നെഹ്‌റുവിന്റെ പടം തട്ടി മോദിയെ വെച്ച് ബി.ജെ.പി കൗണ്‍സിലര്‍; ചാച്ചാജിയുടെ ചിത്രം ചോദിച്ചു വാങ്ങിവെച്ച് പ്രകടനം നടത്തി രക്ഷിതാക്കളും കുട്ടികളും
Kerala News
നെഹ്‌റുവിന്റെ പടം തട്ടി മോദിയെ വെച്ച് ബി.ജെ.പി കൗണ്‍സിലര്‍; ചാച്ചാജിയുടെ ചിത്രം ചോദിച്ചു വാങ്ങിവെച്ച് പ്രകടനം നടത്തി രക്ഷിതാക്കളും കുട്ടികളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th November 2019, 8:48 pm

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിന നാളിലാണ് രാജ്യത്തൊട്ടാകെ ശിശുദിനം ആഘോഷിക്കുന്നത്. പതിവ് പോലെ ഇക്കുറിയും രാജ്യത്തെ സ്‌കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും ശിശുദിനാഘോഷങ്ങള്‍ നടന്നു. ഈ ശിശുദിന നാളില്‍ കായംകുളത്തൊരു സംഭവം നടന്നു.

കായംകുളം നഗരസഭ 34ാം വാര്‍ഡിലെ അങ്കണവാടിയില്‍ സംഘടിപ്പിച്ച ശിശുദിന റാലിയുടെ ബാനറില്‍ ചാച്ചാജിയെന്നറിയപ്പെടുന്ന നെഹ്‌റുവിന് പകരം മോദിയുടെ ചിത്രം വെച്ചത് വിവാദമായി. വാര്‍ഡ് കൗണ്‍സിലറും ബി.ജെ.പി നേതാവുമായ ഡി അശ്വിനിദേവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയുടെ ബാനറിലാണ് ഇങ്ങനെ നടന്നത്. അശ്വിനിദേവ് തന്നെയാണ് ബാനര്‍ കൊണ്ടുവന്നതും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചാച്ചാജിയുടെ ചിത്രം ബാനറില്‍ ഇല്ലാത്തതിനെ തുടര്‍ന്ന് റാലിയ്‌ക്കെത്തിയ കുട്ടികളുടെ രക്ഷിതാക്കള്‍ പ്രശ്‌നം ഉന്നയിച്ചു. ബി.ജെ.പി കൗണ്‍സിലറോട് എന്ത് കൊണ്ടിങ്ങനെ എന്ന് രക്ഷിതാക്കള്‍ ചോദിച്ചു.
എന്തിന് വേണ്ടി ഈ ശ്രമം നടത്തിയോ ആ ആളുടെ പടമില്ല ഇവിടെ. അത് ശരിയല്ല. ചാച്ചാജിയുടെ ചിത്രം എന്തിയേ? എന്നായിരുന്നു ഒരു രക്ഷിതാവിന്റെ ചോദ്യം.

മോദിയുടെ പടമില്ലാതെയാണെങ്കില്‍ റാലി വേണ്ടെന്നായിരുന്നു കൗണ്‍സിലറുടെ വാദം. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബാനറില്‍ നെഹ്‌റുവിന്റെ ചിത്രം ഒട്ടിച്ചു വെച്ചു. എന്നാല്‍ കൗണ്‍സിലര്‍ ഈ ചിത്രം തട്ടിക്കളഞ്ഞെന്ന് സുപ്രഭാതം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

റാലി നടത്താന്‍ അനുവദിക്കില്ലെന്ന് കൗണ്‍സിലര്‍ പ്രഖ്യാപിച്ചെങ്കിലും രക്ഷിതാക്കള്‍ നെഹ്‌റുവിന്റെ ചിത്രം ബാനറില്‍ ഉള്‍പ്പെടുത്തി പ്രകടനം നടത്തുക തന്നെ ചെയ്യുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ