അഗളി: അട്ടപ്പാടിയില്‍ ശിശുമരണ നിരക്ക് കുറഞ്ഞെന്ന സര്‍ക്കാര്‍ വാദം തെറ്റെന്ന് റിപ്പോര്‍ട്ടുകള്‍. ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടുകളനുസരിച്ച് ഈ വര്‍ഷം ഇതുവരെ 13 നവജാത ശിശുക്കളാണ് മരിച്ചിരിക്കുന്നത്. 2015 നു ശേഷമുള്ള ഉയര്‍ന്ന ശിശുമരണ നിരക്കാണ് ഈ വര്‍ഷത്തേത്.
കഴിഞ്ഞ വര്‍ഷം 8 കുട്ടികളായിരുന്നു അട്ടപ്പാടിയില്‍ മരിച്ചിരുന്നത്. 2015 ല്‍ ഇത് 14 ആയിരുന്നു. 2017 സെപ്റ്റംബര്‍ ആയിരിക്കേ തന്നെ 13 കുട്ടികള്‍ മരിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2014ല്‍ 15 കുട്ടികളുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ജനനവൈകല്യം മൂലമാണ് മേഖലയിലെ കൂടുതല്‍ ശിശുമരണങ്ങളുണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ ആറെണ്ണവും ജനിതക വൈകല്യം മൂലമാണ്. ഹൃദയവാല്‍വ്, അന്നനാളം, ശ്വാസകോശം തുടങ്ങിയവയ്ക്കുണ്ടാകുന്ന തകരാര്‍, ഹൃദയാഘാതം എന്നിവകാരണമാണ് കൂടുതല്‍ മരണവും.
ഗര്‍ഭസ്ഥ ശിശുക്കളുടെ മരണത്തിലും കാര്യമായ മാറ്റം വന്നിട്ടില്ലെന്നും കണക്കുകള്‍ പറയുന്നു. കഴിഞ്ഞവര്‍ഷം എട്ടു ഗര്‍ഭസ്ഥശിശുമരണങ്ങള്‍ ഉണ്ടായപ്പോള്‍ ഈവര്‍ഷം ഇതുവരെ ആറുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തില്‍ മാതൃമരണം ഉണ്ടായിരുന്നില്ലെങ്കില്‍ ഇത്തവണ ഒരു മാതൃമരണവും സംഭവിച്ചെന്നും കണക്കുകള്‍ പറയുന്നു.