[]ഇടുക്കി: ഇടുക്കി കുമളിയില്‍ അച്ഛന്റേയും രണ്ടാനമ്മയുടേയും ക്രൂരമര്‍ദ്ദനത്തിനിരയായി ആശുപത്രിയില്‍ കഴിയുന്ന അഞ്ച് വയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു.
കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം 75 ശതമാനം തകരാറിലാണ്. ഇന്നലെ രാത്രി കുട്ടിക്ക് അഞ്ച് തവണ അപസ്മാരം വന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. []
ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം എത്തിയതിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം കുട്ടിയുടെ മാതാപിതാക്കളെ ഇന്ന് 3 മണിക്ക് പീരുമേട് കോടതിയില്‍ ഹാജരാക്കും.
കുട്ടിക്ക് ഏറ്റവും കൂടുതല്‍ മര്‍ദ്ദനമേറ്റത് പിതാവില്‍ നിന്നാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു.
കുട്ടിയെ ദിവസങ്ങളോളം പട്ടിണിക്കിട്ടു കൊണ്ട് ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുറിയില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയതിന് കുട്ടിയുടെ നെഞ്ചില്‍ ചവിട്ടിയെന്നും പിതാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം 2 വര്‍ഷം മുന്‍പേ കുട്ടി ക്രൂരമര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായതായി ഡോക്ടര്‍ അറിയിച്ചു.
2 വര്‍ഷം മുന്‍പേ കുട്ടിക്ക് അടിയേറ്റ പാടുകള്‍, കാല് തല്ലിയൊടിച്ച പാടുകള്‍, പൊള്ളിച്ച പാടുകള്‍ എല്ലാം കുട്ടിയുടെ ശരീരത്തില്‍ കാണാം. കുട്ടിയുടെ തലക്കേറ്റ മാരകമായ ക്ഷതം 72 മണിക്കൂറിനുള്ളില്‍ സംഭവിച്ചതാണ്.
എന്നാല്‍ 24 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ആശുപത്രയില്‍ എത്തിച്ചത് തലച്ചോറില്‍ ഇത്രയും സമയം തലച്ചോറില്‍ ഓക്‌സിജന്‍ കിട്ടാത്ത അവസ്ഥയുണ്ടായെന്നും കുട്ടി രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്നും ഡോക്ടര്‍മാര്‍ അറിയിക്കുന്നു.
ശരീരമാസകലം പൊള്ളലും മര്‍ദ്ദനവുമേറ്റ പാടുകളുമായി ഇന്നലെയാണ് കുട്ടിയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ അച്ഛനും രണ്ടാനമ്മയും തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്.
ആശുപത്രിയില്‍ എത്തുന്ന സമയത്ത് കുട്ടിക്ക് പകുതി ബോധം മാത്രമേ ഉണ്ടായിരുന്നുള്ളു. ചെറിയൊരു അപകടം പറ്റിയതാണെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്.
എന്നാല്‍ ഇതില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി കുട്ടിയില്‍ നിന്നും മൊഴിയെടുക്കാന്‍ ശ്രമിച്ചു. അര്‍ധ ബോധാവസ്ഥയിലായിരുന്ന കുട്ടി തന്നെയാണ് മാതാപിതാക്കള്‍ക്കെതിരെ മൊഴി കൊടുത്തത്.
തുടര്‍ന്ന് പോലീസ് ഷെരീഫിനേയും ഭാര്യ അനീഷയേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഐസ്‌ക്രീംവില്പന നടത്തുന്ന ചെങ്കര പുത്തന്‍പുരയ്ക്കല്‍ ഷെരീഫിന്റെ ആദ്യ ഭാര്യയിലുള്ള രണ്ട് കുട്ടികളില്‍ ഇളയവനാണ് ഷെഫീക്.
മൂത്തയാള്‍ ഷെഫിന്‍(7). ആദ്യഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് ഷെരീഫ് ഒരു കുട്ടിയുടെ അമ്മയായ അനീഷയെ വിവാഹം കഴിക്കുകയായിരുന്നു.
എന്നാല്‍ ആദ്യമൊന്നും വലിയ പ്രശ്‌നങ്ങളിലാതെയാണ് കുടുംബം മുന്നോട്ട് പോയത്. എന്നാല്‍ ഷെരീഫിനും അനീഷയ്ക്കും ഒരു കുട്ടി പിറന്നതോടെയാണ് ആദ്യഭാര്യയിലുള്ള കുട്ടിയെ ഇവര്‍ ഉപദ്രവിക്കാന്‍ തുടങ്ങിയത്.
ഒരാഴ്ച മുമ്പ് തലയ്ക്ക് പരിക്കേറ്റ കുട്ടിയുമായി ഇവര്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. കുട്ടി കുളിമുറിയില്‍ തെന്നിവീണതാണെന്നായിരുന്നു അന്ന് ഇവര്‍ ഡോക്ടറോട് പറഞ്ഞത്.
എന്നാല്‍ കുട്ടിയുടെ ആരോഗ്യനില വഷളായതോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ അരയ്ക്കുതാഴേക്ക് പലയിടത്തും കുത്തിമുറിവേല്പിച്ചതായി കണ്ടിരുന്നു.