| Thursday, 25th November 2021, 3:58 pm

കുട്ടിയെ കടത്തിയ സംഭവം; അനുപമയുടെ അച്ഛന് മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്ന് കോടതി; ജയചന്ദ്രന്റേത് സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കുട്ടിയെ കടത്തിയ കേസില്‍ അനുപമയുടെ പിതാവ് പി.എസ്.ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്ന് കോടതി.

പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ജയചന്ദ്രന്റെ മേല്‍ സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളെ ഉള്ളുവെന്ന് കോടതി നിരീക്ഷിച്ചു.

അനുപമയുടെ അച്ഛനും അമ്മയുമുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങളായിരുന്നു പൊലീസ് ചുമത്തിയിരുന്നത്.

എന്നാല്‍ ജയചന്ദ്രന്റെ ജാമ്യ ഹരജി കോടതിയിലെത്തിയപ്പോഴാണ് സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിലുള്ളതെന്ന് കണ്ടെത്തിയത്.

നിര്‍ബന്ധപൂര്‍വം കുഞ്ഞിനെ എടുത്തുമാറ്റിയെന്നാരോപിച്ചാണ് അനുപമ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയിരുന്നത്. പരാതിയില്‍ അനുപമയുടെ അച്ഛന്‍ പി.എസ്. ജയചന്ദ്രന്‍, അമ്മ സ്മിത ജെയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്റെ ഭര്‍ത്താവ് അരുണ്‍, പി.എസ്. ജയചന്ദ്രന്റെ സുഹൃത്തുക്കളായ രമേശന്‍, മുന്‍ കൗണ്‍സിലര്‍ അനില്‍ കുമാര്‍ എന്നിവരെയായിരുന്നു പ്രതി ചേര്‍ത്തിരുന്നത്.

ജയചന്ദ്രനെ ഒഴിച്ച് ബാക്കി എല്ലാവര്‍ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതേസമയം, രണ്ട് ദിവസം മുമ്പ് കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രാ ദമ്പതികളില്‍ നിന്നും കുട്ടിയെ നാട്ടിലെത്തിച്ച് ഡി.എന്‍.എ പരിശോധന നടത്തിയിരുന്നു.

അനുപമയുടേയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡി.എന്‍.എ പരിശോധനാ ഫലം പോസിറ്റീവായതോടെ കുഞ്ഞിനെ അനുപമക്ക് കൈമാറുകയായിരുന്നു.

ഒക്ടോബര്‍ 14 നാണ് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ ശിശുക്ഷേമ സമിതിയും പ്രതിക്കൂട്ടിലായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Child abduction incident; Anupama’s father does not need anticipatory bail

We use cookies to give you the best possible experience. Learn more