മലപ്പുറം: കര്‍ശന നിയമങ്ങള്‍ക്കിടയിലും അധികൃതരുടെ ജാഗ്രതയ്ക്കിടെയിലും മലപ്പുറം ജില്ലയില്‍ ശൈശവവിവാഹങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്.
ജില്ലയിലാകെ 29 ചൈല്‍ഡ് പ്രൊഹിബിഷന്‍ ഓഫീസര്‍മാരാണുള്ളത്. വിദ്യാലയങ്ങളും അങ്ങാടികളും കേന്ദ്രീകരിച്ച് നിരന്തര ബോധവത്ക്കരണവും മറ്റും നടന്നു വരുന്നുണ്ട് ജില്ലയില്‍. എന്നാല്‍ ഇതിനിടയിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുകയാണ്. ഈ വര്‍ഷം ഇതു വരെ 32 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.
പാണ്ടിക്കാടില്‍ പതിനാറുവയസ്സുകാരിയുടെ വിവാഹമാണ് ഇത്തരത്തില്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിവാഹശ്രമം പെണ്‍കുട്ടി തന്നെ ചൈല്‍ഡ് ലൈനില്‍ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് മലപ്പുറം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസ് ഉദ്യോഗസ്ഥനായ ഫസല്‍ മുള്ളാട്ട് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തുകയും വിവാഹം നിര്‍ത്തിവെക്കുകയും ചെയ്തു. എന്നാല്‍ പൊലീസുദ്യോഗസ്ഥര്‍ പോയതിനു ശേഷം വീട്ടുകാര്‍ കുട്ടിയെ കല്ല്യാണം ചെയ്തു വിട്ടു. പെണ്‍കുട്ടി വാട്സാപ്പ് വഴി തന്നെ എത്തിച്ച സ്ഥലത്തിന്റെ വിവരം പൊലീസിനു നല്‍കുകയും ചെയ്തു. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പെണ്‍കുട്ടിയുടെ വീട്ടുകാരെയും വരനെയും അറസ്റ്റു ചെയ്തു. വരനെതിരെ പോക്‌സോ ചുമത്തിയാണ് പൊലീസ് കേസ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഫസല്‍ പറഞ്ഞു.
“2006 ലാണ് ബാല വിവാഹനിരോധന നിയമം വരുന്നത്. അതിനു മുമ്പുണ്ടായിരുന്നത് ചൈല്‍ഡ് മാര്യേജ് റിസ്ട്ട്രൈന്റ് ആക്ട് ആയിരുന്നു. എന്നാല്‍ ഇതൊന്നും കൃത്യമായി നടപ്പിലാക്കാനുള്ള ഒരു സംവിധാനം ഇല്ലായിരുന്നു. എന്നാല്‍ 2014 ഭേദഗതികളോടെ ശിശുവിവാഹ നിരോധനം വന്നതിന് ശേഷമാണ് ഇതിന്‍ കൃത്യമായൊരു സംവിധാനം നിലവില്‍ വരുന്നത്. ഇപ്പൊ അതിനൊരു സോണല്‍ ഓഫീസും മറ്റും ഉണ്ട്. ഈ കാലതാമസം സമയബന്ധിതമായി ഇടപെടലിന് ഒരു തടസ്സമായി.
മറ്റൊരു കാരണം ആളുകളുടെ സാമ്പത്തിക പിന്നോക്കാവസ്ഥയാണ്. പെണ്‍കുട്ടികളെ ഒരു ഹയര്‍ സെക്കന്ററി തലത്തില്‍ എത്തുമ്പോള്‍ തന്നെ സ്ത്രീധനം ഒന്നും നല്‍കാതെ വിവാഹം കഴിച്ചു വിട്ടാല്‍ സാമ്പത്തികമായ ബാധ്യത ഒഴിയും എന്ന അവസ്ഥയാണ്.
ഒരു വിഭാഗം യുവാക്കളുടെ ചിന്താ വൈകൃത്യമാണ് ഇതിനൊരു കാരണം. ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളെക്കുറിച്ച് ഇത്തരം ചെറുപ്പക്കാര്‍ വളരെ തെറ്റായ ധാരണകളാണ് വെച്ചു പുലര്‍ത്തുന്നത്. അതിനാല്‍ അതികം വിദ്യാഭ്യാസം ലഭിച്ചിട്ടല്ലാത്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ ഇവര്‍ താല്‍പര്യപ്പെടുകയും ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഹയര്‍ സെക്കന്ററി തലത്തിലുള്ള വിദ്യാര്‍ത്ഥിനികളെയാണ് കൂടുതലായും പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പേ വിവാഹത്തിന് പ്രേരിപ്പിക്കുന്നത്” ഫസല്‍ പറഞ്ഞു.
ഇടപെടല്‍
“ജില്ലാ ചൈല്‍ഡ് പ്രെട്ട്ക്ഷന്‍ ഓഫീസറുടെ കീഴില്‍ ശെശവ വിവാഹങ്ങളെ ചെറുക്കാന്‍ ജില്ലയിലൊട്ടാകെ പ്രത്യേക പരിശീലനം നല്‍കിയ 29 മാര്യേജ് പ്രൊഹിബിഷന്‍ ഓഫീസര്‍മാരാണുള്ളത്. ഇവരാണ് ശൈശവ വിവാഹശ്രമങ്ങള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യുക. മൂന്നു തരത്തിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുക.
റിപ്പോര്‍ട്ടട്, പ്രിവന്റഡ്, ഹെല്‍ഡ് എന്നിങ്ങനെയാണവ. കുട്ടികള്‍ക്കൊപ്പം എന്ന പേരില്‍ ബാലസംരക്ഷണ വളണ്ടിയേഴ്‌സും രംഗത്തുണ്ട്. എല്ലാ അധ്യയനവര്‍ഷത്തിലും ശൈശവ വിവാഹത്തിനെതിരെയുള്ള ജില്ലാ കളക്ടറുടെ പ്രത്യേക സര്‍ക്കുലറുകള്‍ സ്‌കൂളുകളില്‍ നല്‍കി വരുന്നുണ്ട്.
ഒരു പെണ്‍കുട്ടി തന്റെ വിവാഹം നടത്തരുതെന്നപേക്ഷിച്ച് മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയ ഒരു സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച 18 എന്ന ഹൃസ്വചിത്രവും ഇവര്‍ സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്.
ബോധവല്‍കരണപരിപാടികള്‍ എല്ലാവരിലേക്കും എത്താനായി കവലകളിലും പൊതു സ്ഥലത്തു വെച്ചുമാണ് നടത്താറ്. അംഗന്‍വാടികള്‍ കേന്ദ്രീകരിച്ചും സ്ത്രീകള്‍ക്ക് ബോധവല്‍കരണം നല്‍കി വരുന്നുണ്ട്.
നിലവിലെ അവസ്ഥ
കഴിഞ്ഞവര്‍ഷം 84 കേസുകളും ഈ വര്‍ഷം ഇതു വരെ 32 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ബാലാവകാശകമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ് ബാലസംരക്ഷണ, ക്ഷേമസംവിധാനങ്ങളുടെ സംയുക്ത യോഗത്തില്‍ പറഞ്ഞു.
“കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ശൈശവ വിവാഹങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന അവസ്ഥ ആശങ്കാജനകമാണ്. പെണ്‍കുട്ടികള്‍ക്ക് പതിനെട്ടു വയസ്സാകാന്‍ കാത്തു നില്‍ക്കുന്ന ചിന്താഗതിയില്‍ മാറ്റം വരണം. 18 വയസ്സായാല്‍ ഇനി വിവാഹം കഴിപ്പിച്ചയക്കാമല്ലൊ എന്ന മനോഭാവം മാറണം. അത് സംഭവിച്ചാല്‍ മാത്രമേ ശരിയായ ഈ സാമൂഹിക വിപത്ത് പൂര്‍ണ്ണമായി ഇല്ലാതായെന്ന് പറയാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.