കോഴിക്കോട് ഏഴു വയസുകാരി പൊളളലേറ്റു മരിച്ചു; രണ്ടാനമ്മയുടെ ക്രൂരപീഡനമെന്ന് ആരോപണം
Kerala
കോഴിക്കോട് ഏഴു വയസുകാരി പൊളളലേറ്റു മരിച്ചു; രണ്ടാനമ്മയുടെ ക്രൂരപീഡനമെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th April 2013, 2:46 pm

കോഴിക്കോട്: കോഴിക്കോട് ബിലാത്തികുളത്ത് ഏഴ് വയസുകാരി പൊള്ളലേറ്റ് മരിച്ചു. ബിലാത്തികുളം ഹൗസിംഗ് കോളനിയില്‍ താമസിക്കുന്ന സുബ്രഹ്മണ്യം നമ്പൂതിരിയുടെ ആദ്യഭാര്യയിലെ മകള്‍ അതിഥിയാണ് മരിച്ചത്. []

രണ്ടാനമ്മയായ വേദികയുടെ മര്‍ദ്ദനമേറ്റാണ് കുട്ടി മരിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതിന് മുന്‍പും ഇവര്‍ കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നതായും നാട്ടുകാര്‍ അറിയിച്ചു.

മര്‍ദ്ദനത്തെതുടര്‍ന്ന് രണ്ടാനമ്മ പൊള്ളലേല്‍പ്പിച്ചതാണെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയതോടെയാണ് കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

ഇന്ന് പുലര്‍ച്ചെയാണ് അരയ്ക്ക് കീഴ്‌പ്പോട്ട് പൊള്ളലേറ്റ നിലയില്‍ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍മാരുടെ പരിശോധനയില്‍ വ്യക്തമായി. ഇതേത്തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

മാരകമായി പൊള്ളലേറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദ്ദനത്തോടൊപ്പം സാരമായി പൊള്ളലേറ്റതും കുട്ടിയുടെ ജീവനപഹരിക്കാന്‍ ഇടയാക്കിയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മൂത്ത കുട്ടിയെ സുബ്രഹ്മണ്യം നമ്പൂതിരിയുടെ ബന്ധുക്കളെത്തി കൂട്ടികൊണ്ടുപോയി. നടക്കാവ് പോലീസ് സ്ഥലത്തെത്തി സുബ്രഹ്മണ്യം നമ്പൂതിരിയേയും ഭാര്യയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബിലാത്തികുളം ശിവക്ഷേത്രത്തിലെ പൂജാരിയാണ് സുബ്രഹ്മണ്യം നമ്പൂതിരി. ആദ്യഭാര്യയുമായുള്ള ബന്ധത്തില്‍ ഇയാള്‍ക്ക് രണ്ട് കുട്ടികളുണ്ട്. മൂത്ത ആണ്‍കുട്ടി നാലാം ക്ലാസിലാണ് പഠിക്കുന്നത്. രണ്ടാമത്തെ കുട്ടിയാണ് അതിഥി.

തിരുവമ്പാടി സ്വദേശിയാണ് സുബ്രഹ്മണ്യം നമ്പൂതിരി. ഭാര്യമരിച്ച ശേഷമാണ് രണ്ട് കുട്ടികളുടെ അമ്മയായ വേദികയെ ഇയാള്‍ വിവാഹം കഴിച്ചത്.

വീട്ടിനുള്ളിലും പുറത്തും വച്ച് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട നാട്ടുകാര്‍ ഇതിനെതിരെ പ്രതികരിക്കാന്‍ തുടങ്ങിയതോടെ വീടിന്റെ പരിസരം ചുറ്റും മറച്ചിരുന്നു. പുറത്തു നിന്ന് ആരും കാണാതായതോടെ മര്‍ദ്ദനവും ക്രൂരമായിരുന്നു.

വെസ്റ്റ്ഹില്‍ ബി.ഇ.എം സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ മര്‍ദ്ദനമേറ്റ പാടുകള്‍ കാണപ്പെടുമ്പോള്‍ അധ്യാപകര്‍ അന്വേഷിക്കാറുണ്ടായിരുന്നു. എന്നാല്‍ കളിയ്ക്കിടയില്‍ പരിക്കേറ്റതാണെന്ന് പറഞ്ഞ് കുട്ടി ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് അധ്യാപകര്‍ പറയുന്നു.