| Saturday, 2nd March 2013, 11:47 am

നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയത് പ്രഫഷണല്‍ സംഘമല്ലെന്ന് തെളിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ചാലക്കുടിയില്‍ നാല് വയസുകാരി അനുശ്രീയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രഫഷണല്‍ സംഘമല്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.[]

സംഘം പിതാവിന്റ ഫോണിലേക്ക് വിളിച്ച സിമ്മിന്റ ഉടമ തൃശൂര്‍ വെളിയന്നൂര്‍ സ്വദേശിയാണെന്ന് ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ സിമ്മിന്റെ   ഉടമസ്ഥന്‍ ഗള്‍ഫിലാണ്.

ചാലക്കുടി, കൊരട്ടി മേഖലയിലുള്ള പ്രാദേശിക സംഘങ്ങളെ കേന്ദ്രീകരിച്ചാണ്  പൊലീസിന്റ അന്വേഷണം പുരോഗമിക്കുന്നത്.

വ്യാജവിലാസത്തില്‍ മറ്റാരോ സിം ദുരുപയോഗം ചെയ്തതാണെന്നാണു നിഗമനം. നേരത്തെ ഈ സിമ്മില്‍ നിന്നു സ്‌കൂളിലേക്കും വിളിച്ചിരുന്നു. വെള്ളിയാഴ്ച എല്‍കെജി ക്ലാസ് ഉണ്ടോ എന്നു ചോദിച്ചാണ് വിളിച്ചത്. സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

തുമ്പുമുറി വെളുക്കത്തുപറമ്പില്‍ മധുവിന്റെ മകള്‍ അനുശ്രീയെയാണ് ഇന്നലെ രാവിലെ തട്ടിക്കൊണ്ടു പോയത്.

വീട്ടില്‍നിന്ന് സ്‌കൂള്‍ വാനില്‍ സ്‌കൂള്‍ മുറ്റത്ത് വന്നിറങ്ങിയ ഉടനെ അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ചാര നിറത്തിലുള്ള മാരുതി കാറിലുണ്ടായിരുന്ന ആള്‍ മിഠായി നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ അടുത്തേക്ക് വിളിക്കുകയായിരുന്നു.

അടുത്തേക്ക് ചെന്ന കുട്ടിയെ വാഹനത്തിനുള്ളിലേക്ക് വലിച്ചിട്ട് സംഘം കടക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാരെത്തി കുട്ടിയെ കാണാനില്ലെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് കൊരട്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവമറിഞ്ഞപ്പോള്‍ തന്നെ അതിര്‍ത്തികളില്‍ പോലീസ് വാഹന പരിശോധന ഉള്‍പ്പെടെ ആരംഭിച്ചിരുന്നു.

പിന്നീട് അഞ്ചു മണിക്കൂറുകള്‍ക്ക് ശേഷം 75 കിലോമീറ്റര്‍ അകലെ തിരുവില്വാമലയില്‍ കുട്ടിയെ സംഘം ഉപേക്ഷിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more