ബാലഭവനങ്ങള്‍ക്ക് തിരിച്ചടിയായി കേന്ദ്രനിയമം; നൂറിലധികം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി; അരലക്ഷത്തിലധികം കുട്ടികള്‍ പെരുവഴിയില്‍
Child Rights
ബാലഭവനങ്ങള്‍ക്ക് തിരിച്ചടിയായി കേന്ദ്രനിയമം; നൂറിലധികം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി; അരലക്ഷത്തിലധികം കുട്ടികള്‍ പെരുവഴിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd December 2017, 8:18 am

 

കോഴിക്കോട്: അടച്ചുപൂട്ടല്‍ ഭീക്ഷണി നേരിട്ട് കേരളത്തിലെ ബാലഭവനങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ ബാലനീതി നിയമം നടപ്പാക്കുന്നതോടെ സംസ്ഥാനത്ത് അനാഥരാകുന്നത് അരലക്ഷത്തിലധികം വരുന്ന കുട്ടികള്‍. ബാലനീതി നിയമത്തിലെ കര്‍ശന നിയമവ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്തതാണ് അടച്ചുപൂട്ടലിനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത്. എകദേശം 191 ബാലഭവനങ്ങള്‍ ഇതിനോടകം പൂട്ടി.

സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ ബാലഭവനങ്ങളും ഡിസംബര്‍ 31നകം രജിസ്റ്റര്‍ ചെയ്യുകയും റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും വേണം. കേരളത്തില്‍ 1200 ഓളം ബാലഭവനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കീഴിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഇവയ്ക്ക് സര്‍ക്കാര്‍ നിയന്ത്രണമില്ല. കേന്ദ്രസര്‍ക്കാരിന്റെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ പാലക്കാട്, ഇടുക്കി മേഖലകളിലെ നൂറോളം സ്ഥാപനങ്ങള്‍ ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്.

താത്കാലിക കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന കുട്ടികളെ എറ്റെടുക്കണമെന്ന് ഓര്‍ഫനേജ് കണ്‍ട്രാള്‍ ബോര്‍ഡിനെ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് 1000 രൂപവരെ വരെ സര്‍ക്കാര്‍ ഗ്രാന്റുകള്‍ ഉണ്ട്. എന്നാല്‍ ഇവ കൃത്യമായി ലഭിക്കാറില്ലെന്ന് ഭൂരിഭാഗം സ്ഥാപനങ്ങളും പറയുന്നു. കേരളത്തിന്റെ പ്രത്യേകസാഹചര്യം കണക്കിലെടുത്ത് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് സ്ഥാപനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.