| Saturday, 19th October 2024, 7:25 am

ശൈശവ വിവാഹം കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, ജീവിത അവസരങ്ങൾ എന്നിവ നഷ്ടപ്പെടുത്തുന്നു: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ശൈശവ വിവാഹം കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, ജീവിത അവസരങ്ങൾ എന്നിവ നഷ്ടപ്പെടുത്തുന്നുവെന്ന് സുപ്രീം കോടതി. ശൈശവവിവാഹം മൂലം ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, ജീവിത അവസരങ്ങൾ എന്നിവ ഇല്ലാതാകുന്നത് ഭരണഘടനാ തത്വങ്ങളായ സമത്വം, സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയെ ഹനിക്കുന്നതാണെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.

ശൈശവ വിവാഹത്തെ സാമൂഹിക തിന്മ എന്ന് വിശേഷിപ്പിച്ച സുപ്രീം കോടതി ഇത് ഇല്ലാതാക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ജില്ലാ ഭരണകൂടങ്ങൾക്കും പഞ്ചായത്തുകൾക്കും ജുഡീഷ്യറിക്കും നിർദ്ദേശങ്ങൾ നൽകി.

ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിലെ ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ശൈശവ വിവാഹം ലംഘിക്കുന്നതായി ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് പറഞ്ഞു.

‘പ്രായപൂർത്തിയാകാതെ വിവാഹിതരായ എല്ലാ കുട്ടികൾക്കും സ്വന്തം ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശവും വിദ്യാഭ്യാസത്തിനുള്ള അവകാശവും ലൈംഗികതയ്ക്കുള്ള അവകാശവും കുട്ടിയുടെ വികസനത്തിനുള്ള അവകാശവും നിഷേധിക്കപ്പെടുന്നു. കുട്ടികളായിരിക്കെ വിവാഹിതരായ പെൺകുട്ടികൾക്ക് അവരുടെ ആരോഗ്യത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നു.

ഇത്തരം വിവാഹങ്ങളിലൂടെ പ്രായപൂർത്തിയാകാത്തവരുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുകയും നിർബന്ധിത വിവാഹത്തിലേക്ക് വലിച്ചെറിയപ്പെടുന്ന കുട്ടികളുടെ അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്നു.

ഭരണഘടന നിലവിൽ വന്ന് മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ശൈശവ വിവാഹം നമ്മുടെ സമൂഹത്തിനും സാമൂഹിക പുരോഗതിക്കും വ്യക്തിസ്വാതന്ത്ര്യത്തിനും നിരന്തരമായ ഭീഷണിയായി തുടരുന്നു,’ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

ശൈശവ വിവാഹത്തിൻ്റെ പശ്ചാത്തലത്തിൽ കുട്ടികൾ സാമൂഹികവും കുടുംബപരവുമായ സമ്മർദ്ദങ്ങൾക്ക് വിധേയരാകുന്നുവെന്നും , അത് അവരുടെ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെ ദുർബലപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വിവാഹിതരായ പെൺകുട്ടികൾക്ക് അവരുടെ ബാല്യം നിഷേധിക്കപ്പെടുക മാത്രമല്ല, ജനിച്ച കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നിന്നുമുള്ള വേർപിരിയൽ കാരണം സാമൂഹിക ഒറ്റപ്പെടലിലേക്ക് നിർബന്ധിതരാകുകയും ചെയ്യുന്നതായി കോടതി കൂട്ടിച്ചേർത്തു.

ഒപ്പം ബാല വിവാഹ നിശ്ചയം നിയമവിരുദ്ധമാക്കണമെന്ന് സുപ്രീം കോടതി പാർലമെൻ്റിനോട് ആവശ്യപ്പെട്ടു ശൈശവ വിവാഹ നിരോധന നിയമപ്രകാരം ശിക്ഷ ലഭിക്കാതിരിക്കാനുള്ള തന്ത്രമാണ് ബാലവിവാഹ നിശ്ചയമെന്നും സുപ്രീം കോടതി പറഞ്ഞു.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം സംരക്ഷണം ആവശ്യമുള്ള പ്രായപൂർത്തിയാകാത്ത വിവാഹം നിശ്ചയിച്ചിരിക്കുന്ന കുട്ടിയുടെ വിവാഹനിശ്ചയം നിയമവിരുദ്ധമാക്കാനും പാർലമെൻ്റിനോട് കോടതി ആവശ്യപ്പെട്ടു.

Content Highlight: Child marriage deprives children of health, education, life opportunities: SC

We use cookies to give you the best possible experience. Learn more