| Tuesday, 7th May 2019, 12:38 pm

എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയില്ല: മകനെ മൺവെട്ടി കൊണ്ടടിച്ച് അച്ഛൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടാത്തതിന് അച്ഛന്‍ മകനെ മണ്‍വെട്ടി കൊണ്ട് അടിച്ചു. പരിക്കേറ്റ കുട്ടിയെ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കിളിമാനൂര്‍ സ്വദേശി സാബുവാണ് പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് ലഭിക്കാത്തതിന് സ്വന്തം മകനെ മണ്‍വെട്ടി വച്ച് അടിച്ചത്. ഇന്നലെ എസ്.എസ്.എല്‍.സി. പരീക്ഷഫലം പുറത്തു വന്ന ശേഷമായിരുന്നു സംഭവം. ആറ് എ പ്ലസ് നേടി മികച്ച വിജയമാണ് പരീക്ഷയില്‍ മകന്‍ സ്വന്തമാക്കിയത് എന്നാല്‍ അവശേഷിച്ച വിഷയങ്ങളില്‍ എ പ്ലസ് കിട്ടാത്തെ വന്നത് സാബുവിനെ പ്രകോപിക്കുകയും മകനെ ആക്രമിക്കുകയുമായിരുന്നു.

ഇവരുടെ വീട്ടില്‍ നിന്നുള്ള ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് സാബുവില്‍ നിന്നും കുട്ടിയെ രക്ഷിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയ കിളിമാനൂര്‍ പൊലീസ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സാബുവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ ബാബുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജാരാക്കും. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ പരിക്ക് സാരമുള്ളതല്ല.

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്നലെയാണ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍ ആണ് ഫലം പ്രഖ്യാപിച്ചത്. 98.11 ശതമാനമാണ് ഈ വര്‍ഷത്തെ വിജയ ശതമാനം.

2939 സെന്ററുകളിലായി 434729 പരീക്ഷ എഴുതിയതില്‍ 426513 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹരായി. ഈ വര്‍ഷം ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിജയ ശതമാനം 97.84 ആയിരുന്നു. വിജയ ശതമാനം ഏറ്റവും കൂടിയ ജില്ല പത്തനംതിട്ടയാണ് 99.33 ശതമാനം. ഏറ്റവും കുറവ് വയനാട് ജില്ല 93.22 ശതമാനം.

We use cookies to give you the best possible experience. Learn more