| Monday, 14th March 2016, 7:49 am

മെയ്ക്ക് ഇന്‍ ഇന്ത്യ ബാലവേലയെ പ്രോത്സാഹിപ്പിക്കും: പ്രധാനമന്ത്രിയോട് കൈലാഷ് സത്യാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബാലവേലക്കെതിരായ നിയമം കര്‍ശനമാക്കിയില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ “മെയ്ക്ക് ഇന്‍ ഇന്ത്യ” പദ്ധതി വലിയ ദുരന്തമാകുമെന്ന് നൊബേല്‍ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ മറവില്‍ ബാലവേല നടക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

” ഇന്ത്യയില്‍ നിര്‍മാണം നടത്താന്‍ വിദേശരാജ്യങ്ങളില്‍ നിന്നും നിക്ഷേപകര്‍ ഇവിടെയെത്തുന്നു. അന്താരാഷ്ട്ര നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ബാലവേല നിയമം വളരെ ശക്തികുറഞ്ഞതാണ്. അങ്ങനെ വരുമ്പോള്‍ മെയ്ക്ക് ഇന്‍ വലിയ ദുരന്തമാകും.” പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കൈലാഷ് സത്യാര്‍ത്ഥി പറയുന്നു.

മെയ്ക്ക് ഇന്‍ ഇന്ത്യ വലിയൊരു മുന്നേറ്റമാണ്. എന്നാല്‍ ഇത് രാജ്യത്തിന്റെ ഗുരുതരമായ ബലഹീനത തുറന്നുകാട്ടുന്നുണ്ടെന്നും സത്യാര്‍ഥി കുറ്റപ്പെടുത്തി.

നിര്‍മാണ മേഖലയില്‍ കുട്ടികള്‍ നേരിടുന്ന പീഡനങ്ങളും കഷ്ടപ്പാടുകളും ഇല്ലാതാക്കാന്‍ മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് കഴിയുന്നില്ലെന്നു പറഞ്ഞ അദ്ദേഹം ആപ്പിളിന്റെ ഒരു ഉദാഹരണവും ചൂണ്ടിക്കാട്ടി. ഉല്പന്നം നിര്‍മ്മിക്കാന്‍ ചൈനയിലെ ബാലവേല ഉപയോഗിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ യു.എസ് കമ്പനിയായ ആപ്പിള്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. അദ്ദേഹം പറയുന്നു.

” ഇന്ത്യയില്‍ ബാലവേല നടക്കുന്നത് നിങ്ങളുടെ നിയമം അത് അനുവദിക്കുന്നതുകൊണ്ടാണ്. കുട്ടികളെ തൊഴിലാളികളായി ഉപയോഗിക്കാന്‍ സ്വാതന്ത്ര്യമുള്ള പ്രാദേശിക ഉല്പാദകരെ ഇത്തരം വലിയ ബ്രാന്റുകള്‍ ആശ്രയിക്കും. പക്ഷെ അന്താരാഷ്ട്ര മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും നമ്മളെ വെറുതെ വിടാന്‍ പോകുന്നില്ല.” കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നയാള്‍ ബച്പന്‍ ബചാവോ ആന്തോളനിന്റെ സ്ഥാപകന്‍ കൂടിയായ അദ്ദേഹം പറയുന്നു.

“ഒരു വശത്ത് സര്‍ക്കാര്‍ ക്ലീന്‍ ഇന്ത്യയെയും സ്‌കില്‍ ഇന്ത്യയെയും ഡിജിറ്റല്‍ ഇന്ത്യയെയും കുറിച്ചു പറയുന്നു. മറുവശത്ത് കുട്ടികളെ ചായക്കടയിലും, കശാപ്പുശാലയിലും, വ്യവസായ മേഖലയിലും തൊഴിലിനു നിര്‍ത്തുന്നു.”  അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ചൈല്‍ഡ് ലേബര്‍ പ്രോഹിബിഷന്‍ ആന്റ് റഗുലേഷന്‍ അമെന്റ്‌മെന്റ് ബില്ലാണ് തന്റെ ഇപ്പോഴത്തെ ആശങ്കയെന്നും അദ്ദേഹം പറയുന്നു. നേരത്തെ 83 തൊഴിലുകളില്‍ കുട്ടികളെ ജോലി ചെയ്യിക്കുന്നത് വിലക്കിയത് മൂന്നാക്കി ചുരുക്കിയാണ് പുതിയ ബില്‍ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ഏതുപ്രായത്തിലുള്ള കുട്ടികള്‍ക്കും കുടുംബത്തിന്റെ സംരംഭങ്ങളില്‍ ജോലി ചെയ്യാമെന്നത് നിയമവിധേയമാക്കുകയും ചെയ്യുന്നുണ്ട് ഇതില്‍.

“കുട്ടികളെ വീണ്ടും വീണ്ടും ഉപദ്രവിക്കരുതെന്ന് ഞാന്‍ എം.പിമാരോട് ആവശ്യപ്പെടുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നമ്മുടെ കുട്ടികളോട് ഉത്തരവാദിത്തമുണ്ട്. നിങ്ങള്‍ ബാലവേല അനുവദിക്കുകയാണെങ്കില്‍ തൊഴിലില്ലായ്മയും നിങ്ങള്‍ അനുവദിക്കുകയാണ്.” അദ്ദേഹം വ്യക്തമാക്കി.

അടിമത്തത്തിന്റെ ആധുനികരൂപമാണ് ബാലവേലയെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കുട്ടികള്‍ക്ക് കുറഞ്ഞു കൂലി നല്‍കിയാല്‍ മതി എന്നതാണ് ഇതിനെ ആശ്രയിക്കാന്‍ കാരണമെന്നും ചൂണ്ടിക്കാട്ടി.

” സര്‍ക്കാറിന്റെ ബില്‍ പാസാവുകയാണെങ്കില്‍  ഇവെയ്സ്റ്റ്, സാരി എംബ്രോയിഡറി വര്‍ക്ക്, കശാപ്പുശാല, ഗ്ലാസ് വ്യവസായം തുടങ്ങി അപകടകരമായ മേഖലകളില്‍ കുട്ടികളെ ജോലിക്കുവെക്കുന്നത് നിയമവിധേയമാകും.” അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

We use cookies to give you the best possible experience. Learn more