തിരുവനന്തപുരം: സന്നിധാനത്ത് കുട്ടികളെ ഉള്‍പ്പെടുത്തി സമരം ചെയ്ത സംഭവത്തില്‍ നടപടിക്ക് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. മുതിര്‍ന്നവര്‍ നടത്തുന്ന സമരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നവര്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.
ശാരീരികമായോ മാനസികമായോ പ്രയാസങ്ങള്‍ ഉണ്ടാക്കുന്ന സമരമുറയ്ക്ക് കുട്ടികളെ ഉപയോഗിക്കുന്നത് ഭരണഘടനക്കും ബാലാവകാശ സംരക്ഷണ നിയമത്തിനും എതിരാണെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ പി.സുരേഷ് പറഞ്ഞു.
അതേസമയം, ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരായ പ്രതിഷേധങ്ങളില്‍ കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ സാമൂഹ്യപ്രവര്‍ത്തകയായ ജെ.ദേവികയാണ് ബാലവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നത്. നിയമവിരുദ്ധമായ സമരത്തിന് കുട്ടികളെ കവചമായി ഉപയോഗിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.
സമരത്തിന് മുന്നിലുള്ള കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ദര്‍ശനത്തിനായെത്തുന്ന യുവതികള്‍ക്ക് പാതിവഴിയില്‍ മടങ്ങേണ്ടി വരുന്നത്. കുട്ടികളെ ഉപയോഗിച്ച് സമരം നടത്തുന്നതിന് സന്നിധാനത്ത് നിന്നുള്ള വീഡിയോകള്‍ തെളിവാണെന്നും ദേവിക പരാതിയില്‍ പറഞ്ഞിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണല്‍കടത്തുകാര്‍ക്കെതിരെ ജസീറ എന്ന യുവതി കുട്ടികളെ ഉപയോഗിച്ച് സമരം ചെയ്തപ്പോള്‍ ചൈല്‍ഡ് ലൈന്‍ ഇടപെട്ട് തടഞ്ഞിരുന്നു. അതിലും ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് ദേവിക പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.