കുട്ടികളുടെ ആരോഗ്യ പരിചരണം പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നതാണ്. ജനിച്ചു വീഴുന്ന കുഞ്ഞിന്റെ ഓരോ ചലനങ്ങളിലും രക്ഷിതാക്കളുടെ ശ്രദ്ധ ആവിശ്യമാണ്. ഇവരുടെ വളര്‍ച്ചാ ഘട്ടങ്ങള്‍ പലപ്പോഴും രക്ഷിതാക്കള്‍ക്ക് ആശങ്ക നിറഞ്ഞ സമയം കൂടിയാണ്. കുഞ്ഞ് നടക്കാന്‍ വൈകുമ്പോഴും സംസാരിച്ച് തുടങ്ങാതിരിക്കുമ്പോഴുമൊക്കെ രക്ഷിതാക്കള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ സമയങ്ങളില്‍ പരിഭ്രാന്തരാകാതെ ഒരു ഡോക്ടറെ സമീപിക്കുക എന്നതാണ് ചെയ്യേണ്ടത്.
കുട്ടികളില്‍ കണ്ടു വരുന്ന അപസ്മാര രോഗ ലക്ഷണങ്ങളും ഓട്ടിസത്തിന്റെ ലക്ഷണങ്ങളും അവഗണിക്കാതെ ഒരു പീഡിയാട്രിക് ന്യൂറോളജിസ്റ്റിന്റെ സഹായം നിര്‍ബന്ധമായും തേടണം. പഠനവൈകല്യങ്ങള്‍ കണ്ടുവരുന്ന കുഞ്ഞിനെ സഹായിക്കാനും പീഡിയാട്രിക് ന്യുറോളജിസ്റ്റിന് സാധിക്കും. കുട്ടികളിലെ ന്യൂറോളജിക്കല്‍ സംബന്ധമായ പ്രശ്നങ്ങളില്‍ ചികിത്സ വൈകുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നേരത്തെ ചികിത്സ തേടി അസുഖം കണ്ടെത്താന്‍ സാധിച്ചാല്‍ ആരോഗ്യത്തോടു കൂടി നമ്മുടെ കുഞ്ഞിന് ജീവിക്കാനാകും.