ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം 48 മണിക്കൂര്‍ പിന്നിട്ടിട്ടും ഇതുവരെയും ഫലം കണ്ടില്ല.
കുഴല്‍ക്കിണറിന് ഒരു മീറ്റര്‍ അകലെ സമാന്തരമായി കുഴിയെടുത്ത് കുഞ്ഞിനെ രക്ഷിക്കാനാണ് നിലവില്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിനായി അത്യാധുനിക യന്ത്രം നാഗപട്ടണത്തു നിന്നും സ്ഥലത്ത് എത്തിച്ചിരുന്നു. എന്നാല്‍ ഡ്രില്ലിങ് യന്ത്രം എത്തിച്ചിട്ടും പുതിയ കുഴിയെടുക്കല്‍ ദുര്‍ഘടമാണെന്നാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച രാവിലെയാണ് കുഴിയെടുക്കല്‍ ആരംഭിച്ചത്. എന്നാല്‍ വെകുന്നേരം വരെ കുഴിച്ചിട്ടും മുപ്പതടിയോളം മാത്രമേ കുഴിക്കാന്‍ സാധിച്ചിട്ടുള്ളു. കട്ടിയേറിയ പാറയായതിനാല്‍ അത് കുഴിക്കുന്നത് വലിയ വെല്ലു വിളിയാണെന്ന് അധികൃതര്‍ പറയുന്നത്.
നൂറടി താഴ്ചയിലാണ് കുട്ടി ഇപ്പോഴുള്ളത്. അതില്‍ കൂടുതല്‍ താഴ്ചയിലേക്ക് പോവാതിരിക്കാനാണ് വളരെ പതുക്കെ സമാന്തരമായി തന്നെ കുഴിയെടുക്കുന്നതെന്നും മന്ത്രി വിജയ ഭാസ്‌കര്‍ പറഞ്ഞു.
സമാന്തരമായി കുഴിയെടുക്കുമ്പോള്‍ അത് കുട്ടിയെ ബാധിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കുന്നുണ്ടെന്നും നേരിയ വിള്ളലുകള്‍ പോലും കുട്ടിയെ ദോഷമായി ബാധിക്കുമെന്നും അതുകൊണ്ടാണ് കുഴിയെടുക്കുന്നത് വൈകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു മീറ്റര്‍ വ്യാസമുള്ള കുഴിയാണ് സമാന്തരമായി നിര്‍മിക്കുന്നത്. കുട്ടിയിരിക്കുന്ന ആഴം വരെ കുഴിച്ച് കുഴിയിലേക്ക് തിരശ്ചീനമായി പാതയുണ്ടാക്കി കുട്ടിയെ രക്ഷിക്കാനാണ് ഇവരുടെ ശ്രമം. കുഴിയിലിറങ്ങാന്‍ തയ്യാറായി ദിലീപ് കുമാര്‍, കണ്ണദാസന്‍, മണികണ്ഠന്‍ തുടങ്ങിയ അഗ്നി ശമന സേനാംഗങ്ങള്‍ മുന്നോട്ടു വന്നിട്ടുണ്ട്.
കുഴല്‍ വഴിയാണ് കുട്ടിയ്ക്ക് ഓക്‌സിജന്‍ എത്തിക്കുന്നത്. ആദ്യം 26 അടിയോളം താഴ്ചയിലായിരുന്ന കുട്ടി പിന്നീട് കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ശനിയാഴ്ചയാണ് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് പോയത്. ഒ.എന്‍.ജി.സി എല്‍ ആന്‍ഡ് ടി, നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍, തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാ പ്രവര്‍ത്തനത്തിലുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മന്ത്രിമാരും ചീഫ് സെക്രട്ടറിയും അപകടസ്ഥലത്ത് ക്യാംപ് ചെയ്താണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.