| Monday, 23rd December 2024, 7:58 am

ശൈശവ വിവാഹം; അസമില്‍ 416 പേര്‍ കൂടി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിസ്പൂര്‍: ശൈശവ വിവാഹത്തിന്റെ പേരില്‍ അസമില്‍ വീണ്ടും കൂട്ട അറസ്റ്റ്. 416 പേരെയാണ് ഏറ്റവും അവസാനമായി സംസ്ഥാന പൊലീസ് അറസ്റ്റ് ചെയ്തത്. 2025 അവസാനത്തോടെ അസമില്‍ ശൈശവ വിവാഹം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

സംസ്ഥാനത്ത് നടന്ന മൂന്നാംഘട്ട പരിശോധനയില്‍ 345 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് നടപടി. ശനി, ഞായര്‍ ദിവസങ്ങളില്‍ നടന്ന പരിശോധനയിലാണ് അറസ്റ്റ്.

ധുബ്രി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 59 കേസുകളാണ് ധുബ്രിയില്‍ മാത്രമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ഘട്ട പരിശോധനയിലും ധുബ്രിയില്‍ തന്നെയായിരുന്നു കൂടുതല്‍ കേസുകള്‍. 68 കേസുകളാണ് മുമ്പ് ധുബ്രിയില്‍ രജിസ്റ്റര്‍ ചെയ്തത്.

ശൈശവ വിവാഹത്തില്‍ ഇനിയും അറസ്റ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അസം ഡി.ജി.പി ജ്ഞാനേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. നിലവില്‍ അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കുമെന്ന് പ്രതാപ് സിങ് അറിയിച്ചു.

അസമിലെ ശിശുമരണ നിരക്ക് ഗണ്യമായി കുറഞ്ഞുവെന്നും ഡി.ജി.പി ചൂണ്ടിക്കാട്ടി. 2020 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ശിശുമരണ നിരക്ക് 9,472 ആയിരുന്നു, 2023 നും 2024 നും ഇടയില്‍ ഇത് 4,790 ആയി കുറഞ്ഞു.

2020-2021 വരെയുള്ള കാലയളവിലെ മാതൃമരണ നിരക്ക് (എം.എം.ആര്‍) 984 ആയിരുന്നു. 2023-24ല്‍ ഇത് 372 ആയി കുറഞ്ഞുവെന്നും ഡി.ജി.പി പറഞ്ഞു.

2023 ഫെബ്രുവരിയില്‍ നടന്ന പരിശോധനയില്‍ സംസ്ഥാനത്ത് 3425 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടിരുന്നു. 4387 കേസുകളാണ് ഈ കാലയളവിനിടെ രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബറില്‍ നടന്ന രണ്ടാംഘട്ട പരിശോധനയില്‍ 13 പ്രതികളെ അറസ്റ്റ് ചെയ്യുകയും 682 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.

ഇതുവരെ നടന്ന പരിശോധനയില്‍ 5,348 കേസുകള്‍ അസമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 5,842 പേര്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്.

അതേസമയം പങ്കാളികള്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യുവതികള്‍ ആത്മഹത്യ ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlight: child marriage; 416 people arrested in Assam

We use cookies to give you the best possible experience. Learn more