നുവെന്നും ഇതിന് പരിഹാരമായാണ് കോടതി ബോധവത്ക്കരണത്തിന് നിര്‍ദേശിച്ചത്.

വയനാട്ടിലെ സ്‌കൂളുകളില്‍ പ്രൈമറി തലം മുതല്‍ മൂന്നുമാസത്തിനകം ബോധവത്ക്കരണ പരിപാടികള്‍ നടത്തണമെന്നും എല്ലാ കുട്ടികളും വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ബോധവത്ക്കരണ സെഷനില്‍ പങ്കെടുക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

പട്ടികവര്‍ഗ ക്ഷേമത്തിനുള്ള ഗോത്രവര്‍ധന്‍ സ്‌കീമിന്റെ കാര്യത്തിലടക്കം ട്രൈബല്‍ സെറ്റില്‍മെന്റുകളില്‍ വ്യാപകമായ ബോധവത്ക്കരണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

ശൈശവ വിവാഹങ്ങള്‍ക്കെതിരായ സിനിമകള്‍ പരമാവധി പ്രദര്‍ശിപ്പിക്കണമെന്നും ജില്ലാതല ശിശു സംരക്ഷണ യൂണിറ്റിനും പ്രൊമോട്ടര്‍മാര്‍ക്കും ലീഗല്‍ സര്‍വീസസ് അതോറിറ്റി ക്ലാസ് നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി.

Content Highlight: Child marriage in tribal communities; High Court should create awareness

Video Stories