തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരായായ ഏഴ് വയസുകാരന്‍ മരിച്ചിട്ട് അധികമായില്ല. തലച്ചോറില്‍ ഉള്‍പ്പെടെ ഗുരുതര പരിക്കേറ്റ ആ ഏഴുവയസുകാരനെ വെന്റിലേറ്ററിന്റെ സഹായത്തോടെ പത്തു ദിവസത്തോളം ജീവന്‍ നിലനിര്‍ത്താനായെങ്കിലും ഒടുവില്‍ മരണപ്പെടുകയായിരുന്നു. മൂന്നുവയസുകാരന്‍ സഹോദരന്‍ കിടക്കയില്‍ മൂത്രം ഒഴിച്ചത് ശ്രദ്ധിച്ചില്ലെന്ന കാരണം പറഞ്ഞായിരുന്നു സ്വന്തം വീട്ടില്‍ വെച്ച് അതിക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കി ആ ഏഴുവയസുകാരനെ കൊലപ്പെടുത്തിയത്.
അതിന്റെ നെടുക്കം മാറും മുമ്പേ ഇതാ വീണ്ടും ഒരു കുഞ്ഞിനെ കൂടി കൊലപ്പെടുത്തിയിരിക്കുകയാണ്. അനുസരണക്കേട് കാട്ടിയെന്നാപോരിപിച്ചാണ് ആലുവയില്‍ മൂന്ന് വയസ് മാത്രം പ്രായമുള്ള കുട്ടിയെ സ്വന്തം അമ്മ തന്നെ കൊലപ്പെടുത്തിയത്. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നുവെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.
കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമത്തിനെതിരെ ശക്തമായ നിയമങ്ങളുള്ള ഒരു സംസ്ഥാനത്താണ് കുട്ടികള്‍ സ്വന്തം വീടിനുള്ളില്‍ നിരന്തരം അതിക്രമത്തിനിരയാവുകയും കൊല്ലപ്പെടുകയും വരെ ചെയ്യുന്നത്. സംസ്ഥാനത്തെ 11,72,433 കുടുംബങ്ങളില്‍ കുട്ടികള്‍ക്കു സുരക്ഷയില്ലെന്നും അവര്‍ക്കു നേരെ വിവിധ അതിക്രമങ്ങള്‍ക്കു സാധ്യതയുണ്ടെന്നുമാണ് സാമൂഹികനീതി വകുപ്പ് നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. അംഗനവാടി ജീവനക്കാര്‍ വീടുതോറും നടത്തുന്ന വാര്‍ഷിക സര്‍വേയുടെ ഭാഗമായാണു വിവരങ്ങള്‍ ശേഖരിച്ചത്.
6 വര്‍ഷം മുന്‍പ്, ഇടുക്കിയില്‍ അച്ഛന്റെയും വളര്‍ത്തമ്മയുടെയും ക്രൂരമര്‍ദനത്തിനു 10 വയസ്സുകാരന്‍ ഇരയായതിനെ തുടര്‍ന്നു സര്‍ക്കാര്‍ നിയമിച്ച ഷഫീക് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ അധികരിച്ച് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. കുട്ടികള്‍ക്കു നേരെ അതിക്രമങ്ങള്‍ക്കു സാധ്യതയുള്ള ഏറ്റവുമധികം കുടുംബങ്ങളില്‍ ഒന്നാമത് തിരുവനന്തപുരവും രണ്ടാമത് എറണാകുളമാണ്.
വളര്‍ത്തുമാതാപിതാക്കള്‍, മനോദൗര്‍ബല്യമുള്ളവര്‍ അല്ലെങ്കില്‍ മദ്യപരായ മാതാപിതാക്കള്‍ എന്നിവരുള്ള കുടുംബങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലമുള്ള മാതാപിതാക്കളോ സഹോദരങ്ങളോ ഉള്ള കുടുംബങ്ങള്‍, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണു കൂടുതല്‍ അരക്ഷിതാവസ്ഥ. അച്ഛനോ അമ്മയോ മരണപ്പെട്ടവരും വിവാഹമോചിതരായ മാതാപിതാക്കളില്‍ ഒരാളോടൊപ്പമുള്ള കുട്ടികളും മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഇത്തരം വിഭാഗങ്ങളിലെല്ലാം തിരുവനന്തപുരം തന്നെയാണു മുന്നില്‍. മദ്യപരായ മാതാപിതാക്കളുള്ള 94,685 കുടുംബങ്ങളാണു സംസ്ഥാനത്തുള്ളത്.
കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ദ്ധിച്ചതായി കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു. കൊലപാതകം- രണ്ട്, ലൈഗീകാതിക്രമം- 272, തട്ടിക്കൊണ്ടുപോകല്‍ – 41, ആത്മഹത്യക്ക് പ്രേരിപ്പിക്കല്‍ – മൂന്ന്, ഉപേക്ഷിക്കല്‍ – ഒന്ന്, ശൈശവവിവാഹം – ഏഴ്, മറ്റ് അതിക്രമങ്ങള്‍ – 575 എന്നിങ്ങനെ 2018 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 921 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കുട്ടികള്‍ക്ക് നേരെയുള്ള അതിക്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറയുന്നത്. കുടുംബത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് പലപ്പോഴും ക്രൂര മര്‍ദ്ദനത്തിനരയാകുന്നത്. കുട്ടികള്‍ക്ക് നേരെയുള്ള എല്ലാവിധ അതിക്രമങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ സര്‍ക്കാര്‍ തണല്‍ പദ്ധതി ആവിഷ്‌ക്കരിച്ചത്. 1517 എന്ന ഫോണ്‍ നമ്പരില്‍ കുട്ടികള്‍ക്ക് നേരെയുള്ള എല്ലാത്തരം അതിക്രമങ്ങളും വിളിച്ചറിയിക്കാവുന്നതാണെന്നും ശൈല പറഞ്ഞു. ബന്ധുക്കളും അയല്‍ വീട്ടുകാരും ഇത് ശ്രദ്ധിക്കേണ്ടതാണ്. കുട്ടികള്‍ക്ക് നേരെ എന്തെങ്കിലും അതിക്രമം കണ്ടാല്‍ ഈ നമ്പരില്‍ വിളിച്ച് അറിയിക്കണമെന്നും ഇനിയൊരു കുട്ടിയും ദുരിതം അനുഭവിക്കാതിരിക്കാന്‍ നമുക്കൊന്നിക്കാമെന്നും ശൈലജ പറഞ്ഞു.
കുട്ടികള്‍ക്ക് നേരെ വീടിനകത്തു നിന്നു തന്നെ അതിക്രമങ്ങള്‍ ഉണ്ടാകുന്നുവെന്നത് ഗൗരവമായി കാണേണ്ടതും അതിന് ഏറ്റവും വേഗത്തില്‍ പരിഹാരം കാണേണ്ടതുമാണെന്ന് ശിശു ക്ഷേമ അധ്യക്ഷനും മാഹി ജനറല്‍ ആശുപത്രിയിലെ ഡോക്ടറുമായ മുരളീധരന്‍ പറയുന്നു. കുട്ടികള്‍ക്ക് മേലുള്ള അവകാശങ്ങളില്‍ അവബോധമില്ലാത്തതും സാമൂഹികമായ കാഴ്ച്ചപ്പാടില്ലാത്തതുമാണ് കുട്ടികളെ അക്രമത്തിനിരയാക്കാന്‍ പ്രേരിപ്പിക്കുന്നത്. ഡെന്മാര്‍ക്ക് നോര്‍വേ സ്വീഡന്‍ പോലുള്ള രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് നേര അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ നിയമങ്ങളും അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്ന ക്രിയാത്മകമായ സംവിധാനങ്ങളുമുണ്ട്. ഒപ്പം ഉന്നത ജീവിത നിലവാരം വെച്ച് പുലര്‍ത്തുന്ന മികച്ച സാമൂഹിക ചുറ്റുപാടുമുണ്ട്. സംസ്ഥാനത്ത് നിലവില്‍ കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ശിശു ക്ഷേമ വകുപ്പും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും കുട്ടികള്‍ക്ക് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ബോധവല്‍ക്കരണത്തിലൂടെയും നിയമവാഴ്ച്ചയിലൂടെയും ഇത്തരം കുറ്റ കൃത്യങ്ങള്‍ ഇല്ലാതാവും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഡോ.മുരളീധരന്‍ പറഞ്ഞു.