| Friday, 6th July 2012, 4:34 pm

റെയില്‍വേ സ്റ്റേഷനില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയി : പോലീസ് സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി ടെര്‍മിനസില്‍ നിന്നും മൂന്നുവയസുകാരിയെ അജ്ഞാതയുവാവ് തട്ടിക്കൊണ്ടുപോയി. കുട്ടിയെ അപഹരിച്ച ആളെ ഇതുവരെ കണ്ടെത്താന്‍ കഴിയാഞ്ഞതിനാല്‍ പോലീസ് സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു.

കഴിഞ്ഞ മാസം 10 ന് രാത്രിയായിരുന്നു സംഭവം. നഗരത്തില്‍ ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന ദമ്പതികളുടെ മകളായ സംഗീതയെയാണ് അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയത്. രാത്രിയിലെ തീവണ്ടിക്ക് വീട്ടിലേക്ക് മടങ്ങാനെത്തിയ ഇവര്‍ വണ്ടികിട്ടാഞ്ഞതിനാല്‍ പ്ലാറ്റ് ഫോമില്‍ കിടന്നുറങ്ങുകയായിരുന്നു.

സ്റ്റേഷനിലെ 14 -ാം നമ്പര്‍ പ്ലാറ്റ് ഫോമിലായിരുന്നു ഇവര്‍ കിടന്നത്.  ഇവിടെയെത്തിയ വെള്ള ഷര്‍ട്ട് ധരിച്ച  അജ്ഞാതന്‍ കുട്ടിക്കരികില്‍ കുറച്ചുനേരം ഇരുന്ന ശേഷം കുട്ടിയെയുമെടുത്ത് പോകുകയായിരുന്നു. രാത്രി 1.45 നും 2.05 നും ഇടയിലായിരുന്നു സംഭവം.

സമീപത്ത് കിടന്നിരുന്ന മാതാപിതാക്കളും സഹോദരങ്ങളും നല്ല ഉറക്കമായതിനാല്‍ കുട്ടിയെ എടുത്തുകൊണ്ടുപോയത് അറിഞ്ഞില്ല. ഇയാള്‍ക്കായുള്ള
തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.  കുട്ടിയെ മോഷ്ടിച്ച ശേഷം നാഗ്പൂര്‍ ഭാഗത്തേക്കുള്ള തീവണ്ടിയില്‍ ഇയാള്‍ കയറിപ്പോയതായും പോലീസ് പറയുന്നു.

We use cookies to give you the best possible experience. Learn more