ശൈശവ വിവാഹം തടയാനുള്ള ചുമതല സമുദായത്തലവന്, അയാള്‍ വിവാഹം കഴിച്ചത് ആറ് വയസുകാരിയെ
Daily News
ശൈശവ വിവാഹം തടയാനുള്ള ചുമതല സമുദായത്തലവന്, അയാള്‍ വിവാഹം കഴിച്ചത് ആറ് വയസുകാരിയെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th June 2015, 12:44 am

child-marriage-01ജയ്പൂര്‍: ശൈശവ വിവാഹങ്ങള്‍ തടയുന്നതിന് ചുമതലയുള്ള സമുദായത്തലവന്‍ ആറ് വയസുകാരിയെ വിവാഹം കഴിച്ചു. 36 കാരനായ ഇയാള്‍ തന്നെക്കാള്‍ 30 വയസ് പ്രായം കുറഞ്ഞ കുട്ടിയെയാണ് ഭാര്യയാക്കിയിരിക്കുന്നത്. ചിതൗഗഢ് ജില്ലയിലെ ഗംഗാരര്‍ ഗ്രാമത്തിലാണ് സംഭവം.

കഴിഞ്ഞ ദിവസമാണ് വിവാഹം നടന്നത്. ജാട്ട് സമുദായത്തലവനായ രത്തര്‍ലാല്‍ ജാട്ടാണ് ആറുവയസുകാരിയെ വിവാഹം കഴിച്ചത്. സമുദായ ആചാര ചടങ്ങുകളോടെയായിരുന്നു വിവാഹം.

അക്ഷയത്രിതീയ പോലുള്ള വിശേഷ ദിവസങ്ങളിലടക്കം നടക്കുന്ന ശൈശവ വിവാഹങ്ങള്‍ തടയുവാനുള്ള ചുമതല ഇത്തരം സമുദായത്തലവന്മാര്‍ക്കും യുവതലവന്മാര്‍ക്കുമാണ് നല്‍കിയിരിക്കുന്നത്. ഗ്രാമത്തലവന്റെ സാനിധ്യത്തിലായിരുന്നു വിവാഹം.

രത്തന്‍ലാലിന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികളെ കിട്ടാത്തതിനാലാണ് താന്‍ ഈ വിവാഹത്തിന് സമ്മദിച്ചതെന്നാണ് ഗ്രാമത്തലവന്റെ വാദം. സമുദായത്തിലെ നിയമപ്രകാരം അവിവാഹിതനായ യുവാവിന് സമുദായത്തലവനാകുവാന്‍ കഴിയില്ല.

ഈ പദവി നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് ആറുവയസുകാരിയെ വിവാഹം കഴിച്ചതെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. ഇയാള്‍ക്കും കുടുംബത്തിനുമെതിരെ ശൈശവ വിവാഹത്തിന് കേസെടുക്കുവാന്‍ കളക്ടര്‍ ഉത്തരവിട്ടു.